
തിരുവനന്തപുരം: അപകടസാദ്ധ്യതയുള്ള സാഹചര്യങ്ങളിൽ കഴിയുന്ന കുട്ടികളുടെ സുരക്ഷയും സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കാനായി സംസ്ഥാനവ്യാപക കർമ്മപദ്ധതി ആവിഷ്കരിച്ച് വനിതാ ശിശു വികസന വകുപ്പ്. ആലപ്പുഴയിൽ രണ്ടരവയസുകാരൻ പോഷകക്കുറവ് മൂലം മരിച്ചതിന്റെ പശ്ചാത്തലത്തിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ കഴിയുന്ന കുട്ടികളെ കണ്ടെത്താൻ സംസ്ഥാനവ്യാപകമായി വൾനറബിലിറ്റി മാപ്പിംഗ് സർവേ നടത്തും.ജില്ലയിലെ കുട്ടികളുടെ സുരക്ഷ, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കുന്നതിനുള്ള പൂർണ ഉത്തരവാദിത്വം ജില്ലാ വനിതാ ശിശു വികസന ഓഫീസർമാർക്കായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ചൈൽഡ് പ്രൊട്ടക്ഷൻ ആൻഡ് വെൽഫെയർ കമ്മിറ്റികൾ കൃത്യമായി യോഗം ചേരുന്നുവെന്ന് ഉറപ്പാക്കും.അപകടസാദ്ധ്യത നേരിടുന്ന കുട്ടികളെ കണ്ടെത്തിയാൽ തദ്ദേശസ്വയംഭരണം, ആരോഗ്യം, പോലീസ് തുടങ്ങിയവയുടെ സഹകരണത്തോടെ ആവശ്യമായ സുരക്ഷാ നടപടികളും പുനരധിവാസവും ഉറപ്പാക്കും.
കുട്ടികളെ രക്ഷപ്പെടുത്തുന്നതുൾപ്പെടെയുള്ള ഗൗരവമുള്ള വിഷയങ്ങളിൽ നടപടികൾക്ക് തടസം നേരിട്ടാൽ ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഉന്നതതല ഇടപെടൽ ഉറപ്പാക്കണം. കുട്ടികളുടെ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥർ വഴി കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ മാധ്യമങ്ങളിൽ എത്തുന്നത് തടയാൻ കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |