
തിരുവനന്തപുരം: അനധികൃത സ്വത്ത് കൈവശം വയ്ക്കൽ, ആഡംബര മാളിക നിർമ്മാണം, മരംമുറി അടക്കമുള്ള പരാതികളിൽ ബറ്റാലിയൻ എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനെ വിജിലൻസ് ചോദ്യം ചെയ്‌തു.
പി.വി. അൻവർ എം.എൽ.എയുടെ പരാതിയിലാണ് അന്വേഷണം. താൻ അനധികൃത സ്വത്ത് സമ്പാദനം നടത്തിയിട്ടില്ലെന്നും ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അജിത് മൊഴി നൽകി. തന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകളും എം.ആർ. അജിത്കുമാർ വിജിലൻസിന് കൈമാറിയിട്ടുണ്ട്. ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകൾ, വായ്പാ വിവരങ്ങൾ,കവടിയാറിൽ നിർമ്മാണത്തിലിരിക്കുന്ന വീടുമായി ബന്ധപ്പെട്ട രേഖകൾ തുടങ്ങിയവയാണിവ.
അതേസമയം സസ്‌പെൻഷനിലുള്ള മലപ്പുറം മുൻ എസ്.പി സുജിത് ദാസിനെ വിജിലൻസ് സംഘം ചോദ്യം ചെയ്തിട്ടില്ല. സുജിത്ത്ദാസും ഡാൻസാഫ് സംഘവും സ്വർണം പൊട്ടിക്കലിലൂടെ സ്വത്തുണ്ടാക്കിയെന്ന പരാതിയും വിജിലൻസ് അന്വേഷിക്കുന്നുണ്ട്.
പ്രാഥമികാന്വേഷണം അവസാന ഘട്ടത്തിലാണെന്നും ഒരു മാസത്തിനുള്ളിൽ സർക്കാരിന് റിപ്പോർട്ട് കൈമാറുമെന്നും വിജിലൻസ് വ്യക്തമാക്കി. സെപ്തംബറിലാണ് അജിത്തിനെതിരേ അന്വേഷണം തുടങ്ങിയത്. ആറുമാസമാണ് കാലാവധി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേസെടുക്കണോയെന്ന് തീരുമാനിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |