SignIn
Kerala Kaumudi Online
Saturday, 05 September 2026 2.18 PM IST

കനത്ത ചൂടിനാശ്വാസമായി മഴയെത്തുന്നു; കേരളത്തിലെ രണ്ട് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദേശം

rain
എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിന് സമീപത്ത് നിന്നുള്ള കാഴ്ച (ഫോട്ടോ: ജോഷ്‌വാൻ മനു)

തിരുവനന്തപുരം: കനത്ത ചൂടിനാശ്വാസമായി സംസ്ഥാനത്ത് മഴ എത്തുന്നു. രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകൾക്കാണ് ജാഗ്രതാ നിർദേശമുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേസമയം, കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

തെക്കു പടിഞ്ഞാറൻ മൺസൂൺ ഈ മാസം പിൻവാങ്ങാനിരിക്കെ സംസ്ഥാനത്ത് 23 ശതമാനം മഴക്കുറവാണ് നേരിടുന്നത്. ചൂടും കടുത്തു. പുനലൂരിൽ താപനില 35 ഡിഗ്രി കടന്നു. മറ്റ് ജില്ലകളിലും താപനില ഉയരുന്നുണ്ട്. വേനൽകാലത്തെ അവസ്ഥയാണ് നിലവിലുള്ളത്.

കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിൽ മഴയേ ഇല്ലായിരുന്നു. ഇത്തവണ ജൂൺ ഒന്നിനുതന്നെ കാലവർഷം ആരംഭിച്ചപ്പോൾ വലിയ പ്രതീക്ഷയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ എല്ലാം തെറ്റി. എൽ നിനോ പ്രതിഭാസമാണ് വില്ലനായത്. ഓഗസ്റ്റ് 27 മുതൽ സെപ്തംബർ രണ്ടു വരെ മഴക്കുറവ് 64 ശതമാനമാണ്. ഈ കാലയളവിൽ 76.2 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് പെയ്തത് 27.4 മില്ലിമീറ്റർ മാത്രമാണ്. ജൂൺ മുതൽ ഇതുവരെ 1769.9 മില്ലിമീറ്റർ മഴ പ്രതീക്ഷിച്ചെങ്കിലും 1369.6 മില്ലിമീറ്ററേ പെയ്തുള്ളൂ.

English Summary

Kerala anticipates rain, bringing relief from intense heat, with the IMD issuing a yellow alert for Pathanamthitta and Idukki districts predicting isolated heavy rainfall. Despite the forecast, the state faces a significant 23% deficit in southwest monsoon rainfall this season, exacerbated by high temperatures and recent dry spells, attributed partly to the El Niño phenomenon.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA RAIN, YELLOW ALERT KERALA, PATHANAMTHITTA IDUKKI RAIN, KERALA MAZHA, KERALA WEATHER FORECAST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ