SignIn
Kerala Kaumudi Online
Saturday, 06 June 2026 10.36 AM IST

ആഘോഷത്തിമിർപ്പിൽ സത്യപ്രതിജ്ഞ, സാക്ഷിയാവാൻ ലക്ഷം പേരെത്തും #വിവിധ കേന്ദ്രങ്ങളിൽ വീഡിയോ വാൾ #രാവിലെ 7 മുതൽ ഗതാഗത നിയന്ത്രണം

READ ENGLISH VERSION
x

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാവാൻ ഒരുലക്ഷത്തിലേറെപ്പേർ തലസ്ഥാനത്തേക്ക് എത്തുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. തലസ്ഥാനത്ത് നാളെ രാവിലെ ഏഴു മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

സെൻട്രൽ സ്റ്റേഡിയത്തിന് പുറത്തും നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലും വീഡിയോ വാൾ സജ്ജമാക്കും.

രാവിലെ പത്തിന് മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്ന സ്റ്റേഡിയത്തിൽ 20000 പേർക്ക് ഇരിക്കാവുന്ന കൂറ്റൻ പന്തൽ സജ്ജമാക്കാൻ പൊതുഭരണ വകുപ്പ് നിർദ്ദേശം നൽകി. നടുക്ക് തൂണുകളില്ലാത്ത ജർമ്മൻ പന്തൽ കൂറ്റൻ ക്രെയിനുകളുപയോഗിച്ചാണ് നിർമ്മിക്കുന്നത്.

ആറ് മേഖലകളായി തിരിച്ചാവും ജനങ്ങളെ കടത്തുക.

തമിഴ്നാട്, കർണാടകം, തെലങ്കാന, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിമാരും ഉന്നത കോൺഗ്രസ് നേതാക്കളുമൊക്കെ എത്തുന്നതിനാൽ 4500 പൊലീസിനെ സുരക്ഷയ്ക്കായി നിയോഗിക്കും. പന്തലിന്റെ മുൻഭാഗം മുഖ്യമന്ത്രിമാരടക്കം വി.ഐ.പികൾക്കായി നീക്കിവയ്ക്കും. ഇരുവശത്തും വീഡിയോ വാൾ സജ്ജമാക്കും.

പതിനായിരക്കണക്കിന് പ്രവർത്തകർക്കായി

നിശാഗന്ധി, എം.എൽ.എ ഹോസ്റ്റൽ, മെഡിക്കൽ കോളേജ് ഗ്രൗണ്ട് ഇന്ദിരാഭവൻ, സ്റ്റാച്യു, ഗാന്ധിപാർക്ക്, മറ്റു ഗ്രൗണ്ടുകൾ എന്നിവിടങ്ങളിലാണ് വലിയ വീഡിയോ വാൾ സജ്ജമാക്കുന്നത്.

മലപ്പുറം അടക്കം വടക്കൻ ജില്ലകളിൽ നിന്ന് ബസുകൾ വാടകയ്ക്കെടുത്താണ് പ്രവർത്തകർ വരുന്നത്. തലസ്ഥാനത്തെ ഹോട്ടൽ മുറികളെല്ലാം ബുക്ക് ചെയ്തിട്ടുണ്ട്. ട്രെയിൻ, ബസ് റിസർവേഷനും കിട്ടാനില്ല. ഇന്നു മുതൽ യു.ഡി.എഫ് പ്രവർത്തകരെക്കൊണ്ട് തലസ്ഥാനം നിറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോൾ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കം. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറടക്കം നേതാക്കളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നുണ്ട്. ചീഫ്സെക്രട്ടറി ‌ഡോ.എ.ജയതിലകിന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ വിലയിരുത്തി.

വി.ഐ.പി പാർക്കിംഗ്

സെക്രട്ടേറിയറ്റിൽ

വി.ഐ.പികളുടെയും എം.പി, എം.എൽ.എമാരുടെയുമടക്കം വാഹനങ്ങൾക്ക് പാർക്കിംഗ് സെക്രട്ടേറിയറ്റിലാണ്. യൂണിവേഴ്സിറ്റി വളപ്പിലും യൂണിവേഴ്സിറ്റി- സംസ്കൃത കോളേജുകളിലുമടക്കം സത്യപ്രതിജ്ഞയ്ക്കെത്തുന്നവരുടെ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യമൊരുക്കിയിട്ടുണ്ട്. വിവിധ സ്കൂളുകളുടെയും ക്ഷേത്രങ്ങളുടെയും ഗ്രൗണ്ടുകളിലും പാർക്കിംഗുണ്ട്. പ്രവർത്തകരുമായെത്തുന്ന ബസുകൾ ബൈപ്പാസിൽ പാർക്ക് ചെയ്യണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA