
എസ്.എസ്.എൽ.സി അവസാനപരീക്ഷയായ ബയോളജി പൊതുവേ എളുപ്പമായിരുന്നു. ഒരു സ്‌കോറിനുള്ള 1,2,3 എന്നിവ വളരെ എളുപ്പമുള്ളതായിരുന്നു. ഇഴപിരിയുന്ന ജനിതകരഹസ്യം എന്ന അദ്ധ്യായത്തെ അടിസ്ഥാനമാക്കി ആർ.എൻ.എ യുമായി ബന്ധപ്പെട്ട ആശയം ചിത്രങ്ങളുടെ സഹായത്താൽ ചോദിച്ചത് എല്ലാ കുട്ടികൾക്കും എളുപ്പത്തിലെഴുതാവുന്നതായി.
അകലെയും അടുത്തുമുള്ള വസ്തുക്കളെ കാണുമ്പോൾ, കണ്ണിലെ ഭാഗങ്ങൾക്കുണ്ടാകുന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ട നാലാമത്തെ ചോദ്യം ചിന്തിച്ചാലേ എഴുതാനാവൂ.
ഏഴ് മുതൽ 13 വരെ, രണ്ട് സ്‌കോറിന്റെ ചോദ്യങ്ങളിൽ അനുരൂപ അവയവങ്ങളുമായി ബന്ധപ്പെട്ട ചോദ്യം 08, മസ്തിഷ്‌കഭാഗങ്ങളും ധർമ്മങ്ങളുമായി ബന്ധപ്പെട്ട ചോദ്യം 13 എന്നിവ സ്ഥിരമായി വരുന്നവയായതിനാൽ ബുദ്ധിമുട്ടില്ലാത്തതായിരുന്നു. ജനിതകരോഗങ്ങളുമായി ബന്ധപ്പെട്ട ചോദ്യം 07 പതിവ് പാറ്റേണിൽനിന്ന് വ്യത്യസ്തമായതിനാൽ നന്നായി ഗ്രഹിക്കുന്നവർക്കേ എഴുതാനാവൂ. ചോദ്യം ഒമ്പതിന്റെ എ ഭാഗം യോജകകലയാണെന്ന് കുട്ടികൾ പെട്ടെന്ന് തിരിച്ചറിയുമോ എന്ന് സംശയമുണ്ട്.
എയ്ഡ്സുമായി ബന്ധപ്പെട്ട ചോദ്യം 10 എല്ലാ കുട്ടികൾക്കും എഴുതാവുന്നതായിരുന്നു. 11,12 ചോദ്യങ്ങൾ ശരാശരിക്ക് മുകളിലുള്ള കുട്ടികൾക്കെഴുതാവുന്ന മാതൃകയിലുള്ളതായിരുന്നു.
ഇഴപിരിയുന്ന ജനിതകരഹസ്യം എന്ന അദ്ധ്യായത്തിലെ ഏകസങ്കര അനുപാതവുമായി ബന്ധപ്പെട്ട ചിത്രീകരണം വരയ്ക്കാനുള്ള ചോദ്യം മെച്ചപ്പെട്ട നിലവാരമുള്ള കുട്ടികൾക്കേ ശരിയായി എഴുതാനാവൂ. മോഡൽ പരീക്ഷയ്ക്ക് ചോദിച്ച കണ്ണിന്റെ ചിത്രം വരച്ച് ഭാഗങ്ങൾ അടയാളപ്പെടുത്താനുള്ള ചോദ്യം പൊതുപരീക്ഷയ്ക്കും ചോദിച്ചത് കുട്ടികൾക്ക് സ്‌കോർ ഉറപ്പാക്കി.
സമയബന്ധിതമായി എഴുതാനാവുന്ന ചോദ്യങ്ങളായിരുന്നു എല്ലാം എന്നതും കുട്ടികൾക്ക് ആശ്വാസം പകർന്നു.
തയാറാക്കിയത് :
നിസാർ അഹമ്മദ്.എം,
അദ്ധ്യാപകൻ
ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ
തോന്നയ്ക്കൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |