SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.10 AM IST

ഭൂമി കിട്ടിയാലുടൻ നിർമ്മാണമെന്ന് റെയിൽവേ, ശബരിപാത ട്രാക്കിലേക്ക്, 3 ജില്ലകളിൽ ഭൂമിയെടുക്കും

rail
ശബരിറെയിൽ

തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരി റെയിലിന് എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ 305.72 ഹെക്ടർ ഭൂമി ഏറ്റെടുത്ത് റെയിൽവേക്ക് നൽകാൻ സർക്കാർ ഉത്തരവിറക്കി. പദ്ധതിച്ചെലവായ 3800.9 കോടിയുടെ പകുതിയായ 1900 കോടി കിഫ്ബി നൽകും. ഭൂമിയേറ്റെടുക്കാൻ 1361കോടി വേണ്ടിവരും. ഭൂമി കിട്ടിയാൽ ഉടൻ നിർമ്മാണം തുടങ്ങും.

എറണാകുളം, കോട്ടയം, ഇടുക്കി കളക്ടർമാർ കൈമാറിയ ഭൂമിയേറ്റെടുക്കൽ ശുപാർശ അംഗീകരിച്ച് ഗതാഗതവകുപ്പാണ് ഉത്തരവിറക്കിയത്. എറണാകുളത്ത് ആലുവ, കുന്നത്തുനാട്, കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലായി 152.05 ഹെക്ടർ, കോട്ടയത്ത് മീനച്ചൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലായി 119.89 ഹെക്ടർ, ഇടുക്കിയിൽ തൊടുപുഴ താലൂക്കിൽ 33.78 ഹെക്ടർ എന്നിങ്ങനെയാണ് ഏറ്റെടുക്കേണ്ടത്.

2013ൽ നിശ്ചയിച്ച അലൈൻമെന്റ് പ്രകാരമാവും ഭൂമിയേറ്റെടുക്കുക. അങ്കമാലി മുതൽ രാമപുരം വരെ കല്ലിട്ട് തിരിച്ചിട്ടുണ്ട്. അങ്കമാലി മുതൽ തൊടുപുഴ വരെ സാമൂഹ്യാഘാത പഠനവും പൂർത്തിയായിരുന്നു. എന്നാൽ പുതിയ വിജ്ഞാപനപ്രകാരം ഭൂമിയേറ്റെടുക്കാൻ സാമൂഹ്യാഘാതപഠനം വീണ്ടും നടത്തേണ്ടിവരും. അതിനുശേഷമാവും ഭൂമി വിലയും നഷ്ടപരിഹാരവും നിശ്ചയിക്കുക.

ഭൂമിയേറ്റെടുക്കലിലേക്ക് കടക്കുകയാണെന്ന് റെയിൽവേ മന്ത്രാലയത്തെയും കൊച്ചിയിലെ റെയിൽവേയുടെ നിർമ്മാണവിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെയും തിരുവനന്തപുരം, പാലക്കാട് ഡിവിഷണൽ മാനേജർമാരെയും സർക്കാർ അറിയിച്ചു. സ്പെഷ്യൽ തഹസിൽദാർമാർ അടക്കം ഉദ്യോഗസ്ഥരെ നിയോഗിക്കാനും പ്രത്യേക ഓഫീസുകൾ തുറക്കാനും റവന്യൂ വകുപ്പിന് അനുമതി നൽകി. താലൂക്കിൽ ഒന്നു വീതം ഓഫീസുണ്ടാകും. റെയിൽവേ സാക്ഷ്യപ്പെടുത്തിയ

അലൈൻമെന്റ് മാപ്പ് പ്രകാരമായിരിക്കും ഭൂമിയേറ്റെടുക്കുക.

ദശലക്ഷങ്ങൾക്ക് ഗുണകരമായ പാത

എറണാകുളം, ഇടുക്കി,കോട്ടയം ജില്ലകളിലെ ദശലക്ഷക്കണക്കിനാളുകൾക്കും ലക്ഷക്കണക്കിന് ശബരിമല തീർത്ഥാടകർക്കും ഗുണകരമാണ് ശബരിപാത. ഇതുവരെ ട്രെയിനെത്താത്ത ഇടുക്കിയിലെയടക്കം വൻ വികസനമുണ്ടാവും. എരുമേലി സ്റ്റേഷനിൽ നിന്ന് ശബരിമലയിലേക്ക് 43 കി.മീ മാത്രമാണുള്ളത്. മണ്ഡലകാലത്ത് രാജ്യത്തെവിടെനിന്നും സ്പെഷ്യൽ ട്രെയിനുകളോടിക്കാം.

വിഴിഞ്ഞം വരെ നീട്ടാം

 രണ്ടാംഘട്ടമായി പത്തനംതിട്ട-പുനലൂർ-നെടുമങ്ങാട് വഴി വിഴിഞ്ഞത്തേക്ക് പാത നീട്ടാം. ഡി.പി.ആറിന് ബഡ്‌ജറ്റിൽ 2 കോടിയുണ്ട്

 റെയിൽവേയില്ലാത്ത അരലക്ഷത്തിലേറെ ജനസംഖ്യയുള്ള പട്ടണങ്ങളിൽ പാതനിർമ്മിക്കുന്ന പദ്ധതിയിൽ നെടുമങ്ങാട് ഉൾപ്പെടുന്നു

തുറമുഖത്തേക്ക് ബാലരാമപുരത്തുനിന്ന് നിർമ്മിക്കുന്ന ബ്രോഡ്‌ഗേജ് പാതയുമായി ശബരിപാതയെ ബന്ധിപ്പിക്കാം

ശബരിപാത മലയോരമേഖലയുടെ വികസനകുതിപ്പിന് വേഗംകൂട്ടും. സമയബന്ധിതമായി പൂർത്തിയാക്കും.

-പിണറായി വിജയൻ

മുഖ്യമന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA