
ന്യൂഡൽഹി : വേനൽച്ചൂട് ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രതാനിർദ്ദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊടുംചൂടും ഉഷ്‌ണതരംഗവും നേരിടാൻ സജ്ജമാകാനും, ആരോഗ്യപരിപാലന സംവിധാനങ്ങൾ കാര്യക്ഷമതയോടെ പ്രവർത്തിക്കാനും ലക്ഷ്യമിട്ട് മാർഗരേഖ കൈമാറി.
പല സംസ്ഥാനങ്ങളിലും ഉഷ്‌ണതരംഗ സാദ്ധ്യത കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാനങ്ങൾക്കുള്ള ജാഗ്രതാ നിർദ്ദേശം. എല്ലാ ദിവസവും ഉയർന്ന താപനില സംബന്ധിച്ച വിവരവും, അടുത്ത മൂന്നു നാല് ദിവസങ്ങളിൽ ഉഷ്‌ണതരംഗത്തിന് സാദ്ധ്യതയുണ്ടോ തുടങ്ങിയ കാര്യങ്ങളും സംസ്ഥാനങ്ങളെ അറിയിക്കും. സംസ്ഥാന - ജില്ലാ - നഗര ആരോഗ്യസംവിധാനങ്ങൾ ഇവ നേരിടുന്നതിനുള്ള പദ്ധതികൾ നടപ്പാക്കണം. ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകണം. അവശ്യമരുന്നുകൾ, ഐസ് പാക്ക്, ഒ.ആർ.എസ് തുടങ്ങിയവ മതിയായ അളവിൽ കരുതണം. ആരോഗ്യകേന്ദ്രങ്ങളിൽ കുടിവെള്ളം ഉറപ്പാക്കണം. തീപിടിത്തമുണ്ടായാൽ നേരിടാൻ സംവിധാനമൊരുക്കണമെന്നും മാർഗരേഖയിൽ പറയുന്നു.
ജനങ്ങൾക്കുള്ള
മുന്നറിയിപ്പ്
1. ദാഹമില്ലെങ്കിലും ആവശ്യത്തിന് വെള്ളം കുടിക്കണം
2. പഴങ്ങളും പച്ചക്കറികളും കൂടുതൽ കഴിക്കണം
3. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക
4. നിർമ്മാണ തൊഴിലാളികൾ ഉൾപ്പെടെ നേരിട്ട് വെയിലേൽക്കുന്ന സാഹചര്യം ഒഴിവാക്കണം
5. ഉച്ചയ്‌ക്ക് 12നും മൂന്നിനും ഇടയ്‌ക്ക് പുറത്തിറങ്ങുന്നത് ഒഴിവാക്കണം
6. തൊഴിലാളികൾക്കായി സൈറ്റുകളിൽ താത്കാലിക ഷെൽട്ടറുകൾ ഒരുക്കണം
7. മദ്യം, ചായ, കോഫി, സോഫ്റ്റ് ഡ്രിംഗ്സ് വേണ്ട
8. ചൂട് കൂടുതലായി നിൽക്കുന്ന സമയങ്ങളിൽ പാചകം ചെയ്യരുത്
9. ഹൈ പ്രോട്ടീൻ ഭക്ഷണം ഒഴിവാക്കണം
10. മുതിർന്നവർ, ഗർഭിണികൾ, അസുഖബാധിതർ എന്നിവർ കൂടുതൽ ജാഗ്രത പുലർത്തണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |