SignIn
Kerala Kaumudi Online
Wednesday, 29 July 2026 6.56 AM IST

ലോട്ടറി: ആരും വന്നില്ലെങ്കിൽ സമ്മാനം സർക്കാരിന്

lottery

തിരുവനന്തപുരം: ലോട്ടറിയടിച്ചാൽ സമ്മാനാർഹമായ ടിക്കറ്റുമായി ആരും വന്നില്ലെങ്കിൽ ആ തുക സർക്കാരിന് പോകും. തുക പണമായി ട്രഷറിയിലേക്ക് മാറ്റുകയാണ് ചെയ്യുക. ഒാരോ വർഷവും ശരാശരി 200 കോടിയിലേറെ രൂപയാണ് ഇത്തരത്തിൽ എത്തുന്നത്. ലോട്ടറി വില്പനയിലൂടെ ലഭിക്കുന്ന ലാഭത്തിന് പുറമെയാണിത്. 9000 കോടിയോളം രൂപയുടെ ലോട്ടറി വ്യാപാരമാണ് പ്രതിവർഷം നടക്കുന്നത്. സർക്കാരിന് 1700 കോടി ലാഭം ലഭിക്കും. ജി.എസ്.ടിയും സമ്മാനാർഹരായവർ വരാതിരിക്കുന്നത് മൂലമുള്ള വരുമാനവും ഇതിന് പുറമെയാണ്. ലോട്ടറിയടിച്ചാൽ ഒരുമാസത്തിനുള്ളിൽ ടിക്കറ്റിന്റെ പിറകുവശത്ത് പേരും മേൽവിലാസവുമെഴുതി ഒപ്പിട്ട് ബാങ്കിലോ ലോട്ടറി ഒാഫീസിലോ ഹാജരാക്കണമെന്നാണ് വ്യവസ്ഥ. ഒരുമാസം കഴിഞ്ഞാണ് ഹാജരാക്കുന്നതെങ്കിൽ സുരക്ഷാ പരിശോധനകളുണ്ടാകും. രണ്ടുമാസം കഴിഞ്ഞാണ് വരുന്നതെങ്കിൽ ഡെപ്യൂട്ടി ഡയറക്ടർ നേരിട്ട് അന്വേഷിച്ച് റിപ്പോർട്ട് ചെയ്താലേ പണം കിട്ടുകയുള്ളൂ. മൂന്ന് മാസം കഴിഞ്ഞാണെങ്കിൽ പണം ലഭിക്കില്ല. നടപടികൾ അവസാനിപ്പിക്കും. സമ്മാനത്തുക സർക്കാരിലേക്ക് വസൂലാക്കും. ഇതാണ് വ്യവസ്ഥ. ബാങ്കിൽ സമർപ്പിച്ചാൽ ബാങ്കാണ് ടിക്കറ്റ് ഹാജരാക്കുക.

ആദായനികുതി അടയ്ക്കണം

സമ്മാനത്തുക പതിനായിരത്തിന് മുകളിലാണെങ്കിൽ ആദായനികുതി അടയ്ക്കേണ്ടിവരും. 30 ശതമാനമാണിത്. ഇതിന് പുറമെ പത്ത് ശതമാനം ഏജൻസി കമ്മിഷൻ, രണ്ട് ശതമാനം വിദ്യാഭ്യാസ സെസ്, ഒരു ശതമാനം ഹയർ എഡ്യൂക്കേഷൻ സെസ് എന്നിവയും ഇൗടാക്കും.12 കോടി രൂപയുടെ സമ്മാനം കിട്ടിയാൽ കിഴിവെല്ലാം കഴിഞ്ഞ് കൈയിൽ കിട്ടുക 7,39,20,000 രൂപ ആയിരിക്കും.

 ടിക്കറ്റിനൊപ്പം ഹാജരാക്കേണ്ടവ

ടിക്കറ്റിനൊപ്പം ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ്, ബാങ്ക് വിവരങ്ങൾ, രണ്ട് ഫോട്ടോ, ടിക്കറ്റിന്റെ രണ്ട് പുറത്തിന്റെയും ഫോട്ടോകോപ്പി, മൈനറാണെങ്കിൽ രക്ഷിതാവിന്റെ വിവരങ്ങൾ, ഒന്നിലേറെ പേരുണ്ടെങ്കിൽ സംയുക്ത പ്രസ്താവന എന്നിവ ഹാജരാക്കണം. ഒരു ലക്ഷം രൂപവരെ ജില്ലാ ലോട്ടറി ഒാഫീസിലും അതിന് മുകളിലുള്ള തുകയ്ക്ക് തിരുവനന്തപുരത്തെ സംസ്ഥാന ലോട്ടറി ഡയറക്ടർ ഒാഫീസിലുമാണ് ടിക്കറ്റ് ഹാജരാക്കേണ്ടത്.

‌ഒന്നാം സമ്മാനാർഹമായ ടിക്കറ്റിന് ഒന്നിലേറെ പേർ അവകാശമുന്നയിക്കുന്നത് അനധികൃതമായി പ്രവർത്തിക്കുന്ന ഇടപാടുകാരുടെ സാന്നിദ്ധ്യമാണ് സൂചിപ്പിക്കുന്നത്. ലോട്ടറിയുടെ വിശ്വാസ്യത നശിപ്പിക്കാൻ ശ്രമിക്കുന്ന ഇത്തരക്കാരെ കണ്ടെത്തി നിയമപരമായ നടപടിയെടുക്കണം

ലജീവ് വിജയൻ, കേരള ലോട്ടറി

ഏജന്റ്സ് ആൻഡ് സെല്ലേഴ്സ്

അസോസിയേഷൻ

 സമ്മാനാർഹർ വരാത്തതിനാൽ

സർക്കാരിന് ലഭിച്ചത്

2016ൽ 94.17 കോടി

2017ൽ 105.55 കോടി

2018ൽ 151.30 കോടി

2019 ൽ 220.99 കോടി

2020, 2021 വർഷങ്ങളിൽ കൊവിഡ് മൂലം ലോട്ടറി വില്പന കാര്യമായി നടന്നില്ല

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOTTERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA