തിരുവനന്തപുരം: ലിവിംഗ് ടുഗദർ ദമ്പതികൾക്ക് പിറന്ന കുഞ്ഞിന്റെ രജിസ്റ്ററിൽ പിതാവിന്റെ പേര് തെറ്റായി രേഖപ്പെടുത്തിയത് തിരുത്താൻ ഉത്തരവിട്ട് ഹൈക്കോടതി. കുട്ടികളുടെ രക്ഷാധികാരി (പാരൻസ് പാട്രിയെ) എന്ന അധികാരം വിനിയോഗിച്ചാണ് ജനന രജിസ്റ്ററിൽ തിരുത്തൽ വരുത്താൻ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടത്.
കുഞ്ഞിന്റെ അമ്മ 2007ൽ വിവാഹം കഴിക്കുകയും 2021ൽ വിവാഹമോചിതയാവുകയും ചെയ്തു. തുടർന്ന് മറ്റൊരാളുമായി ലിവിംഗ് റിലേഷനിലായി. ഈ ബന്ധത്തിൽ ഈ വർഷം ഫെബ്രുവരിയിൽ കുഞ്ഞ് പിറന്നു. കൊച്ചി കോർപ്പറേഷനിലെ ജനന രജിസ്റ്ററിൽ ആദ്യ ഭർത്താവിന്റെ പേരാണ് കുഞ്ഞിന്റെ പിതാവിന്റെ പേരായി അധികൃതർ രേഖപ്പെടുത്തിയത്.
ജനന രജിസ്റ്ററിൽ തിരുത്തൽ ആവശ്യപ്പെട്ട് നൽകിയ അപേക്ഷ കൊച്ചി കോർപ്പറേഷൻ നിരസിച്ചതിനെത്തുടർന്നാണ് ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചത്. ജനന രജിസ്റ്ററിൽ പിതാവിന്റെ പേര് തെറ്റായി രേഖപ്പെടുത്തിയാൽ തിരുത്താൻ നിയമം അനുവദിക്കുന്നില്ല. കുട്ടിയുടെ ഡിഎൻഎ പരിശോധനാ റിപ്പോർട്ടടക്കം നൽകേണ്ടതായി വരും.
എന്നാൽ പിതാവ് ആരാണെന്നതിൽ ഹർജിയിൽ തർക്കം ഇല്ലാത്തതിനാൽ ഡിഎൻഎ പരിശോധന വേണമെന്ന് നിഷ്‌കർഷിക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞു. മുൻഭർത്താവിന് നോട്ടീസ് അയച്ചിട്ടും അത് കൈപ്പറ്റുക പോലും ചെയ്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമം അനുവദിക്കാത്തിടത്ത് ഭരണഘടന അനുസരിച്ച് കോടതിക്ക് ഇടപെടാമെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് ജനന സർട്ടിഫിക്കറ്റ് 30 ദിവസത്തിനകം തിരുത്തി നൽകാൻ ഉത്തരവിട്ടത്.
The Kerala High Court ordered correction of a child’s birth record after the father’s name was wrongly entered as the mother’s former husband. The child was born to a couple in a live-in relationship. The court ruled that DNA testing was unnecessary since paternity was undisputed and directed Kochi Corporation to correct the birth certificate within 30 days.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |