SignIn
Kerala Kaumudi Online
Friday, 23 October 2026 8.08 AM IST

സ്കൂൾ കുട്ടികളുടെ രക്ഷിതാവിനും ക്ളാസ്, പേരന്റിംഗ് പരിശീലനം ഈ അദ്ധ്യയനവർഷം

photo

തിരുവനന്തപുരം: കൗമാരക്കാരായ കുട്ടികളെ സൗഹൃദാന്തരീക്ഷത്തിൽ മികച്ച വ്യക്തിത്വത്തോടെ വളർത്താൻ രക്ഷിതാക്കൾക്ക് പരിശീലനവുമായി എസ്.സി.ഇ.ആർ.ടി. ഹൈസ്കൂൾ,​ ഹയർസെക്കൻഡറി ക്ളാസുകളിലെ കുട്ടികളുടെ രക്ഷിതാക്കൾക്കാണ് പേരന്റിംഗ് പരിശീലനം. പി.ടി.എകൾ വഴി ഈ അദ്ധ്യയനവർഷം തന്നെ നടപ്പാക്കും. കുട്ടികളുടെ ലഹരി ഉപയോഗം, ആത്മഹത്യാ പ്രവണത,​​ അക്രമവാസന, പഠന പിന്നാക്കാവസ്ഥ തുടങ്ങിയവ പരിഹരിക്കുകയാണ് ലക്ഷ്യം.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൈക്യാട്രിവിഭാഗം പ്രൊഫസർ ഡോ.അരുൺ ബി.നായർ അദ്ധ്യക്ഷനായി വിദ്യാഭ്യാസ,​ മനഃശാസ്ത്ര,​ നിയമ,​ ഡിജിറ്റൽ രംഗത്തെ വിദഗ്ദ്ധർ അടങ്ങുന്ന സമിതി ഇതിനായി രക്ഷാകർതൃബോധന മോഡ്യൂൾ തയ്യാറാക്കി.

കുട്ടികളെ ശാരീരികമായി ഉപദ്രവിക്കാതെ മനഃശാസ്ത്ര തത്വങ്ങളിലൂടെ ശിക്ഷണവും പ്രോത്സാഹനവും നൽകാൻ രക്ഷിതാക്കളെ പരിശീലിപ്പിക്കും. സ്വതന്ത്രമായി ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനും അഭിപ്രായങ്ങൾ പറയാനും കുട്ടികളെ പ്രാപ്തരാക്കാനുള്ള പരിശീലനവും നൽകും. അച്ചടക്കത്തിനൊപ്പം സ്നേഹവും സ്വാതന്ത്ര്യവും നൽകി കുട്ടികളെ വളർത്താനും

ആരോഗ്യകരമായ വ്യക്തിബന്ധങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാനും പരിശീലനം നൽകും.

മാനസികാരോഗ്യ,നിയമ-

സൈബർ സാക്ഷരത

1.കുട്ടി ലഹരി ഉപയോഗിക്കുന്നുണ്ടോയെന്ന് തിരിച്ചറിയാനും ലഹരി ഉപയോഗം മാനസിക നിലയിലുണ്ടാക്കുന്ന മാറ്റം തിരിച്ചറിയാനും പരിശീലനം

2.മാനസികാരോഗ്യ സാക്ഷരതയും പരിശീലനത്തിന്റെ ഭാഗം. കൗമാരപ്രായക്കാരിൽ കാണുന്ന മാനസിക,​ പെരുമാറ്റ, പഠനപ്രശ്നങ്ങളെ ആരംഭത്തിൽ തിരിച്ചറിയാനും, വീട്ടിൽവച്ച് ഇടപെടൽ നടത്താനും മെന്റൽ ഹെൽത്ത് ഫസ്റ്ര് എയ്ഡ് നൽകാനും രക്ഷിതാക്കളെ പ്രാപ്തരാക്കും

3.ഡിജിറ്റൽ ചതിക്കുഴികൾക്കെതിരെ ജാഗരൂഗരാകാൻ കുട്ടികളെ പ്രാപ്തരാക്കാൻ നിയമ- സൈബർ സാക്ഷരത

4.ജുവനൈൽ ജസ്റ്റിസ് നിയമം, പോക്സോ ആക്ട്,​ വിദ്യാഭ്യാസ അവകാശനിയമം എന്നിവയിലും രക്ഷിതാക്കൾക്ക് അറിവ് പകരും

''പുതുക്കിയ പാഠ്യപദ്ധതി പ്രകാരം പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറിതലം വരെയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്കായി കൈപ്പുസ്തകങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ഇതിനെ അടിസ്ഥാനമാക്കി പരിശീലനം നൽകാൻ പ്രത്യേകം പി.ടി.എ യോഗങ്ങൾ വിളിച്ചുചേർക്കും

-മന്ത്രി വി.ശിവൻകുട്ടി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA