SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.44 AM IST

ഖജനാവിൽ സ്നേഹം നിറച്ച് കൊട്ടാരക്കര

y

കൊല്ലം: 'കൊട്ടാരക്കരക്കാർ എനിക്കുമുന്നിൽ സ്നേഹത്തിന്റെ ഖജനാവ് അടയ്ക്കില്ലെന്ന് ഉറപ്പായി​രുന്നു. ഞാൻ, കഴിഞ്ഞ അഞ്ചുവർഷം അവർക്കായി അത്രത്തോളം അദ്ധ്വാനിച്ചിട്ടുണ്ട്..."- യു.ഡി.എഫ് തരംഗത്തിനിടയിലും കൊട്ടാരക്കരയിൽ നേടിയ വിജയത്തെക്കുറിച്ച് മുൻ ധനമന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവുമായ കെ.എൻ. ബാലഗോപാലിന്റെ വാക്കുകൾ.

കൊട്ടാരക്കരക്കാർക്ക് ഏറെ ഇഷ്ടമുള്ളവരാണ് കെ.എൻ.ബാലഗോപാലും അയിഷാ പോറ്റിയും. ഇരുവരും അങ്കത്തട്ടിൽ എത്തിയപ്പോൾ ധർമ്മസങ്കടമായി. എന്നാൽ ഇത്തിരി ഇഷ്ടം കൂടുതൽ ബാലഗോപാലിനോട് ആയിരുന്നെന്ന് അവർ തെളിയിച്ചു.

'കൊട്ടാരക്കരയിലെ ഇടതുമുന്നണി പ്രവർത്തകർ ആത്മാർത്ഥമായി പ്രവർത്തിച്ചു. നാട്ടിലെ എല്ലാ പ്രശ്നങ്ങളിലും ഞാൻ ഒപ്പമുണ്ടെന്ന ബോദ്ധ്യം ജനങ്ങൾക്കുണ്ടായിരുന്നു. ധനമന്ത്രിയെന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളും ജനം അംഗീകരിച്ചു. തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നടത്തിയ ഇടപെടലുകളും ഗുണമായി..."- വിജയത്തിന്റെ കാരണങ്ങളെക്കുറിച്ച് കെ.എൻ.ബാലഗോപാൽ പറഞ്ഞു.

ഐ.ടി പാർക്ക്, സോഹോയുടെ ഐ.ടി ക്യാമ്പസ്, നഴ്സിംഗ് കോളേജ്, ഐ.എച്ച്.ആർ.ഡി ആർട്സ് ആൻഡ് സയൻസ് കോളേജ്, വർക്ക് നിയർ ഹോം, ഡ്രോൺ റിസർച്ച് പാർക്ക്, നെടുവത്തൂരിൽ തിയേറ്റർ കോംപ്ലക്സ്, കൊട്ടാരക്കര- നെടുവത്തൂർ കുടിവെള്ള പദ്ധതി, കൊട്ടാരക്കര ബസ് സ്റ്റാൻഡ് നവീകരണം, കൊട്ടാരക്കര ബൈപ്പാസ് എന്നിങ്ങനെ 1,300 കോടിയുടെ വികസന പദ്ധതികളാണ് ബാലഗോപാൽ മണ്ഡലത്തിൽ കൊണ്ടുവന്നത്. ഇതിൽ ഭൂരിഭാഗവും പൂർത്തിയാക്കി. പാർട്ടിയുടെയും മുന്നണിയുടെയും അട്ടിത്തട്ടുമായി ബാലഗോപാലിനുള്ള ഹൃദയബന്ധവും കൊട്ടാരക്കരയിൽ യു.ഡി.എഫ് ട്രെൻഡിനെ പിടിച്ചുകെട്ടി.

കൃത്യസമയത്ത് പ്രതിരോധം

എഴുകോൺ, കരീപ്ര, വെളിയം, നെടുവത്തൂർ, കുളക്കട പഞ്ചായത്തുകളിൽ നേടിയ ലീഡാണ് ബാലഗോപാലിനെ വിജയത്തിലെത്തിച്ചത്. വെളിയവും കരീപ്രയും അടക്കം ഉരുക്കുകോട്ടകളുള്ള ഇടതുപക്ഷ മണ്ഡലമാണ് കൊട്ടാരക്കര. സംസ്ഥാനത്തെ മറ്റു പല ചെങ്കോട്ടകളും തകർന്നടിഞ്ഞപ്പോഴും കൊട്ടാരക്കരയിൽ തിരിച്ചടി ഉണ്ടാകാതിരുന്നത് പ്രതികൂല ഘടകങ്ങളെ കൃത്യസമയത്ത് തിരിച്ചറിഞ്ഞ് പ്രതിരോധിച്ചത് കൊണ്ടുകൂടിയാണ്.

കുടിവെള്ള പദ്ധതി പൂർത്തിയാക്കണം, ബൈപ്പാസ് യാഥാർത്ഥ്യമാക്കണം. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കണം, പുതിയ പദ്ധതികൾ കൊണ്ടുവരണം. അതിനായി പുതിയ സർക്കാരിൽ ശക്തമായി സമ്മർദ്ദം ചെലുത്തും. പിന്നെ ജനങ്ങൾക്കൊപ്പം നിൽക്കും.

കെ.എൻ.ബാലഗോപാൽ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA