
കൊല്ലം: മുൻ മന്ത്രി കെ.ബി. ഗണേശ് കുമാറും സഹോദരി ഉഷ മോഹൻദാസും തമ്മിലുള്ള വിൽപത്ര കേസ് ഒത്തുതീർപ്പിലേക്ക്. വിൽപ്പത്രത്തിലെ ഒപ്പ് ബാലകൃഷ്ണ പിള്ളയുടേത് തന്നെയെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞതോടെ, ഇടനിലക്കാരൻ മുഖേന നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഉഷ മോഹൻദാസ് കൊട്ടാരക്കര മുൻസിഫ് കോടതിയിൽ ഒത്തുതീർപ്പ് ഹർജി സമർപ്പിച്ചു. 9ന് ഹർജി പരിഗണിക്കും.
ആർ. ബാലകൃഷ്ണയുടെ സ്വത്തുക്കളുടെ വലിയ ഭാഗം വ്യാജ വിൽപ്പത്രം തയ്യാറാക്കി ഗണേശ് കുമാർ തട്ടിയെടുത്തെന്ന് ആരോപിച്ച് 2021ലാണ് മൂത്തമകളായ ഉഷ മോഹൻദാസ് കോടതിയെ സമീപിച്ചത്. സ്വത്തുക്കളുടെ വലിയ ഭാഗം ഗണേശിനും ബാക്കി രണ്ടാമത്തെ മകളായ ബിന്ദു ബാലകൃഷ്ണനുമാണ്. ബാലകൃഷ്ണപിള്ള അസുഖബാധിതനായി കിടക്കുമ്പോഴാണ് വിൽപ്പത്രം തയ്യാറാക്കിയത്. അന്ന് സഹായിയായി ഒപ്പമുണ്ടായിരുന്ന ഗണേഷ് കുമാർ വ്യാജരേഖ ചമച്ചുവെന്നായിരുന്നു ആരോപണം. സഹകരണ ബാങ്കിലുണ്ടായിരുന്ന ബാലകൃഷ്ണപിള്ളയുടെ നിക്ഷേപം ഗണേശ്കുമാർ തട്ടിയെടുത്തെന്നും ഉഷ മോഹൻദാസ് ആരോപിച്ചിരുന്നു.
സ്വത്ത് തർക്കം ഉന്നയിച്ച് ഉഷ മോഹൻദാസ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയെയും സി.പി.എം സംസ്ഥാന സെക്രട്ടറിയെയും നേരിൽ കണ്ടിരുന്നു. ഇതോടെ രണ്ടാം പിണറായി സർക്കാരിൽ എൽ.ഡി.എഫ് ധാരണ പ്രകാരമുള്ള ആദ്യ രണ്ടര വർഷത്തെ മന്ത്രി സ്ഥാനം ഗണേശിന് ലഭിച്ചില്ല. ആന്റണി രാജു രണ്ടര വർഷം പൂർത്തിയാക്കിയപ്പോൾ ഗണേശിന് മന്ത്രി സ്ഥാനം നൽകാൻ എൽ.ഡി.എഫ് നിർബന്ധിതരായി. ഏഴ് മാസം മുൻപാണ് ഫോറൻസിക് പരിശോധന ഫലം വന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |