
തിരുവനന്തപുരം: ജലവിതരണത്തിൽ നിന്നുള്ള വരുമാനം കൊണ്ടുമാത്രം പിടിച്ചു നിൽക്കാനാവാത്ത സാഹചര്യത്തിൽ വരുമാന വർദ്ധനയ്ക്ക് പുതിയ പദ്ധതികളുമായി വാട്ടർ അതോറിട്ടി. ഇൻഫോടെയ്ൻമെന്റ് പാർക്കുകൾ, മ്യൂസിയം, പേ ആന്റ് പാർക്ക് കേന്ദ്രങ്ങൾ, ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകൾ തുടങ്ങിയവയാകും ആരംഭിക്കുക. ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലാകും തുടങ്ങുക.
അതോറിട്ടി റസ്റ്റ് ഹൗസുകൾ പി.ഡബ്ലിയു.ഡി മാതൃകയിൽ പൊതുജനങ്ങൾക്കായി തുറന്നു നൽകും. പദ്ധതിയുടെ തുടർനടപടികൾക്കായി ജോയിന്റ് എം.ഡി ബിനു ഫ്രാൻസിസിന്റെ നേതൃത്വത്തിൽ നോൺ വാട്ടർ റവന്യു യൂണിറ്റ് പ്രവർത്തനം തുടങ്ങി. ജലവിതരണത്തിലൂടെ നിലവിൽ ലഭിക്കുന്ന വരുമാനം പര്യാപ്തമല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ മന്ത്രി റോഷി അഗസ്റ്റിന്റെ നിർദ്ദേശപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്.
റസ്റ്റ് ഹൗസുകൾ പുതുക്കി പണിയും. ഇല്ലാത്ത സ്ഥലങ്ങളിൽ പുതിയത് നിർമ്മിക്കും. പൊതുജനങ്ങൾക്ക് ഓൺലൈനിലൂടെ ബുക്കു ചെയ്യാൻ ക്രമീകരണമൊരുക്കും. വാട്ടർ അതോറിട്ടിയുടെ സ്ഥാപനങ്ങളും ഭൂമിയും സിറ്റികളിലെ പ്രധാന സ്ഥലങ്ങളിലായതിനാൽ പാർക്കിംഗ് കേന്ദ്രങ്ങൾ, ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകൾ എന്നിവ സ്ഥാപിക്കുന്നതിലൂടെ കൂടുതൽ വരുമാനമുണ്ടാക്കാമെന്നാണ് വിലയിരുത്തൽ. കൺവെൻഷൻ സെന്ററുകളും വാണിജ്യ കേന്ദ്രങ്ങളും നിർമ്മിച്ച് വാടകയ്ക്ക് നൽകുന്നതും പരിഗണിക്കുന്നു.
ആദ്യഘട്ടം തിരുവനന്തപുരത്ത്
വെള്ളയമ്പലത്ത് 90 വർഷം പഴക്കമുള്ള വാട്ടർ അതോറിട്ടിയുടെ ആസ്ഥാന മന്ദിരത്തിൽ വാട്ടർ മ്യൂസിയം തുടങ്ങും
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സംസ്ഥാനത്തെ ജലസേചനം, ഡാമുകളുടെ ചരിത്രം, ജലശുദ്ധീകരണത്തിന്റെ പ്രാധാന്യം, സാങ്കേതിക ഘടകങ്ങളുടെ പ്രോട്ടോടൈപ്പ് എന്നിവ ഇവിടെ സജ്ജമാക്കും
മ്യൂസിയം ജംഗ്ഷനിൽ ക്യാപ്ടൻ ലക്ഷ്മി പാർക്കിന് സമീപം കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹായത്തോടെ ഇൻഫോടെയ്ൻമെന്റ് പാർക്ക് സ്ഥാപിക്കും. പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കാൻ സ്റ്റാർട്ടപ്പ് മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്
1585 കോടി
വാട്ടർ അതോറിട്ടിയുടെ
നിലവിലെ ബാദ്ധ്യത
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |