SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.17 AM IST

പരാജയ കാരണം മുന്നണി പരിശോധിക്കും: ടി.പി.രാമകൃഷ്ണൻ, ഇടതുമുന്നണി യോഗം ചേർന്നു

v

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ സൂക്ഷ്മമായി പരിശോധിക്കുമെന്ന് ഇടതുമുന്നണി കൺവീനർ ടി.പി.രാമകൃഷ്ണൻ. മുന്നണിയിലെ ഓരോ പാർട്ടിയും പരാജയ കാരണങ്ങൾ വിലയിരുത്തും. ജനങ്ങളുടെ പ്രതികരണങ്ങൾ കൂടി അറിഞ്ഞ് അവരുടെ ആഗ്രഹത്തിന് അനുസരിച്ച് തിരുത്തലുകൾ വരുത്തുമെന്ന് ഇടതുമുന്നണി യോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു.

ജൂൺ 15നുള്ളിൽ എല്ലാ പാർട്ടികളുടേയും പരിശോധന പൂർത്തിയാകും. ഇതിനുശേഷം മുന്നണി യോഗം ചേർന്ന് അവലോകനം നടത്തും. ബി.ജെ.പിക്ക് മൂന്ന് സീറ്റിൽ വിജയിക്കാൻ സഹായകരമായ നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചത്. കേരളത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കാൻ യു.ഡി.എഫും ബി.ജെ.പിയും ശ്രമിച്ചു. താൻ തന്നെ അതിന്റെ ഇരയാണ്.

ന്യൂനപക്ഷ ഏകീകരണം ഉണ്ടായെന്ന നിലപാടിലേക്ക് എൽ.ഡി.എഫ് എത്തിയിട്ടില്ല. വർഗീയമായ ചേരിതിരിവിനുള്ള ശ്രമമുണ്ടായോ എന്ന് പരിശോധിക്കും. ഭരണവിരുദ്ധ വികാരമുണ്ടായെന്ന നിലപാടിലേക്ക് മുന്നണി എത്തിയിട്ടില്ല. അങ്ങനെയെങ്കിൽ സർക്കാരിന്റെ ഏതു നടപടിയാണ് തെറ്റ് എന്നു പറയേണ്ടതല്ലേ. സർക്കാരിന്റെ പ്രവർത്തനശൈലിയാണോ പരാജയ കാരണം എന്നത് പരിശോധനകൾക്ക് ശേഷം മാത്രമേ പറയാൻ കഴിയൂ. വിമർശനവും സ്വയം വിമർശനവും ഇടത് പാർട്ടികളിലുണ്ടാകും.

തിരുത്തൽ വരുത്താത്തവർക്ക്

പാർട്ടിയിൽ ഇടമുണ്ടാകില്ല

സി.പി.എമ്മിന്റെ ബ്രാഞ്ച് തലത്തിലുള്ള പ്രവർത്തനവും പരിശോധിക്കുമെന്നും ടി.പി.രാമകൃഷ്ണൻ. തിരുത്തലുകൾ വരുത്താത്തവർക്ക് പാർട്ടിയിൽ ഇടമുണ്ടാകില്ല. പാർട്ടി വിട്ടുപോയവർ തെറ്റു തിരുത്തി തിരിച്ചുവരണമെന്നാണ് ആഗ്രഹം. കമ്മ്യൂണിറ്റ് ആശയങ്ങൾ ഉപേക്ഷിച്ചവരാകുമല്ലോ യു.ഡി.എഫിന്റെ കൂടെ പോയത്. പാർട്ടിയിൽ നിർഭയമായും സ്വതന്ത്രമായും അഭിപ്രായം പറയാമെന്ന എം.വി.ഗോവിന്ദന്റെ നിലപാടിനെ മറ്റുതരത്തിൽ വ്യാഖ്യാനിക്കേണ്ടതില്ല. ചിലർ പാർട്ടി കമ്മിറ്റികളിൽ അഭിപ്രായം പറയാൻ മടിച്ചിട്ടുണ്ടാകും.

പ്രതിപക്ഷനേതാവ്:

തർക്കങ്ങളില്ല

പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രധാന ചുമതല സംസ്ഥാന സെക്രട്ടറിക്കാണ്. മുഖ്യമന്ത്രിയെ തീരുമാനിച്ചാലുടൻ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കും. ഇതിൽ തർക്കങ്ങളില്ല. ബിനോയ് വിശ്വവുമായി സംസാരിച്ചു. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നത് സി.പി.എമ്മിന്റെ അവകാശമാണെന്നും മറിച്ചുള്ള വാർത്തകൾ സത്യമല്ലെന്നും ബിനോയ് വിശ്വം അറിയിച്ചെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA