SignIn
Kerala Kaumudi Online
Tuesday, 19 May 2026 8.28 AM IST

സെൻസർ ബോർഡിന്റേത് രാഷ്ട്രീയ നിലപാട്: എം.വി. ഗോവിന്ദൻ 

d

തിരുവനന്തപുരം: ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് എതിരായി സെൻസർബോർഡ് രാഷ്ട്രീയ നിലപാട് സ്വീകരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഷാജി എൻ. കരുൺ ഫൗണ്ടേഷന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം അയ്യൻകാളി ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കഥാപാത്രങ്ങളുടെ പേര് തന്നെ മാറ്റേണ്ട അവസ്ഥയാണ്. വർഗീയവാദികൾ എങ്ങനെയാണ് കലയേയും സംസ്‌കാരത്തേയും സാമൂഹ്യജീവിതത്തേയും അടയാളപ്പെടുത്തുന്നത് എന്നതിന്റെ വക്രീകരിക്കപ്പെട്ട രീതിയാണിതെന്നും അദ്ദേഹം പറഞ്ഞു. കലാ-സാംസ്‌കാരിക മേഖലയിൽ നടക്കുന്ന കടന്നാക്രമണങ്ങളെയും വർഗീയധ്രുവീകരണ പ്രക്രിയയെയും ഹൃദയം കൊണ്ട് ആത്മാർത്ഥമായി പ്രതിരോധിച്ച ആളാണ് ഷാജി എൻ. കരുൺ. ആ കടമ സ്വയം ഏറ്റെടുത്ത് ഫലപ്രദമായി നിർവഹിക്കുന്നതിനിടയിലാണ് ഷാജി നമ്മെ വിട്ടുപിരിഞ്ഞത്. കൈവച്ച മേഖലയിലെല്ലാം അദ്ദേഹം അതുല്യമായ സംഭാവനകൾ നൽകിയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

'ഷാജി എൻ. കരുൺ സ്മൃതി" മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പുതിയ തലമുറയിലെ വിദ്യാർത്ഥികൾക്കും സിനിമാപ്രേമികൾക്കും അദ്ദേഹത്തിന്റെ ജീവിതം വലിയ പാഠപുസ്തകമാണെന്ന് മന്ത്രി പറഞ്ഞു. മധു ഇറവങ്കര രചിച്ച 'ആത്മവൃക്ഷങ്ങളുടെ അദൃശ്യസഞ്ചാരങ്ങൾ" എന്ന പുസ്തകം, മന്ത്രി അശോകൻ ചരുവിലിന് നൽകി പ്രകാശനം ചെയ്തു. പുരോഗമന കലാസാഹിത്യസംഘം ഭാരവാഹികളായ കെ.പി. മോഹനൻ, ടി.ആർ. അജയൻ, പ്രൊഫ. വി.എൻ. മുരളി, ചലച്ചിത്ര അക്കാഡമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ, ജി ശങ്കർ, ചലച്ചിത്രവികസന കോർപറേഷൻ എം.ഡി പി.എസ്. പ്രിയദർശനൻ, പ്രൊഫ. മൃദുൽ ഈപ്പൻ തുടങ്ങിയവരും സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA