SignIn
Kerala Kaumudi Online
Friday, 23 October 2026 2.16 PM IST

കേരള ഹൗസ് കൂടിക്കാഴ്ച പുതിയ രാഷ്ട്രീയ അദ്ധ്യായം

d

ന്യൂഡൽഹി: മൂന്നാം ഊഴം ഉന്നമിട്ട് ഇടതുമുന്നണി രാഷ്ട്രീയ നീക്കങ്ങളും ഭരണതല ചലനങ്ങളും ശക്തമാക്കുന്നതിനിടെ നടന്ന കേരള ഹൗസ് കൂടിക്കാഴ്ച സംസ്ഥാന രാഷ്ട്രീയത്തിലെ പുതിയ ഏടായി. മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈയെടുത്ത്,ഗവ‌ർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിന്റെ ആശീർവാദത്തോടെ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനുമായി നടന്ന കൂടിക്കാഴ്ച തിരഞ്ഞെടുപ്പ് മുൻകൂട്ടി കണ്ടാണെന്ന് വ്യക്തം. കേന്ദ്രമന്ത്രിമാരെ അങ്ങോട്ടു പോയി കാണുകയെന്ന പതിവിന് വിരുദ്ധമായി ധനമന്ത്രിയെ പ്രഭാത ഭക്ഷണത്തിന് കേരള ഹൗസിലേക്ക് ക്ഷണിച്ച് ഗവർണറും കൂടി ഇരുന്ന് ചർച്ച നടത്തുകയെന്ന അസാധാരണ നീക്കമാണുണ്ടായത്.

എൽ.ഡി.എഫ് സർക്കാരിനെ നിരന്തരം പ്രതിസന്ധിയിലാക്കിയിരുന്ന ആരിഫ് മുഹമ്മദ് ഖാൻ മാറി ആർ.എസ്.എസ് പശ്ചാത്തലമുള്ള ആർലേക്കർ എത്തിയപ്പോൾ ആകാംക്ഷ ഉയർന്നിരുന്നു. അടിക്കടി തിരിച്ചടിയെന്ന ലൈലല്ല പക്ഷേ ആർലേക്കർ സ്വീകരിച്ചത്. ജനുവരി 2ന് ആർലേക്കർ ഗവർണറായി സത്യപ്രതിജ്ഞ ചെയ്‌തപ്പോൾ തന്നെ സർക്കാരുമായി സഹകരിച്ചു പോകാനാണ് താത്പര്യമെന്ന ശരീരഭാഷ പ്രകടമായി. ജനുവരി 22ന് മുഖ്യമന്ത്രി പിണറായിയും ഭാര്യ കമല വിജയനും രാജ്ഭവനിലെത്തി കണ്ടപ്പോഴും നല്ലനിലയിലുള്ള സ്വീകരണമാണ് ആർലേക്കറിൽ നിന്നുണ്ടായത്. മൂന്നാം തവണ, ഫെബ്രുവരി 24നും മുഖ്യമന്ത്രി രാജ്ഭവനിലെത്തി കണ്ടത് സർക്കാരും ഗവർണറും തമ്മിലുള്ള നല്ല ബന്ധം വിളിച്ചോതുന്നതായി. ഇതിനിടെയാണ് ഡൽഹി കേരളഹൗസിലെ ചർച്ചയിലും ഗവർണർ ഭാഗമായത്.

കോൺഗ്രസ്

മെച്ചമുണ്ടാക്കരുത്

കേന്ദ്രവും സംസ്ഥാനവും തമ്മിലടി തുടരുന്നത് സംസ്ഥാനത്തെ വികസന പദ്ധതികൾക്ക് ഉൾപ്പെടെ തിരിച്ചടിയാണ്. എപ്പോഴും കേന്ദ്രത്തെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്ന ഡൽഹിയിലെ ആംആദ്മി സർക്കാരിന്റെ വീഴ്ച പ്രതിപക്ഷ പാർട്ടികൾക്ക് വലിയ പാഠമായിരുന്നു. സംസ്ഥാന സർക്കാരും കേന്ദ്രവും തമ്മിലടിച്ചാൽ അതിന്റെ മെച്ചം കിട്ടുക കോൺഗ്രസിനാണെന്ന തിരിച്ചറിവ് അനുര‌ജ്ഞനത്തിന്റെ പുതിയ പാത തുറന്നിരിക്കുകയാണ്. കോൺഗ്രസ് കേരളത്തിൽ വീണ്ടും ഭരണം പിടിക്കുന്ന സാഹചര്യം ഒഴിവാകണമെന്നത് സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും പൊതു ആവശ്യവും.

സ്വപ്‌ന പദ്ധതി

വരുമോ?​

കേരളത്തിന്റെ സാഹചര്യത്തിന് യോജിച്ച സെമി ഹൈസ്‌പീഡ് ലൈൻ പദ്ധതിക്ക് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് തറക്കല്ലിടാൻ കഴിയുമോ?​ മെട്രോമാൻ ഇ.ശ്രീധരൻ മുഖ്യമന്ത്രിക്ക് മുന്നിൽ വച്ച ആശയമാണിത്. പദ്ധതിക്ക് കേന്ദ്രാനുമതി നേടിയെടുക്കാനുള്ള പരിശ്രമത്തിന്റെ ഭാഗം കൂടിയായിരുന്നു കേരള ഹൗസ് കൂടിക്കാഴ്ച.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA