SignIn
Kerala Kaumudi Online
Tuesday, 02 June 2026 2.16 AM IST

മാസപ്പടി കേസ് അപ്പീലിൽ ഹൈക്കോടതി വിധി 5ന്, വീണയ്ക്കെതിരായ ഇ.ഡി അന്വേഷണം തുടരാം

f

സി.എം.ആർ.എല്ലിന് എതിരെ വെള്ളിയാഴ്ചവരെ തുടർനടപടി പാടില്ല

കൊച്ചി: മാസപ്പടി കേസിൽ സി.എം.ആർ.എൽ അധികൃതർക്കെതിരെ വെള്ളിയാഴ്ചവരെ തുടർനടപടി ഉണ്ടാകരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഇ.ഡി അന്വേഷണം തുടരാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സി.എം.ആർ.എൽ നൽകിയ അപ്പീൽ പരിഗണിച്ചാണ് നിർദ്ദേശം. അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വെള്ളിയാഴ്ച വിധിപറയും. അതുവരെയാണ് ഇളവ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്‌സാലോജിക് സൊല്യൂഷൻസിന്, ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്ന കേസിലാണ് ഇ.ഡി അന്വേഷണം. അപ്പീൽ ഹർജിയിൽ വീണ കക്ഷി അല്ലാത്തതിനാൽ അവർക്കെതിരായ അന്വേഷണം ഇ.ഡിക്ക് തുടരാനാവും.

തുടർനടപടി ഉണ്ടാകരുതെന്ന നിർദ്ദേശം അപ്പീലിൽ കക്ഷിയായവർക്ക് മാത്രമായിരിക്കണമെന്ന ഇ.ഡിയുടെ ആവശ്യംകോടതി അംഗീകരിക്കുകയായിരുന്നു. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം അനുവദിക്കില്ലെന്ന് തുടക്കത്തിലേ വ്യക്തമാക്കിയാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് അപ്പീലിൽ വിശദവാദം കേട്ടത്.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള (പി.എം.എൽ.എ) അന്വേഷണത്തിന് നിദാനമായ കുറ്റകൃത്യം (ഷെഡ്യൂൾഡ് ക്രൈം) ഉണ്ടായിരിക്കണമെന്നും അതില്ലാതെ ഇ.ഡി നടത്തുന്ന അന്വേഷണം റദ്ദാക്കണമെന്നും സി.എം.ആർ.എല്ലിനായി ഹാജരായ സുപ്രീംകോടതി അഭിഭാഷൻ സിദ്ധാർഥ് ലൂത്ര വാദിച്ചു. കള്ളപ്പണ ഇടപാട് നടന്നെന്ന വിവരം ലഭിച്ചാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനായി കാത്തിരിക്കണമെന്ന് പറയാനാകുമോ എന്ന് കോടതി ചോദിച്ചു. മാസപ്പടിയിൽ എസ്.എഫ്.ഐ.ഒ അന്വേഷണം ആരംഭിച്ച ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും അന്വേഷണം നിയമപരമാണെന്നും ഇ.ഡിക്കായി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ വ്യക്തമാക്കി.

2024 ജനുവരിയിലാണ് കോർപ്പറേറ്റ് മന്ത്രാലയം സി.എം.ആർ.എല്ലിന്റെ ഇടപാടുകൾ അന്വേഷിക്കണമെന്ന ഉത്തരവിട്ടത്. പിന്നാലെ എസ്.എഫ്.ഐ.ഒ കമ്പനി നിയമപ്രകാരം പരാതി നൽകി. പി.എം.എൽ.എ പ്രകാരമുള്ള ഷെഡ്യൂൾഡ് കുറ്റകൃത്യം നടന്നുവെന്നായിരുന്നു പരാതിയെന്നും വിശദീകരിച്ചു.

2025ൽ സിംഗിൾ ബെഞ്ച് സി.എം.ആർ.എല്ലിന്റെ ഹർജി ഉത്തരവിനായി മാറ്റിയ ശേഷമാണ് പരാതി നൽകിയതെന്നും ഇ.ഡി വിശദീകരിച്ചു. എക്‌സാലോജിക്കിന് സി.എം.ആർ.എൽ നിയമവിരുദ്ധമായി പണം നൽകിയത് മണൽ ഖനനവുമായി ബന്ധപ്പെട്ട അനുകൂല തീരുമാനത്തിന് പ്രതിഫലമായാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അന്വേഷണം തടസപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടു. കമ്പനിയിൽ കെ.എസ്.ഐ.ഡി.സിക്ക് ഓഹരി പങ്കാളിത്തമുള്ളതിനാൽ പൊതുമുതലാണ് ദുരുപയോഗം ചെയ്യപ്പെട്ടതെന്നും ഇ.ഡി വാദിച്ചു.

കർശന നടപടി

തത്കാലമില്ല

മാസപ്പടി കേസിൽ വെള്ളിയാഴ്ച വരെ തുടർനടപടി ഉണ്ടാകരുതെന്ന കോടതി നിർദ്ദേശം ബാധകമാവുക അപ്പീൽ കക്ഷിക്ക് മാത്രമാണെങ്കിലും മറ്റുള്ളവർക്കെതിരെയും അതുവരെ കർശന നടപടിയുണ്ടാകാൻ ഇടയില്ല. റെയ്ഡ്, ചോദ്യം ചെയ്യൽ, അറസ്റ്റ് പോലുള്ള നടപടികൾ തത്കാലം ഇ.ഡി ഒഴിവാക്കും.തിടുക്കത്തിലുള്ള നീക്കങ്ങൾ വിപരീതഫലമുണ്ടാക്കും എന്നാണ് നിരീക്ഷണം.എന്നാൽ,​ കേസുമായി ബന്ധപ്പെട്ട തെളിവുശേഖരണവും കടലാസു ജോലികളും തുടരും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA