SignIn
Kerala Kaumudi Online
Sunday, 04 October 2026 11.25 AM IST

ശബരിമല സീസണിൽ സ്വകാര്യ ബസ് ഇറക്കാൻ കെഎസ്ആർടിസി; പ്രിയദർശിനി സർവീസ് നിർത്തും

ksrtc
ശബരിമല, കെ.എസ്.ആർ.ടി.സി

പത്തനംതിട്ട: ശബരിമല തീർഥാടനത്തോടനുബന്ധിച്ച് യാത്രാ സൗകര്യം വർദ്ധിപ്പിക്കാൻ സ്വകാര്യ ബസുകളെ രംഗത്തിറക്കാൻ കെ.എസ്.ആർ.ടി.സി. സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽനിന്നായി ഏകദേശം 300 സ്വകാര്യ ബസുകൾ വാടകയ്‌ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്താനാണ് പദ്ധതി. ലഭിച്ച ഇടെൻഡറുകൾ പരിശോധിച്ചുവരികയാണ്.

കിലോമീറ്റർ നിരക്കിൽ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ ബസുകൾക്കായിരിക്കും മുൻഗണന. ഡ്രൈവറടക്കം ബസ് നൽകാൻ തയ്യാറുള്ള ഉടമകളിൽനിന്നാണ് ടെൻഡർ ക്ഷണിച്ചത്. എട്ട് വർഷത്തിൽ താഴെ പഴക്കമുള്ള ടൂറിസ്റ്റ് ബസുകളുടെ മാതൃകയിലുള്ള വാഹനങ്ങളെയാണ് പരിഗണിക്കുന്നത്.

സ്വകാര്യ ബസുകൾ ഓടിക്കുന്നതിലൂടെ തീർഥാടകരിൽനിന്ന് അധിക നിരക്ക് ഈടാക്കില്ലെന്നാണ് നിലവിലെ തീരുമാനം. കെ.എസ്.ആർ.ടി.സി. സർവീസുകൾക്ക് ബാധകമായ നിരക്കുതന്നെ വാടകയ്ക്ക് എത്തുന്ന ബസുകളിലും ഈടാക്കും. എ.സി. ബസുകൾ ഉൾപ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ട്. എന്നാൽ കരാർ വ്യവസ്ഥകൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അന്തിമ തീരുമാനമായിട്ടില്ല.


സ്വകാര്യ ബസ് ഉടമകളുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ടെൻഡർ നടപടികളിലേക്ക് കെ.എസ്.ആർ.ടി.സി. കടന്നത്. എന്നാൽ പ്രതീക്ഷിച്ചത്ര പ്രതികരണം ലഭിച്ചിട്ടില്ലെന്നാണ് വിവരം. ലഭിച്ച ടെൻഡറുകളുടെ പരിശോധന പൂർത്തിയാക്കിയ ശേഷമായിരിക്കും തുടർനടപടികൾ.

നിലവിൽ പമ്പയിലേക്ക് സ്ഥിരമായി സർവീസ് നടത്തുന്ന പ്രിയദർശിനി ബസുകൾ ശബരിമല സീസണിൽ മാറ്റിനിർത്താനുള്ള സാധ്യതയുണ്ട്. പമ്പയിലെ തിരക്ക് കണക്കിലെടുത്ത് ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് സർവീസുകൾക്കാണ് കെ.എസ്.ആർ.ടി.സി കൂടുതൽ പ്രാധാന്യം നൽകുന്നത്.

കഴിഞ്ഞ വർഷങ്ങളിൽ സീസൺ മുന്നിൽക്കണ്ട് കെ.എസ്.ആർ.ടി.സി. പുതിയ ബസുകൾ വാങ്ങിയിരുന്നു. ഇത്തവണ പുതിയ വാഹനങ്ങൾ വാങ്ങുന്നതിനുള്ള സാമ്പത്തിക പരിമിതിയും നിലവിലുള്ള ബസുകളുടെ പഴക്കവും പരിഗണിച്ചാണ് സ്വകാര്യ ബസുകളെ ആശ്രയിക്കുന്നത്. നിരവധി ബസുകൾക്ക് 16 വർഷത്തിലേറെ പഴക്കമുണ്ട്.

പതിനഞ്ച് വർഷം പിന്നിട്ട പൊതുമേഖലാ വാഹനങ്ങൾ പൊളിക്കണമെന്ന കേന്ദ്ര നയമുള്ളപ്പോഴും ബസുകളുടെ അപര്യാപ്തതയും സാമ്പത്തിക പ്രതിസന്ധിയും കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി. ബസുകളുടെ പരമാവധി ഉപയോഗകാലം 20 വർഷമായി നിലനിർത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തീർഥാടനകാലത്തെ സർവീസുകൾ മുടങ്ങാതിരിക്കാൻ സ്വകാര്യ ബസുകളെ വാടകയ്‌ക്കെടുക്കാനുള്ള നീക്കം.

English Summary

KSRTC plans to hire approximately 300 private buses for Sabarimala pilgrimage services to enhance facilities. This addresses financial constraints and an aging fleet. E-tenders are under review, prioritizing lower per-kilometer bids. Pilgrims will be charged standard KSRTC fares. Decisions on contract terms are pending, and initial tender response was below expectations.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTCBUS, SHABARIMALA, SEASON SERVICE, LATESTNEWS, KSRTC PRIVATE BUSES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA