SignIn
Kerala Kaumudi Online
Friday, 23 October 2026 4.36 PM IST

പണവും സ്റ്റോക്കുമില്ലാതെ സപ്ലൈകോ; വിഷു- ഈസ്റ്റർ വിപണന മേള അനിശ്ചിതത്വത്തിൽ

supplyco-

തിരുവനന്തപുരം: പണമില്ല,​ ഭക്ഷ്യവസ്തുക്കളുടെ സ്റ്റോക്ക് പരിമിതം. സപ്ലൈകോയുടെ വിഷു- ഈസ്റ്റർ വിപണന മേളകൾ നടത്തുന്നതിൽ അനിശ്ചിതത്വം. അരി ഉൾപ്പെടെയുള്ള സാധനങ്ങൾ വിതരണക്കാർ എത്തിച്ചെങ്കിലും വിഷു- ഈസ്റ്റർ ഫെയറിന് തികയില്ല. അടിയന്തരമായി 500 കോടി രൂപ ആവശ്യപ്പെട്ട് ഭക്ഷ്യവകുപ്പ് കത്ത് നൽകിയിട്ട് നാളേറെയായി. ഇതിനിടെ വിഷു- റംസാൻ- ഈസ്റ്റർ ഫെയറിനായി ധനവകുപ്പ് 100 കോടി അനുവദിച്ചു. ഈ ബലത്തിൽ കുടിശികയിനത്തിലുള്ള പണം നൽകാമെന്ന് പറഞ്ഞ് വിതരണക്കാരെ അനുനയിപ്പിച്ചാണ് സാധനങ്ങൾ എത്തിച്ചത്. എന്നാൽ നൂറു കോടി ഇതുവരെ സപ്ലൈകോയുടെ അക്കൗണ്ടിലെത്തിയിട്ടില്ല. പണമില്ലാതെ ഇനി സാധനം എത്തിക്കില്ലെന്ന നിലപാടിലാണ് വിതരണക്കാർ. 300 കോടിയിലധികം രൂപയാണ് വിതരണക്കാർക്ക് നൽകാനുള്ള കുടിശിക. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മാത്രമാണ് റംസാൻ ഫെയർ പ്രത്യേകമായി സംഘടിപ്പിക്കാനായത്. മറ്റ് ജില്ലകളിൽ ഔട്ട്ലെറ്റിൽ തന്നെ പ്രത്യേക വിപണി തുറക്കുകയായിരുന്നു. ഓണം കഴിഞ്ഞാൽ സപ്ലൈകോയ്ക്ക് വരുമാനം കൂടുതലുണ്ടാകുന്നത് വിഷു- ഈസ്റ്റർ സീസണിലാണ്. സബ്സിഡി നിരക്കിൽ സാധനങ്ങൾ ലഭിക്കുമെന്നതിനാൽ സാധാരണക്കാർക്ക് അനുഗ്രഹമാണ് ഫെയറുകൾ.

ബോർഡിൽ ഒതുക്കാം!

പണമില്ലെങ്കിൽ വിഷു- ഈസ്റ്റർ ഫെയർ എന്നൊരു ബോ‌‌ർഡ്,​ തിരഞ്ഞെടുത്ത മാവേലിസ്റ്റോറുകളിലും പീപ്പിൾസ് ബസാറിലുമൊക്കെ വച്ചാൽ മതിയെന്ന തീരുമാനത്തിലാണ് സപ്ലൈകോ. സാധനങ്ങളില്ല എന്നുമാത്രം. അനുവദിച്ച 100 കോടിക്കൊപ്പം സബ്സിഡി കുടിശികയിൽ ഒരു പങ്കുകൂടി കിട്ടിയാൽ വിഷുവിന് പ്രത്യേക മേളകൾ സംഘടിപ്പിക്കാൻ കഴിയുമെന്ന് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA