
ന്യൂഡൽഹി: മെഡിക്കൽ പി.ജി കോഴ്സുകളിലേക്കുള്ള പ്രവേശനം ഓൾ ഇന്ത്യ അടിസ്ഥാനത്തിൽ മാത്രം നടത്താൻ സുപ്രീംകോടതി ഉത്തരവ്. ഈ വർഷത്തെ പ്രവേശനത്തെ ബാധിക്കില്ല. ചണ്ഡിഗർ ഗവ. കോളേജിലെ പ്രവേശനം ചോദ്യം ചെയ്തു നൽകിയ ഹർജിയാണെങ്കിലും മൂന്നംഗ ബെഞ്ചിന്റെ വിധിയായതിനാൽ രാജ്യത്തെങ്ങും ബാധകമാണ്. നടപ്പാക്കാതിരുന്നാൽ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്ന് നിയമവിദഗ്ദ്ധർ വ്യക്തമാക്കി.
നിലവിൽ 50 ശതമാനം സംസ്ഥാന ക്വാട്ടയും 50 ശതമാനം ഓൾ ഇന്ത്യ ക്വാട്ടയും ആയിരുന്നു
. ഈ സംവിധാനമാണ് സുപ്രീംകോടതി റദ്ദാക്കിയത്. അതേസമയം, എം.ബി.ബി.എസ് പ്രവേശനത്തിന് 85 ശതമാനം സംസ്ഥാന ക്വാട്ട തുടരും.അതിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.
സ‌്പെഷ്യലൈസ്ഡ് ഡോക്‌ടർമാരുടെ പ്രാധാന്യം കണക്കിലെടുക്കുമ്പോൾ പി.ജി പഠനത്തിന് പ്രവേശനം നൽകേണ്ടത് മെരിറ്റ് അടിസ്ഥാനത്തിൽ മാത്രമാണെന്ന് സുപ്രീംകോടതി പറഞ്ഞു. വാസസ്ഥലം അതിന് മാനദണ്ഡമാക്കാൻ കഴിയില്ലെന്ന് കോടതി നിലപാടെടുത്തു.നിലവിലെ രീതി
ഭരണഘടനയിലെ അനുച്ഛേദം 14 ഉറപ്പു നൽകുന്ന സമത്വം എന്ന മൗലികാവകാശത്തിന് എതിരാണെന്നും ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, സുധാൻഷു ധൂലിയ, എസ്.വി.എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
നാമെല്ലാവരും ഇന്ത്യയുടെ ഭൂപ്രദേശത്ത് താമസിക്കുന്നവരാണെന്ന് കോടതി നിരീക്ഷിച്ചു. പ്രവിശ്യയെന്നോ സംസ്ഥാന വാസസ്ഥലമെന്നോ വേർതിരിവില്ല. ഇന്ത്യയെന്ന ഒറ്റ വാസസ്ഥലമേയുള്ളൂ. ഇന്ത്യയിലുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം തിരഞ്ഞെടുക്കാനുള്ള അവകാശവും ഭരണഘടന നൽകുന്നുവെന്ന് കോടതി പറഞ്ഞു.
പ്രവേശനം നേടിയവരെ ബാധിക്കില്ല,
എല്ലാ കോളേജിലേക്കും അപേക്ഷിക്കാം
# നിലവിൽ മെഡിക്കൽ പി.ജി കോഴ്സിലേക്ക് പ്രവേശനം നേടിയവർക്കും പഠനം തുടരുന്നവർക്കും വിധി ബാധകമല്ല. കേരളത്തിൽ ഓൾ ഇന്ത്യാ ക്വാട്ടയിലെ പ്രവേശനം പൂർത്തിയായിക്കഴിഞ്ഞു. സംസ്ഥാന ക്വാട്ടയിലെ മൂന്നാംഘട്ട അലോട്ട്മെന്റാണ് ബാക്കിയുള്ളത്.
#രാജ്യത്തെ ഏത് മെഡിക്കൽ കോളേജിലും പി.ജി കോഴ്സിലേക്ക് പ്രവേശനം നേടാൻ തുല്യഅവസരം ലഭിക്കും.അലോട്ട്മെന്റ് പൂർണമായും നടത്തുന്നത് മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി ആയിരിക്കും.
#ചണ്ഡിഗറിലെ സർക്കാർ മെഡിക്കൽ കോളേജിൽ 64 പി.ജി സീറ്റുണ്ട്.32 സീറ്റ് ചണ്ഡിഗറിൽ താമസിക്കുന്നവർക്കും ആ കോളേജിൽ പഠിച്ചവർക്കുമായി അലോട്ട് ചെയ്യുകയാണ്. ചണ്ഡിഗർ തങ്ങളുടെ തലസ്ഥാനമായിട്ടും വേർതിരിവ് കാട്ടുന്നതിനെതിരെ
പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചു അനുകൂലവിധി നേടി.ഇതിനെ ചോദ്യം ചെയ്ത് പ്രവേശനം ലഭിച്ച ചണ്ഡിഗറിലെ വിദ്യാർത്ഥികളാണ് സുപ്രീംകോടതിയിലെത്തിയത്. വാസസ്ഥലം നോക്കിയുള്ള ക്വാട്ട പാടില്ലെന്ന് സുപ്രീംകോടതി വിധിച്ചെങ്കിലും ഹർജിക്കാരുടെ പ്രവേശനം അംഗീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |