
കൊച്ചി: കുട്ടികളുടെ നല്ല ഭാവിക്കായി ചെറിയശിക്ഷ നൽകിയാൽ ക്രിമിനൽ കേസുണ്ടാകുമെന്ന് ഭയന്നല്ല അദ്ധ്യാപകർ ജോലി ചെയ്യേണ്ടതെന്ന് ഹൈക്കോടതി. ആരെങ്കിലും പരാതി നൽകിയാൽ പൊലീസ് വെറുതെ കേസെടുക്കരുത്. സ്‌കൂളിൽ അച്ചടക്കം ഉറപ്പാക്കാൻ അദ്ധ്യാപകർ കൈയിൽ ചെറുചൂരൽ കരുതട്ടെയെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. ആറാംക്ലാസുകാരനെ ചൂരലിന് അടിച്ചെന്ന പരാതിയിൽ വിഴിഞ്ഞം പൊലീസ് രജിസ്റ്റർചെയ്ത കേസിൽ അദ്ധ്യാപകന് മുൻകൂർജാമ്യം അനുവദിച്ച ഉത്തരവിലാണ് നിരീക്ഷണം. ഡെമോക്ലീസിന്റെ വാളുപോലെ അദ്ധ്യാപകർക്ക് ഭയം ഉണ്ടാകരുത്. അവർ ചൂരൽ വെറുതെ കൈയിൽ കരുതുന്നതുപോലും കുട്ടികളിൽ വലിയ മാറ്റങ്ങളുണ്ടാക്കും. യുവതലമുറയുടെ സമീപനം ആശങ്കയുണ്ടാക്കുന്നതാണ്. ചിലരെങ്കിലും ലഹരിക്ക് അടിമകളാണ്. പണ്ട് ഇങ്ങനെയായിരുന്നില്ല. ഇന്ന് അദ്ധ്യാപകരെ ഭീഷണിപ്പെടുത്തിയതിന്റെയും മർദ്ദിച്ചതിന്റെയും വാർത്തകൾ പുറത്തുവരുമ്പോൾ അംഗീകരിക്കാനാവില്ല. പുതുതലമുറയുടെ ശില്പികളാണ് അദ്ധ്യാപകർ. അവർക്ക് സ്വാതന്ത്ര്യം വേണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |