SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.18 AM IST

പാതിരാ ചർച്ചയിലും വഴിമുട്ടി, ഫ്ളാറ്റിലിരുന്ന് സുധാകര സമ്മർദ്ദം

d

ന്യൂഡൽഹി: ചൊവ്വാഴ്‌ചയ്‌ക്കുള്ളിൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കാമെന്ന കണക്കുകൂട്ടലിലാണ് കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തങ്ങളുടെ മണ്ഡലങ്ങളിൽ ഇന്നലെ റോഡ് ഷോ തീരുമാനിച്ചതും ഡൽഹിയിൽ നിന്ന് മടക്ക ടിക്കറ്റ് ബുക്ക് ചെയ്‌തതും. എന്നാൽ, കേരളാ നേതാക്കളും ഹൈക്കമാൻഡും പ്രതീക്ഷിക്കാത്ത തലത്തിലേക്കാണ് ചർച്ചകൾ പോയത്. അതിനിടയാക്കിയത് ഡൽഹി ഫ്ളാറ്റിൽ അടച്ചിരുന്ന് കെ.സുധാകരൻ എം.പി നടത്തിയ സമ്മർദ്ദവും.

ബുധനാഴ്‌ച വൈകിട്ട് പാർട്ടി ആസ്ഥാനമായ ഇന്ദിരാഭവനിൽ ചേർന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ എം.പിമാർ മത്സരിക്കുന്നതും ഇടുക്കി, എറണാകുളം അടക്കം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയവും തീരുമാനമാകാതെ രാത്രി പത്തരയോടെ നേതാക്കൾ അദ്ധ്യക്ഷൻ ഖാർഗെയുടെ വസതിയിലേക്ക് പോയി. എം.പിമാർ മത്സരിക്കേണ്ടതില്ലെന്ന് ഖാർഗെ അടിവരയിട്ട് പറഞ്ഞു. വി.ഡി. സതീശൻ പിന്തുണച്ചു. പുലർച്ചെ രണ്ടര മണിവരെ നീണ്ട യോഗം പിരിഞ്ഞത് തർക്കങ്ങൾ തീർക്കാതെ. യോഗം കഴിഞ്ഞതോടെ സണ്ണി ജോസഫ് നേരെ വിമാനത്താവളത്തിലേക്കാണ് പോയത്. വി.ഡി. സതീശൻ പുലർച്ചെ നാലരയ്‌ക്കുള്ള വിമാനത്തിലും മടങ്ങി.

നേതാക്കൾ മടങ്ങിയതോടെ ഇന്നലെ രാവിലെ മുതൽ കെ.സുധാകരൻ താമസിക്കുന്ന ഗോദാവരിയിലേക്കായി കേരളത്തിലെ കോൺഗ്രസ് രാഷ്‌ട്രീയത്തിന്റെ ശ്രദ്ധ. സീറ്റില്ലെന്ന വാർത്തകളിൽ നിരാശനായ സുധാകരൻ 12മണിക്ക് മാദ്ധ്യമങ്ങളെ കാണുമെന്നറിയിച്ചു. കണ്ണൂരിൽ സുധാകരന്റെ അനുയായികൾ പ്രതിഷേധവും തുടങ്ങി. സുധാകരൻ സ്വന്തം പാർട്ടിയുണ്ടാക്കുമെന്നും സ്വതന്ത്രനായി മത്സരിക്കുമെന്നും വാർത്ത പ്രചരിച്ചു.

അതോടെ വീണ്ടും അണിയറ ചർച്ചകൾ. കേരളത്തിൽ നിന്ന് രമേശ് ചെന്നിത്തലയും രാഹുൽ ഗാന്ധിയുമായി ഫോണിൽ സംസാരിച്ചു. ഈഴവ സമുദായത്തിലെ പ്രധാന നേതാവിനെ ഒഴിവാക്കുന്നത് ദോഷം ചെയ്യുമെന്ന് പറഞ്ഞതോടെ വീണ്ടും ട്വിസ്റ്റ്. പത്രസമ്മേളനം നടത്തി പാർട്ടിക്ക് ദോഷം ചെയ്യരുതെന്ന് സുധാകരനോട് മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ ഉപദേശം. സീറ്റ് കിട്ടുമെന്ന പ്രതീക്ഷയിൽ സുധാകരൻ അടങ്ങി.

കോന്നിയിൽ മത്സരിക്കണമെന്ന ആവശ്യവുമായി അടൂർ പ്രകാശ് എം.പി രംഗത്ത്. അദ്ദേഹം ഹൈക്കമാൻഡിന് കത്തയച്ചതോടെ കാര്യങ്ങൾ വീണ്ടും കുരുക്കിൽ. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകരിച്ച എം.പിമാരില്ലാത്ത പട്ടിക തിരുത്താനിടയില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. ഉച്ചയ്‌ക്ക് ശേഷം അടുത്ത ട്വിസ്റ്റായി കണ്ണൂരിൽ സുധാകരന് സീറ്റില്ലെന്ന വാർത്ത പിന്നാലെ വന്നു.

സുധാകരന്റെ തീരുമാനത്തിനായി എല്ലാ കണ്ണുകളും ഗോദാവരിയിലേക്കായി. വൈകിട്ട് ആറയ്‌ക്ക് ഫ്ളാറ്റിന് മുന്നിൽ കാത്തു നിന്ന മാദ്ധ്യമപ്രവർത്തകർക്ക് സൂചന കിട്ടി. സുധാകരൻ സംസാരിക്കും. ദേശീയ മാദ്ധ്യമങ്ങളും ഫ്ളാറ്റിന് മുന്നിൽ തടിച്ചുകൂടിയതോടെ പൊലീസുമെത്തി. രാത്രി 9.45ന്റെ കണ്ണൂർ വിമാനത്തിൽ കയറാൻ 7.45ന് സുധാകരൻ കാറിൽ പുറത്തേക്ക്. ഗേറ്റിന് മുന്നിൽ കാർ നിർത്തി പാർട്ടിക്ക് വിധേയനെന്ന് പറഞ്ഞ് അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA