SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

ആലപ്പുഴയിൽ കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക ആകാംക്ഷയിൽ

e

ആലപ്പുഴ: പുതുയുഗ യാത്ര അവസാനിച്ച് സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് കോൺഗ്രസും യു.ഡി.എഫും പ്രവേശിച്ചിരിക്കെ അഭ്യൂഹങ്ങളൊഴിയാതെ ആലപ്പുഴയിലെ സ്ഥാനാർത്ഥിപ്പട്ടിക. ജില്ലാ നേതൃത്വം കെ.പി.സി.സിക്ക് സമർപ്പിച്ച പട്ടികയിൽ ആരൊക്കെ ഏതൊക്കെ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളാകുമെന്ന് തീരുമാനമായിട്ടില്ലെങ്കിലും പ്രവർത്തകർക്കിടയിലും സമൂഹമാദ്ധ്യമ ഗ്രൂപ്പുകളിലും പേരുകൾക്ക് പഞ്ഞമില്ല. മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മത്സരിക്കുന്ന ജില്ലയിലെ ഏക സിറ്റിംഗ് സീറ്റായ ഹരിപ്പാടാണ് ഒന്നിലധികം പേരുകളില്ലാത്ത മണ്ഡലം. മറ്റ് മണ്ഡലങ്ങളിൽ മൂന്നും നാലും പേരുകളടങ്ങിയ പട്ടികയാണ് കെ.പി.സി.സിയുടെ കൈവശമുള്ളത്.

സമുദായം,സ്ത്രീ പങ്കാളിത്തം,യുവാക്കളുടെ പ്രാതിനിധ്യം ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചുള്ള രണ്ട് ഡസനോളം പേരുകളാണുള്ളത്. ഇതിൽ ചില പേരുകൾ ഒന്നിലധികം മണ്ഡലങ്ങളിലെ പട്ടികയിലുമുണ്ട്. ജയസാദ്ധ്യതയ്ക്കൊപ്പം ഗ്രൂപ്പ് സമവാക്യങ്ങളും പാലിച്ചാണ് പട്ടികയെങ്കിലും അവസാനഘട്ടത്തിൽ ചില മണ്ഡലങ്ങളിൽ പുറത്തുനിന്നുള്ള സ്ഥാനാർത്ഥികളെ പരീക്ഷിക്കുന്നതുൾപ്പെടെ അപ്രതീക്ഷിത നീക്കങ്ങൾക്കുള്ള സാദ്ധ്യതയും നിലവിലുണ്ട്.

സി.പി.എം നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന മുൻ മന്ത്രിയും മുതി‌ർന്ന നേതാവുമായ ജി.സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകുമോയെന്ന് കോൺഗ്രസും യു.ഡി.എഫ് നേതൃത്വവും ഉറ്റുനോക്കുന്നുണ്ട്. സിറ്റിംഗ് എം.എൽ.എ എച്ച്. സലാമിനെതിരെ സ്വന്തം തട്ടകമായ അമ്പലപ്പുഴയിൽ ജി.സുധാകരൻ സ്വതന്ത്രനായെത്തിയാൽ തന്ത്രപൂർവ്വമായ നിലപാടാകും കോൺഗ്രസ് സ്വീകരിക്കുക. സിറ്റിംഗ് സീറ്റുകളിൽ എം.എൽ.എമാരെ വീണ്ടും പരീക്ഷിക്കാനിരിക്കെ മന്ത്രിയും സി.പി.എം സെക്രട്ടേറിയറ്റ് അംഗവുമായ സജി ചെറിയാനെതിരെ ചെങ്ങന്നൂരിൽ മത്സരം കടുപ്പിക്കാൻ അട്ടിമറി ശേഷിയുള്ള സ്ഥാനാർത്ഥികളെ പുറത്തുനിന്നെത്തിക്കാനും കോൺഗ്രസ് ആലോചിക്കുന്നുണ്ട്. മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ മകൾ മറിയം ഉമ്മനുൾപ്പെടെയുള്ളവരുടെ പേരുകളാണ് പട്ടികയ്ക്ക് പുറമേ ഇവിടേക്ക് പരിഗണിക്കുന്നത്.ഘടകക്ഷിയായ കേരള കോൺഗ്രസ് ജോസഫ് മത്സരിക്കുന്ന കുട്ടനാടുൾപ്പെടെ 9 മണ്ഡലങ്ങളിൽ ഹരിപ്പാടടക്കം അഞ്ച് മണ്ഡലങ്ങളിലാണ് കോൺഗ്രസിന് ശുഭപ്രതീക്ഷ.

പരിഗണനാപട്ടിക

അരൂർ: മുൻ എം.എൽ.എ ഷാനിമോൾ ഉസ്മാൻ, മുൻ എം.എൽ.എയും ഡി.സി.സി പ്രസിഡന്റുമായിരുന്ന എ.എ. ഷുക്കൂർ

ചേർത്തല: ഷാജിലാൽ, രാജേന്ദ്രപ്രസാദ്, ശരത്

ആലപ്പുഴ: ജോബ്.എം.ജെ , എം.ലിജു

അമ്പലപ്പുഴ: എം.ലിജു, എ.എ. ഷുക്കൂർ ഒ.എ.കണ്ണൻ, എം.പി. പ്രവീൺ

കായംകുളം: അരിതാബാബു, കെ.പി. ശ്രീകുമാർ, ബാബുപ്രസാദ്, ഷമീർ

മാവേലിക്കര: മുത്താര രാജ്, രോഹിത്, മീനു സജീവ്

ചെങ്ങന്നൂർ: എബി കുര്യാക്കോസ്, ബിനുചുള്ളിയിൽ, ബാബുപ്രസാദ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA