
തിരുവനന്തപുരം: ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉയർത്തിയ ഗുരുതര ആരോപണം സർക്കാരിനെ പ്രതിരോധത്തിലാക്കി. അനിൽ അംബാനിയുടെ കമ്പനി മുങ്ങിത്താഴുന്നതറിഞ്ഞിട്ടും 2018ൽ 60.80 കോടി നിക്ഷേപിച്ചെന്നും പലിശ സഹിതം 101 കോടി രൂപ നഷ്ടപ്പെട്ടെന്നുമാണ് സതീശൻ പത്രസമ്മേളനം നടത്തി ആരോപിച്ചത്.
ഡയറക്ടർ ബോർഡിൽ പോലും ചർച്ച ചെയ്യാതെയാണ് റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡിൽ (ആർ.സി.എഫ്.എൽ) നിക്ഷേപിച്ചത്. ഇക്കാര്യം വാർഷിക റിപ്പോർട്ടിൽ മറച്ചുവച്ചു. കെ.എഫ്.സിയിലെ ഇടത് സംഘടനാ നേതാക്കൾ ഒന്നാം പിണറായി സർക്കാരിന്റെ ഒത്താശയോടെ നടത്തിയ കൊള്ളയാണിതെന്നും സതീശൻ പറഞ്ഞു. 2019ൽ കമ്പനി ലിക്വിഡേറ്റ് ചെയ്തു. 7 കോടി 9 ലക്ഷം രൂപ മാത്രം തിരിച്ചുകിട്ടി. പലിശസഹിതം 109 കോടി ലഭിക്കേണ്ടതാണ്. 101 കോടിയുടെ നഷ്ടമാണുണ്ടായത്.
2015- 2018 കാലത്ത് അനിലിന്റെ കമ്പനികൾ ഗുരുതര പ്രതിസന്ധിയിലായിട്ടും നിക്ഷേപം നടത്തിയത് അബദ്ധമാണെന്ന് കരുതാനാവില്ല. ഭരണനേതൃത്വത്തിന്റെ അറിവോടെ ഉന്നതർ വൻതുക കമ്മിഷൻ വാങ്ങിയിട്ടുണ്ടെന്നും അന്നത്തെ ധനമന്ത്രിയായിരുന്ന ഡോ.തോമസ് ഐസക്കിന്റെ പേരെടുത്ത് പറയാതെ സതീശൻ ആരോപിച്ചു. പണം തിരിച്ചുപിടിക്കാൻ സർക്കാർ നാളിതുവരെ ഒന്നും ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ ധനമന്ത്രിയോട് 11-ാം നിയമസഭാ സമ്മേളനത്തിൽ ചോദ്യമുന്നയിച്ചിരുന്നെങ്കിലും മറുപടി കിട്ടിയില്ല. ഇടപാടിന്റെ കരാർ രേഖകൾ പുറത്തുവിടണം. അഴിമതിയെ കുറിച്ച് അന്വേഷിക്കണം.
നിയമവിരുദ്ധമായി ഒന്നും
നടന്നിട്ടില്ല: ബാലഗോപാൽ
ആർ.സി.എഫ്.എൽ നിക്ഷേപത്തിൽ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും കേന്ദ്ര നിയമം അനുസരിച്ചാണ് കെ.എഫ്.സി പ്രവർത്തിക്കുന്നതെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഒരു ബിസിനസിൽ ലാഭവും നഷ്ടവും ഉണ്ടാകാം. നിക്ഷേപിക്കുന്ന സമയം ഉയർന്ന റേറ്റിംഗിൽ ആയിരുന്നു ആർ.സി.എഫ്.എൽ. യെസ് ബാങ്ക്, കാനറാ ബാങ്ക്, നബാർഡ്, യൂണിയൻ ബാങ്ക് തുടങ്ങി മുൻനിര സ്ഥാപനങ്ങൾ 8000 കോടിയോളം നിക്ഷേപം നടത്തിയ കമ്പനിയാണ്.
വിദഗ്ദ്ധരടങ്ങിയ ഇൻവെസ്റ്റ്‌മെന്റ് കമ്മിറ്റിയാണ് നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ഡയറക്ടർ ബോർഡ് പിന്നീട് അംഗീകാരം നൽകുകയാണ് പതിവ്. ലാഭത്തിൽ പ്രവർത്തിക്കുന്ന കെ.എഫ്.സിക്ക് കിട്ടാക്കടവും ഇല്ല.
എൻ.എസ്.എസ് ആസ്ഥാനത്തെ ചെന്നിത്തലയുടെ പുഷ്പാർച്ചനയുടെ സമയത്താണ് പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനം നടത്തിയത്. മറ്റൊരു കോൺഗ്രസ് നേതാവ് എറണാകുളത്തും അതേസമയത്ത് വാർത്താസമ്മേളനത്തിനെത്തി. ഇത് അവരുടെ ആഭ്യന്തര കാര്യം. ഇതിലൊക്കെ രാഷ്ട്രീയ കാരണങ്ങൾ കാണും.
കെ.എഫ്.സി 74.4 കോടി
ലാഭത്തിൽ
ഈ സർക്കാരിന്റെ കാലത്ത് 57 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലായി. ഇതിൽ മുന്നിൽ കെ.എഫ്.സിയാണ്. കഴിഞ്ഞ വർഷം 74.4 കോടിയാണ് ലാഭം. 65,000 കോടിയുടെ നിക്ഷേപമുണ്ട്
പണം കിട്ടാൻ നിയമപോരാട്ടം
ആർ.സി.എഫ്.എല്ലിലെ നിക്ഷേപം പലിശസഹിതം വീണ്ടെടുക്കാൻ നിയമപോരാട്ടത്തിലാണ് സർക്കാർ. സെബിയിലും മുംബയ് ഹൈക്കോടതിയിലും കേസുണ്ട്. ആർ.സി.എഫ്.എൽ ഡിബഞ്ചർ നിക്ഷേപം ക്ഷണിച്ചപ്പോൾ വസ്തുതകൾ മറച്ചുവച്ചെന്നാണ് പ്രധാന ആരോപണം. ഇത് സെബി ശരിവച്ചിട്ടുണ്ട്. ഇതിന് റിലയൻസിന് 10 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ലാഭമുൾപ്പെടെ കിട്ടേണ്ട 101കോടിയിൽ പകുതിയെങ്കിലും നേടിയെടുക്കാനാണ് ശ്രമം.
നിക്ഷേപം ഡയറക്ടർ ബോർഡ്
അറിയാതെ : സതീശൻ
ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് 100 ശതമാനം ഗ്യാരന്റിയുണ്ടെങ്കിലേ കെ.എഫ്.സി വായ്പ നൽകാറുള്ളു. എന്നാൽ, ആർ.സി.എഫ്.എല്ലിലെ നിക്ഷേപം യാതൊരു ഗ്യാരന്റിയുമില്ലാതെയാണെന്ന് വി.ഡി.സതീശൻ ആരോപിച്ചു. 2018 ഏപ്രിൽ 19ന് ചേർന്ന അസറ്റ് ലയബിലിറ്റി മാനേജ്മെന്റ് കമ്മിറ്റിയുടെ തീരുമാനപ്രകാരമായിരുന്നു നിക്ഷേപം. ഡയറക്ടർ ബോർഡ് അറിഞ്ഞിരുന്നില്ല. ബോർഡ് യോഗം ചേർന്നത് 2018 ജൂൺ 18നാണ്. പക്ഷേ അംബാനിയുടെ കമ്പനിയിൽ 2018 ഏപ്രിൽ 26ന് പണം നിക്ഷേപിച്ചിരുന്നു
2018-19ലെയും 2019-20ലെയും വാർഷിക റിപ്പോർട്ടിൽ 60.80 കോടി നിക്ഷേപിച്ചതായി പറയുന്നുണ്ടെങ്കിലും സ്ഥാപനത്തെ കുറിച്ച് പറയുന്നില്ല. 2020-21ലെ റിപ്പോർട്ടിലാണ് കമ്പനി ആർ.സി.എഫ്.എൽ ആണെന്നും 7.09 കോടി തിരികെക്കിട്ടിയെന്നും വ്യക്തമാക്കുന്നത്. 2023-24ലെ കണക്കിലും അവ്യക്തതയുണ്ട്.
മാനദണ്ഡം പാലിച്ചാണ് നിക്ഷേപിച്ചത്. ടെണ്ടർ വിളിച്ചിരുന്നു. അന്ന് റിലയൻസിന് ഡബിൾ റേറ്റിംഗ് ഉണ്ടായിരുന്നു. 250 കോടിയുടെ ബോണ്ട് ഇറക്കുന്നതിന് യോഗ്യത നേടാനായിരുന്നു നിക്ഷേപം. അഴിമതി ഉന്നയിക്കുന്നവർ തെളിവ് ഹാജരാക്കണം
ഡോ.തോമസ് ഐസക്, മുൻ ധനമന്ത്രി
അഴിമതി ആരോപണം പരിശോധിക്കും. ഒന്നും മൂടിവയ്ക്കാൻ സർക്കാരും പാർട്ടിയും ആഗ്രഹിക്കുന്നില്ല
എം.വി.ഗോവിന്ദൻ
സി.പി.എം സംസ്ഥാന സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |