
കടയ്ക്കൽ: ബംഗളൂരുവിൽ ബൈക്കിൽ ബസ് ഇടിച്ച് കടയ്ക്കൽ ഇട്ടിവ സ്വദേശികളായ രണ്ട് നഴ്സിംഗ് വിദ്യാർത്ഥികൾ മരിച്ചു. ബൈക്ക് യാത്രക്കാരായ ഇട്ടിവ കോട്ടുക്കൽ യു.പി സ്കൂളിന് സമീപം ദീപ മൻസിലിൽ ദിലീപിന്റെയും റസീന ബീവിയുടെയും മകൻ അൽത്താഫ് (19), മഞ്ഞപ്പാറ താഴേക്കര വീട്ടിൽ നസീറിന്റെയും സലീന ബീവിയുടെയും മകൻ മുഹമ്മദ് യാസിൻ (19) എന്നിവരാണ് മരിച്ചത്.
ഇവർക്കൊപ്പമുണ്ടായിരുന്ന മടത്തറ കൊല്ലായിൽ നൗഷാദ് മൻസിലിൽ നബീലിന് (19) സാരമായി പരിക്കേറ്റ് ബംഗളൂരു സിറ്റി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബംഗളൂരു ചിത്രദുർഗ എസ്.ജെ.എം നഴ്സിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളാണ് മൂവരും. ഞായറാഴ്ച പുലർച്ചെ ചിത്രദുർഗ ജെ.സി.ആർ ജംഗ്ഷന് സമീപമായിരുന്നു അപകടം. മൂന്നു പേരും റംസാൻ നോമ്പിലായിരുന്നു. ഇന്നലത്തെ നോമ്പ് ആരംഭിക്കുന്നതിന് മുമ്പായി താമസ സ്ഥലത്തു നിന്ന് അടുത്തുള്ള പള്ളിയിലേക്ക് ഇടയത്താഴം കഴിക്കാൻ പോകുമ്പോഴായിരുന്നു അപകടം. എതിരെ വന്ന കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. അൽത്താഫും മുഹമ്മദ് യാസിനും തത്ക്ഷണം മരിച്ചു.
സംഭവത്തെ തുടർന്ന് വിദ്യാർത്ഥികളുടെ ബന്ധുക്കൾ ബംഗളൂരുവിലെത്തി. അൽത്താഫിന്റെയും മുഹമ്മദ് യാസിന്റെയും മൃതദേഹങ്ങൾ ഇന്ന് രാവിലെ നാട്ടിലെത്തിക്കും. നബീലിന്റെ ചികിത്സ അവിടെ തുടരും. അൽത്താഫിന്റെ പിതാവ് സൗദിയിലുള്ള ദിലീപ് തിങ്കളാഴ്ച നാട്ടിലെത്തും. സഹോദരി: അജിന. മുഹമ്മദ് യാസിന്റെ സഹോദരി: നബീസ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |