SignIn
Kerala Kaumudi Online
Friday, 23 October 2026 4.42 PM IST

കേന്ദ്ര സർക്കാർ നിയന്ത്രണം നീങ്ങുന്നു: തുറമുഖ ചരക്ക് നീക്കത്തിന് വിപണി നിയന്ത്രിത നിരക്ക്

d

കൊച്ചി: പ്രധാന തുറമുഖങ്ങളിലെ കാർഗോ, കണ്ടെയ്‌നർ നീക്കത്തിനുള്ള നിരക്ക് നിർണയത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറും. തുറമുഖ അതോറിട്ടികളും നടത്തിപ്പ് ചുമതലയുള്ള സ്വകാര്യ കമ്പനികളും ചേർന്ന് രൂപീകരിക്കുന്ന ബോർഡാകും ഇനി തീരുമാനമെടുക്കുക. ഇതോടെ പെട്രോളിയം, വ്യോമഗതാഗത മേഖലയിലേതിന് സമാനമായ വിപണി നിയന്ത്രിത നിരക്ക് നിർണയം നിലവിൽ വരും.

കരട് മാർഗരേഖ കേന്ദ്ര തുറമുഖ, ഷിപ്പിംഗ് മന്ത്രാലയം പുറത്തിറക്കി. വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾക്കടക്കം ഇത് ബാധകമാകും. ഇതോടെ ചരക്കുനീക്കത്തിലും മത്സരം മുറുകും. ഇതോടെ സേവനനിരക്ക് കുറയുമെന്നാണ് വിലയിരുത്തൽ.

കേന്ദ്ര സ്ഥാപനമായ താരിഫ് അതോറിട്ടി ഒഫ് മേജർ പോർട്ട്സാണ് നിലവിൽ നിരക്ക് നിശ്ചയിക്കുന്നത്. ഇത് കൂടുതലാണെന്ന് ഉപയോക്താക്കൾക്കും കയറ്റുമതിക്കാർക്കും പരാതിയുണ്ട്. സംസ്ഥാന നിയന്ത്രണത്തിലുള്ള തുറമുഖങ്ങളിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ വലിയ അന്തരവുമുണ്ട്.

ചെറുതുറമുഖങ്ങൾ കപ്പൽ ചരക്കുനീക്കത്തിന്റെ 45 ശതമാനവും കൈകാര്യം ചെയ്യുന്നത്. ഇതേത്തുടർന്നാണ് വലിയ തുറമുഖങ്ങളെ കൂടുതൽ പ്രൊഫഷണലാക്കാനും സ്വയംഭരണം നൽകാനുമാണ് നടപടി. അതേസമയം കമ്പനികൾ തുറമുഖ അതോറിട്ടികൾക്ക് നൽകേണ്ട റോയൽറ്റി കരാർ പ്രകാരം തന്നെ നൽകണം.

അന്തിമ വിജ്ഞാപനം വരുന്നതോടെ നിരക്ക് നി‌ർണയവ്യവസ്ഥകൾ പ്രാബല്യത്തിലാകും. 1963ലെ മേജർ പോർട്ട് ട്രസ്റ്റ്സ് ആക്ട് ഇല്ലാതാവുകയും ചെയ്യും.

നിർണയിക്കേണ്ടത്

 കപ്പൽ അനുബന്ധ നിരക്കുകൾ/ബെർത്ത് വാടക

 കാർഗോ / കണ്ടെയ്‌നർ കൈകാര്യ നിരക്ക്

 ചരക്ക് സൂക്ഷിക്കൽ നിരക്ക്

 ഇന്ത്യയിലെ വലിയ തുറമുഖങ്ങൾ-14

 മൈനർ/നോൺ മേജർ പോർട്ടുകൾ-200

നിലവിൽ താരിഫ് അതോറിട്ടി നിശ്ചയിക്കുന്ന പരമാവധി നിരക്ക് ഇളവില്ലാതെ ഈടാക്കുകയാണ്. പുതിയ സംവിധാനത്തിലൂടെ ഇതിന് മാറ്റമുണ്ടാക്കും. ഉപയോക്താക്കളെ കേൾക്കാതെയാണ് നിരക്കു നിർണയിക്കുന്നതെങ്കിൽ ഉചിതമാകില്ല.

- പ്രകാശ് അയ്യർ (ചെയർമാൻ, കൊച്ചിൻ പോർട്ട് യൂസേഴ്സ് ഫോറം)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CONTAINER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA