SignIn
Kerala Kaumudi Online
Saturday, 13 June 2026 2.37 AM IST

ബസ് ഡ്രൈവർ അഭിജിത്ത് ഇതാ വൈസ് പ്രിൻസിപ്പൽ

ph-1

കണ്ണൂർ: ബസ് ഡ്രൈവറിൽ നിന്നു വൈസ് പ്രിൻസിപ്പലിലേക്കുള്ള അഭിജിത്തിന്റെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. പക്ഷേ, ഡ്രൈവിംഗ് സീറ്റിലിരുന്ന് കേട്ട ഡബിൾ ബെല്ലിനേക്കാൾ അഭിജിത്ത് കേൾക്കാനാഗ്രഹിച്ചത് സ്‌കൂളിലെ ലോംഗ് ബെല്ലിന്റെ മുഴക്കമായിരുന്നു. മനസിൽ മുറുകെ പിടിച്ച ഈ സ്വപ്നമായിരുന്നു 31കാരനായ അഭിജിത്തിന്റെ ഊർജ്ജം.

കണ്ണൂർ -കൊട്ടിയൂർ റൂട്ടിൽ സ്വകാര്യ ബസ് ഡ്രൈവറായ ചാല കൊയ്യോട് സ്വദേശി എം.കെ. അഭിജിത്ത് കഴിഞ്ഞ ഒന്നിന് കാസർകോട് ചിന്മയ സ്കൂളിൽ വൈസ് പ്രിൻസിപ്പലായി. 'ഇറ്റ് ഹാപ്പെൻഡ്, ചെറുപ്പം തൊട്ടുള്ള ആഗ്രഹം സഫലമായതിൽ വലിയ സന്തോഷം." അഭിജിത്ത് പറഞ്ഞു.

കണ്ണൂർ ശ്രീപുരം സ്കൂളിലും ചൊവ്വ ഹയർസെക്കൻഡറിയിലുമായി പഠിച്ച് പ്ലസ് ടു ഉയർന്ന മാർക്കോടെ പാസായി. കണ്ണൂർ എസ്.എൻ കോളേജിലായിരുന്നു ഇംഗ്ലീഷ് ബിരുദം.‌ ഈ കാലയളവിൽ വീട്ടുകാരെ സഹായിക്കാനും പഠനം മുന്നോട്ടു കൊണ്ടുപോകാനും രാത്രി ഓട്ടോ ഓടിച്ചു. തുടർ പഠനമെന്ന ലക്ഷ്യമാണ് ബസ് ഡ്രൈവറാക്കിയത്. അവധി ദിവസങ്ങളായ ശനിയും ഞായറും ബസ് ഓടിച്ചായിരുന്നു തുടക്കം. ജോലിയും പഠനവും ഒരുമിച്ച് കൊണ്ടുപോവുന്നതും വെല്ലുവിളിയായി. എങ്കിലും ആഗ്രഹങ്ങളെ കൈവിടാൻ തയ്യാറായില്ല. പാലക്കാട് ഭാരതീയ വിദ്യാനികേതൻ കോളേജിൽ നിന്ന് ബി.എഡും കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എഡും പൂർത്തിയാക്കി. അതിനുശേഷം ആറു വർഷമായി ബസ് ഡ്രൈവറായി ജോലിനോക്കുകയായിരുന്നു. അതിനിടെ, ചിന്മയ വിദ്യാലയത്തിലെ അഭിമുഖം കഴിഞ്ഞെങ്കിലും പ്രതീക്ഷ ഉണ്ടായിരുന്നില്ല. പക്ഷേ, കഠിനാദ്ധ്വാനത്തിന് ഫലമുണ്ടായി. ആർമിയിലായിരുന്ന അച്ഛൻ സി.കെ.ദിനേശ് ബാബു വിരമിച്ച ശേഷം നാട്ടിൽ ഓട്ടോ ഡ്രൈവറായിരുന്നു. അങ്ങനെയാണ് അഭിജിത്തും ഡ്രൈവിംഗ് സീറ്റിലെത്തിയത്. എം.കെ.കാഞ്ചനയാണ് മാതാവ്.

നടനും വ്ലോഗറും

അഭിനയത്തോട് താത്പര്യമുള്ള അഭിജിത്ത് എബ്രഹാം ഓസ്ലർ, പുഷ്പകവിമാനം എന്നീ സിനിമകളിൽ വേഷമിട്ടു. വ്ലോഗർ കൂടിയായ അഭിജിത്തിനെ ഇൻസ്റ്റഗ്രാമിൽ നിരവധി പേർ ഫോളോ ചെയ്യുന്നുണ്ട്. സ്കൂളിൽ ചുമതലയേറ്റ് ഒരാഴ്ച പിന്നിട്ടപ്പോൾ തന്നെ രക്ഷിതാക്കളിൽ ചിലർ തന്നെ തിരിച്ചറിഞ്ഞതായി അഭിജിത്ത് പറഞ്ഞു. കവിതയും എഴുതാറുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA