SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.07 AM IST

തിര. സുരക്ഷയ്ക്ക് 120 കമ്പനി കേന്ദ്രസേന, ‌അതീവ പ്രശ്നബാധിത ബൂത്തുകൾ 600

central

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് പഴുതടച്ച സുരക്ഷയൊരുക്കാൻ 120 കമ്പനി കേന്ദ്രസേനയെത്തും. സി.ഐ.എസ്.എഫ്, സി.ആർ.പി.എഫ്, ബി.എസ്.എഫ്, സശസ്ത്ര സീമാബാൽ, ദ്രുതകർമ്മസേനകളാണ് എത്തുക. മുപ്പത് കമ്പനി കേന്ദ്രസേന കഴിഞ്ഞദിവസം എത്തിയിരുന്നു. ഒരു കമ്പനിയിൽ 70-100 അംഗങ്ങളാണുള്ളത്. പ്രശ്നബാധിത ബൂത്തുകൾ ഏറെയുള്ള വടക്കൻ ജില്ലകളിലേക്ക് കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കും. അന്യസംസ്ഥാന പൊലീസിന്റെ സേവനവും തേടിയിട്ടുണ്ട്.

സംസ്ഥാനത്ത് മൂവായിരത്തിലേറെ പ്രശ്‌നബാധിത ബൂത്തുകളുണ്ടെന്നാണ് പ്രാഥമിക കണക്ക്. ഇതിൽ 600ലേറെ അതീവ പ്രശ്നസാദ്ധ്യതയുള്ള എ വിഭാഗത്തിലെ ബൂത്തുകളിൽ നാലു വീതം കേന്ദ്രസേനാംഗങ്ങളും ബി വിഭാഗം ബൂത്തുകളിൽ രണ്ടുവീതം സേനാംഗങ്ങളുമുണ്ടാവും. ഇവിടെ അധികം പൊലീസിനെയും നിയോഗിക്കും. ഗ്രൂപ്പ് പട്രോൾ, പൊലീസ് പിക്കറ്റുകൾ, നിരീക്ഷണസംവിധാനം എന്നിവയൊരുക്കും. മാവോയിസ്റ്റ് മേഖലകളിൽ പൊലീസിന്റെ തണ്ടർബോൾട്ട് സുരക്ഷയുമുണ്ടാവും.

എസ്.പിയുടേയോ സബ്ഡിവിഷണൽ ഉദ്യോഗസ്ഥരുടേയോ ഉത്തരവു പ്രകാരമാവും കേന്ദ്രസേനയുടെ പ്രവർത്തനം. ക്രമസമാധാനപാലനം, തിരക്ക് നിയന്ത്രിക്കൽ, വോട്ടർമാരെ സഹായിക്കൽ എന്നിവയ്ക്കും കേന്ദ്രസേനയെ നിയോഗിക്കും. ഒൻപത് എം.എം പിസ്റ്റൾ, ഇൻസാസ് റൈഫിൾ, ഇൻസാസ് ലൈറ്റ് മെഷീൻഗൺ, ഓട്ടോമാറ്റിക് ഗ്രനേഡ് ലോഞ്ചറുകൾ, എ.കെ-47, എ.കെ.എം റൈഫിളുകൾ, ഇസ്രായേലി താവൂർ റൈഫിൾ തുടങ്ങിയവയുമായാണ് കേന്ദ്രസേനയുടെ വരവ്.

പൊലീസ്, എക്സൈസ്, വനം, മോട്ടോർ വാഹന ഉദ്യോഗസ്ഥർ, ഹോംഗാർഡ് അടക്കം 50,000 സേനാംഗങ്ങളെയും സുരക്ഷയ്ക്ക് നിയോഗിക്കും. വിമുക്തഭടന്മാരും വിരമിച്ചവരുമടക്കം 10000 സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരുമുണ്ടാവും.

സുരക്ഷാ സന്നാഹം

1.ബൂത്തുകളെ പ്രശ്നസാദ്ധ്യതയുടെ അടിസ്ഥാനത്തിൽ ഹൈപ്പർ സെൻസി​റ്റീവ്, സെൻസി​റ്റീവായി തിരിക്കും. പ്രശ്‌നബാധിതമെന്നു കണ്ടെത്തിയ ബൂത്തുകളിൽ പോളിംഗ് ദിവസം കേന്ദ്രസേനയെ വിന്യസിക്കും

2.പ്രശ്നബാധിത മേഖലകളിലും ക്രമസമാധാന പ്രശ്നമുള്ളിടത്തും കേന്ദ്രസേന റൂട്ട്മാർച്ച് നടത്തും.

അടിയന്തര സാഹചര്യം നേരിടാൻ മണ്ഡലത്തിലെവിടേക്കും സേനയെ എത്തിക്കാനും സംവിധാനം

ചെലവ് 150 കോടി

സുരക്ഷാചെലവിനായി 150 കോടിയെങ്കിലും വേണ്ടിവരും. കേന്ദ്രസേനയുടെ താമസം, ഭക്ഷണം, യാത്ര, വിന്യാസം, മടക്കയാത്ര എന്നിവയ്ക്കെല്ലാമുള്ള ചെലവ് പൊലീസ് വഹിക്കും. പിന്നീടിത് കേന്ദ്രം തിരികെ നൽകും. അന്യസംസ്ഥാനങ്ങളിൽ നിന്ന് വിമാനത്തിലാണ് കേന്ദ്രസേനയെ എത്തിക്കുന്നത്.

''കേന്ദ്രസേനാ വിന്യാസം തുടങ്ങിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാനദണ്ഡപ്രകാരമാണ് സുരക്ഷാസന്നാഹം

-റവാഡ ചന്ദ്രശേഖർ,

പൊലീസ് മേധാവി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA