SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

കണ്ണൂർ ചെങ്കോട്ടകൾ നിലംപൊത്തി; അണികൾ നേതൃത്വത്തെ തിരുത്തി

p

കണ്ണൂർ: അണികൾ തന്നെ സി.പി.എം നേതൃത്വത്തെ തിരുത്തിയ ദിനമായി ഈ തിരഞ്ഞെടുപ്പ് വിധി ദിനം.

പാർട്ടി കോട്ടകളെന്ന് സി.പി.എം വിശ്വസിച്ചിരുന്ന പയ്യന്നൂരിലും തളിപ്പറമ്പിലും വിമതർ ചരിത്ര വിജയം നേടിയപ്പോൾ, ധർമടം, മട്ടന്നൂർ, കല്യാശേരി, കൂത്തുപറമ്പ് തുടങ്ങിയ സുരക്ഷിത കേന്ദ്രങ്ങളിൽ ഭൂരിപക്ഷം ഗണ്യമായി ഇടിഞ്ഞു.

പയ്യന്നൂരിലെ ഇടിമുഴക്കത്തിൽ അമ്പരന്ന് നിൽക്കുകയാണ് നേതൃത്വം. മുൻ സി.പി.എം ജില്ലാ കമ്മിറ്റി അംഗവും പയ്യന്നൂർ ഏരിയ സെക്രട്ടറിയുമായിരുന്ന വി. കുഞ്ഞികൃഷ്ണൻ യു.ഡി.എഫ് പിന്തുണയോടെ 7,487 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചുകയറിയത്.

1965ൽ മണ്ഡലം രൂപീകരിച്ചതു മുതൽ ഇടതുപക്ഷം ഇവിടെ തോറ്റിരുന്നില്ല, എം.വി. രാഘവനും പിണറായി വിജയനും ജയിച്ചുകയറിയ സ്ഥലമാണ്. 2021ൽ 49,780 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷം നേടിയ ടി.ഐ. മധുസൂദനനെയാണ് കുഞ്ഞികൃഷ്ണൻ തോൽപ്പിച്ചത്.

2022ൽ ധനരാജ് രക്തസാക്ഷി ഫണ്ടിലും ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ടിലും 91 ലക്ഷം രൂപ ദുർവ്യയം ചെയ്‌തെന്ന് ആരോപിച്ച് കുഞ്ഞികൃഷ്ണൻ നേതൃത്വത്തിന്റെ ശ്രദ്ധ ആകർഷിച്ചെങ്കിലും, ടി.ഐ. മധുസൂദനൻ എം.എൽ.എയ്ക്ക് ഒപ്പം നിന്ന പാർട്ടി, കുഞ്ഞികൃഷ്ണനെ പുറത്താക്കി. ആരോപണ വിധേയനെ വീണ്ടും സ്ഥാനാർത്ഥിയാക്കിയ പാർട്ടി നടപടി കണ്ടാണ് 'ജയിക്കാനല്ല, ചോദ്യം ചോദിക്കാൻ' എന്ന് പ്രഖ്യാപിച്ച് കുഞ്ഞികൃഷ്ണൻ മത്സരരംഗത്ത് ഇറങ്ങിയത്. നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന തന്റെ പുസ്തകത്തിന്റെ പേര് അക്ഷരാർത്ഥത്തിൽ ശരിയാക്കുന്ന ജനവിധിയാണെന്ന് കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു.


കുടുംബാധിപത്യം

തള്ളി തളിപ്പറമ്പ്


2021ൽ 22,689 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്ന തളിപ്പറമ്പ് ഇക്കുറി 12,627 വോട്ടിന്റെ വ്യക്തമായ ഭൂരിപക്ഷത്തിൽ വിമത സ്ഥാനാർത്ഥിയായ ടി.കെ. ഗോവിന്ദൻ കൈക്കലാക്കി. 1970നു ശേഷം സി.പി.എം തോൽക്കാത്ത മണ്ഡലത്തിൽ പരാജയപ്പെട്ടത്
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമള.

'കുടുംബ രാഷ്ട്രീയത്തിനെതിരെ സംസാരിക്കുന്ന പാർട്ടി ഭാര്യക്ക് സീറ്റ് കൊടുക്കുന്നതെങ്ങനെ?' ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ടി.കെ. ഗോവിന്ദൻ ഉന്നയിച്ച ഈ ചോദ്യം പാർട്ടി ചെവിക്കൊണ്ടില്ല. ദീർഘകാലം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചുമതലക്കാരനായ ഗോവിന്ദൻ കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്രനായി നിലകൊണ്ടപ്പോൾ, ജനം അദ്ദേഹത്തോടൊപ്പം നിന്നു. ടി.കെ. ഗോവിന്ദൻ 90,353 വോട്ടു നേടിയപ്പോൾ പി.കെ. ശ്യാമളക്ക് 77,726 വോട്ടു മാത്രം ലഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA