SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.18 AM IST

 നടിയെ ആക്രമിച്ച കേസ്:..... സർക്കാർ അപ്പീലിൽ ദിലീപിന് നോട്ടീസ്

s

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നാലു പ്രതികളെ വെറുതേ വിട്ടതിനെതിരായ സർക്കാരിന്റെ അപ്പീലിൽ നടൻ ദിലീപുൾപ്പെടെയുള്ള എതിർകക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ദിലീപ്, ചാർളി തോമസ്, സനിൽകുമാർ, ജി. ശരത് നായർ എന്നിവരെയാണ് വിചാരണക്കോടതി കുറ്റവിമുക്തരാക്കിയത്. സർക്കാർ അപ്പീൽ ഫയലിൽ സ്വീകരിച്ച ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് കേസ് മേയ് 19ന് വീണ്ടും പരിഗണിക്കും.

ഗൂഢാലോചനയിലെ തെളിവ് വിലയിരുത്തുന്നതിൽ വിചാരണക്കോടതിക്ക് വീഴ്ച പറ്റിയെന്നും പ്രതികളെ വെറുതേവിട്ടത് നിയമപരമല്ലെന്നുമാണ് സർക്കാരിന്റെ വാദം. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്നും അപ്പീലിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒന്നു മുതൽ ആറു വരെ പ്രതികളായ പൾസർ സുനി, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലീം, സി. പ്രദീപ് എന്നിവർക്കാണ് 20 വർഷം കഠിനതടവ് ലഭിച്ചത്. പൾസർ സുനി അടക്കമുള്ള പ്രതികൾ നൽകിയ അപ്പീലും സർക്കാരിന്റെ അപ്പീലിനൊപ്പം ഡിവിഷൻ ബെഞ്ച് പരിഗണിക്കും.

അപ്പീലിലെ കാലതാമസത്തിൽ ഇളവ്

2025 ഡിസംബറിലാണ് നടി കേസിൽ എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി വിധി പറഞ്ഞത്. രണ്ടരമാസത്തിന് ശേഷമാണ് സർക്കാർ അപ്പീൽ ഫയൽ ചെയ്തത്. 1700 ലധികം പേജുള്ള വിധിപകർപ്പ് വിശദമായി പരിശോധിക്കേണ്ടി വന്നതിനാലാണ് കാലതാമസം ഉണ്ടായതെന്ന് സർക്കാർ അറിയിച്ചു. ശിക്ഷ വർദ്ധിപ്പിക്കണമെന്ന ആവശ്യം വിധി വന്ന് 60 ദിവസത്തിനകം ഉന്നയിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ 17 ദിവസത്തെ കാലതാമസത്തിൽ കോടതി ഇളവ് അനുവദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA