SignIn
Kerala Kaumudi Online
Friday, 23 October 2026 5.24 AM IST

കായൽ ചെളി ഒന്നാന്തരം മണലാക്കി രതീഷ്

READ ENGLISH VERSION
pic

കൊച്ചി: കൊച്ചിക്കായലിലെ ചെളിയിൽ നിന്ന് 'ഉഗ്രൻ മണൽ" വേർതിരിച്ചെടുത്ത് സംരംഭകൻ. തുറമുഖ ട്രസ്റ്റാണ് കായലിൽ നിന്ന് ചെളി നീക്കുന്നത്. ട്രസ്റ്റിന്റെ സഹകരണത്തോടെ വർക്കല സ്വദേശി രതീഷ് വേണുഗോപാലാണ് 2023ൽ 'മാസ്റ്റർ മൈൻഡ്" കമ്പനി ആരംഭിച്ചത്. പരീക്ഷണം വൻവിജയമായതോടെ കൊച്ചിയിലെ വൻകിട കൺസ്ട്രക്ഷൻ കമ്പനികളിൽ പലതും മണലിനായി ഇവരെയാണ് ആശ്രയിക്കുന്നത്.

കപ്പൽചാൽ ആഴംകൂട്ടാൻ വലിയ ഡ്രഡ്ജർ ഉപയോഗിച്ചെടുക്കുന്ന മണ്ണും ചെളിയും പുറംകടലിൽ കളയും. ബെർത്തിനായി ചെറിയ ഡ്രഡ്ജറുകൾ ഉപയോഗിച്ച് നീക്കുന്ന മണ്ണും ചെളിയുമാണ് ലേലം ചെയ്തു നൽകുന്നത്. ഇത് ലോറിയിൽ പ്ലാന്റിലെത്തിച്ച് മൂന്ന് ഘട്ടങ്ങളിലായി കഴുകി വൃത്തിയാക്കും. കക്കയും മണ്ണും ചെളിയും പ്രത്യേക കൺവെയർ ബെൽറ്റിലൂടെ മാറ്റും. തുടർന്ന് മണൽ വേർതിരിക്കും. പ്ളാന്റിന് ആവശ്യമായ ജലം സംസ്കരിച്ച് പുനരുപയോഗിക്കും. തിരുവനന്തപുരം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലേക്കാണ് കൂടുതലായി മണൽ കയറ്റി അയയ്ക്കുന്നത്. ഡ്രഡ്ജ് ചെയ്യുന്ന ചെളിയിൽ നിന്ന് കളിമണ്ണ് ഉത്പാദിപ്പിക്കാനുള്ള സംവിധാനവും ഉടൻ പ്രവർത്തനമാരംഭിക്കും.

വല്ലാർപാടത്ത് തുറമുഖ ട്രസ്റ്റിന്റെ സ്ഥലം പാട്ടത്തിനെടുത്താണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ സമാന പ്ലാന്റാണിത്. പൊന്നാന്നിയിൽ സംസ്ഥാന സർക്കാരും സ്വകാര്യകമ്പനിയും ചേർന്നുള്ള രാജധാനി മിനറൽസ് ആണ് ആദ്യത്തേത്.

മൂന്നുതരം മണലും കക്കയും

മണിക്കൂറിൽ 120 ടൺ മണൽ നിലവിൽ വേർതിരിച്ചെടുക്കുന്നുണ്ട്. അവശിഷ്ടമായ കക്കയും വെറുതേ കളയില്ല.

3 എം.എം, 2.33 എം.എം---- തരി കൂടുതൽ----ചുവരുകൾ തേക്കുന്നതിന്

0.5 എം.എം---- തരി തീരെ കുറവ്----ഇന്റർ ലോക്ക് കട്ട നിർമ്മാണത്തിന്

കക്ക---- കൃഷിക്കും വ്യാവസായികാവശ്യത്തിനും


 കോടികളുടെ പ്ലാന്റ്

14 കോടിയാണ് പ്ലാന്റിന്റെ മുതൽമുടക്ക്. ബ്രിട്ടീഷ് നിർമ്മിതമായ അഞ്ചു കോടിയുടെ മെഷീനാണ് ഇപ്പോഴുള്ളത്. അമേരിക്കൻ കമ്പനിയുടെ 13 കോടി വിലയുള്ള പുതിയ മെഷീൻ ഉടനെത്തും. ജിപ്സം ഇറക്കുമതിക്കാരനായിരുന്നു രതീഷ്. അക്വാ മറൈൻ എൻജിനിയറിംഗിൽ സിംഗപ്പൂരിൽ ഗവേഷകയായ അനിലയാണ് ഭാര്യ. പത്താംക്ലാസ് വിദ്യാർത്ഥിയും വന്യജീവി ഫോട്ടോഗ്രാഫറുമായ നിരഞ്ജൻ മകനാണ്.

 മറ്റ് ജലാശയങ്ങളിൽ നിന്നുള്ള മണ്ണും ചെളിയും സമാനമായ രീതിയിൽ സംസ്കരിച്ചെടുക്കാനും തയ്യാറാണ്.

- രതീഷ് വേണുഗോപാൽ



വില- ശരാശരി ഒരടിക്ക് 60 രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DREDGECMPNY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA