
തിരുവനന്തപുരം : പാലക്കാട് എലപ്പുള്ളിയിലെ മദ്യക്കമ്പനിക്ക് ഒരുതുള്ളി ഭൂഗർഭജലം പോലും എടുക്കില്ലെന്നും,പ്രതിപക്ഷം എത്ര അസംബന്ധം പ്രചരിപ്പിച്ചാലും അപവാദം ഭയന്ന് മദ്യക്കമ്പനി സ്ഥാപിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറില്ലെന്നും മന്ത്രി എം.ബി.രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മഴനിഴൽ പ്രദേശമായ എലപ്പുള്ളിയിലെയും, കിൻഫ്രയിലേയും മഴവെള്ള സംഭരണം നേരിട്ടുബോദ്ധ്യപ്പെടാൻ പ്രതിപക്ഷനേതാവ് വി.ഡി.സതീശനേയും മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയേയും മാദ്ധ്യമപ്രവർത്തകരേയും ഫെബ്രുവരി 17ന് പാലക്കാട്ടേയ്ക്ക് മന്ത്രി ക്ഷണിച്ചു. പാലക്കാട് നഗരത്തിനു വേണ്ട വെള്ളത്തിന്റെ 1.1 ശതമാനം (0.5 ദശലക്ഷം ലിറ്റർ)മാത്രമാണ് മദ്യക്കമ്പനിക്ക് പൂർണതോതിൽ പ്രവർത്തിക്കാനാവശ്യം. ജല അതോറിട്ടി കിൻഫ്രയ്ക്ക് നൽകുന്ന വെള്ളത്തിൽ നിന്നാണിത് കൊടുക്കുന്നത്. കിൻഫ്രയ്ക്ക് വെള്ളം നൽകാനുള്ള അനുമതി യു.ഡി.എഫ്. സർക്കാരിന്റേതാണ്.
മദ്യനിർമാണ കമ്പനിയായ ഒയാസിസിന് പ്രാരംഭ അനുമതിയാണ് നൽകിയത്. തുടർന്നുള്ള അനുമതിയുടെ കാര്യങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിക്കും. കേരളത്തിലേയ്ക്ക് വരുന്ന 4200 കോടി രൂപയുടെ സ്പിരിറ്റിൽ കൂടുതലും മഹാരാഷ്ട്രയിൽനിന്നാണ്. രണ്ടാമത് കർണാടകയിൽനിന്നും.ഇറക്കുമതിയിലൂടെ തൊഴിൽ നഷ്ടത്തിനു പുറമേ ജി.എസ്.ടി. ഇനത്തിൽ 210 കോടിയുടെ നഷ്ടവുമുണ്ട്.
പ്രതിപക്ഷനേതാവ് രഹസ്യരേഖയായി ഇന്നലെ പുറത്തുവിട്ട മന്ത്രിസഭായോഗത്തിന്റെ കുറിപ്പ് ജനുവരി 16ന് വൈബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയതാണ്. ഒയാസിസിന് അനുമതി നൽകിയ മന്ത്രിസഭാ തീരുമാനവും മറ്റുവിശദാംശങ്ങളും അതിലുണ്ട്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർക്ക് ഒയാസിസിന്റെ അപേക്ഷ കിട്ടുന്നത് 2023 ജൂലായ് 30നാണ്. 10ഘട്ട പരിശോധന കഴിഞ്ഞ് 2025 ജനുവരി 16നാണ് പ്രാരംഭ അനുമതി നൽകിയത്. സി.പി.ഐയുടെ ആശങ്ക വിശദീകരിച്ചാൽ ബോദ്ധ്യപ്പെടും.അവരുമായി സംസാരിക്കും.
ജെ.ഡി.എസിന്റെയും എതിർപ്പിനെപ്പറ്റി ചോദിച്ചപ്പോൾ ഘടകക്ഷികളുടെ കാര്യം ഞങ്ങൾ നോക്കിക്കൊള്ളാമെന്നായിരുന്നു മന്ത്രിയുടെ മറുപടി.
കണക്കുകൾ
നിരത്തി മന്ത്രി
മലമ്പുഴ അണക്കെട്ടിന്റെ സംഭരണ ശേഷി 2,26,000 ദശലക്ഷം ലിറ്റർ.
ആകെ പ്രതിദിനം ആവശ്യം 81.5 ദശലക്ഷം ലിറ്റർ
ഒരു വർഷം വേണ്ടി വരുന്നത്29747.5 ദശലക്ഷം ലിറ്റർ
കുടിവെള്ളത്തിന് ആവശ്യമായി വരുന്നത് ഒറ്റത്തവണ സംഭരിക്കുന്നതിന്റെ 13.16 ശതമാനം മാത്രം.
കുടിവെള്ളത്തിന് പരമാവധി മലമ്പുഴ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത് 96 ദശലക്ഷം ലിറ്റർ
10 വർഷത്തിനിടെ ജലദൗർലഭ്യത്താൽ മലമ്പുഴ ഡാമിന്റെ പ്രവർത്തനം നിർത്തിവച്ചിട്ടില്ല.
കൃഷി ആവശ്യത്തിനുള്ള വെള്ളത്തിനും ദൗർലഭ്യം ഉണ്ടായിട്ടില്ല.
കേരളകൗമുദി
പറഞ്ഞത് പോലെ
കേരളകൗമുദിയുടെ എഡിറ്റോറിയലിൽ പറഞ്ഞത് പോലെ അപവാദങ്ങൾ ഭയന്ന് പിൻമാറരുതെന്ന നിലപാടാണ് ഇക്കാര്യത്തിൽ സർക്കാരിനുമുള്ളത്. 'പിൻമാറില്ല.' അതിനുള്ള ധൈര്യവും വിശ്വാസവും സർക്കാരിനുണ്ട്. വികസന കാര്യങ്ങളെ നല്ല രീതിയിൽ നോക്കികാണുന്ന കേരളകൗമുദിയുടെ നിർദ്ദേശം നല്ല മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |