
പാലക്കാട്: സർവീസ് കഴിഞ്ഞ് നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ് അജ്ഞാതൻ മോഷ്ടിച്ചു. പാലക്കാട്-തൃശൂർ റൂട്ടിൽ ഓടുന്ന ബസ് ഡിപ്പോയ്ക്ക് സമീപം നിർത്തിയിട്ടിരുന്നപ്പോഴാണ് മോഷണം നടന്നത്. ഇന്ന് പുലർച്ചെ ജീവനക്കാർ നോക്കിനിൽക്കെയാണ് വെള്ള ഷർട്ട് ധരിച്ച ഒരാൾ ബസ് ഓടിച്ചുകൊണ്ടുപോയത്. പിന്നീട് ടൗൺ ബസ് സ്റ്റാൻഡിന് മുന്നിലുള്ള മംഗളം ടവറിന് സമീപത്ത് ബസ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇന്നലെ രാത്രി ഒൻപതരയോടെയാണ് ടൗൺ ടു ടൗൺ സർവീസ് നടത്തുന്ന 'ആർ.എൻ.ഇ. 857' എന്ന നമ്പർ ബസ് സർവീസ് പൂർത്തിയാക്കി ഡിപ്പോയിലെത്തിയത്. മെക്കാനിക്ക് വിഭാഗത്തിലെത്തിച്ച് പരിശോധിച്ചശേഷം ഡിപ്പോയ്ക്ക് പുറത്തുള്ള മദ്യവിൽപ്പനശാലയ്ക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന ബസാണ് അജ്ഞാതൻ മോഷ്ടിച്ചത്.
ബസ് അശ്രദ്ധമായി ഓടിച്ചതിനെത്തുടർന്ന് ഒരു ബിരിയാണിക്കടയിലും നിരവധി മതിലുകളിലും ഇടിച്ച് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ബസ് മോഷ്ടിച്ചയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. പ്രതിക്കായി ടൗൺ സൗത്ത് പൊലീസ് സിസിടിവി ക്യാമറകളടക്കം പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |