
തിരുവനന്തപുരം: വാർന്നുറഞ്ഞ കണ്ണുനീരും മരവിച്ച മനസുമായി പേരുമലക്കാർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയ്ക്ക് മുന്നിലുണ്ട്. ഹൃദയം പിളർക്കുന്ന കാഴ്ച. തങ്ങളുടെ പ്രിയപ്പെട്ട അഞ്ചുപേർ പോസ്റ്റുമോർട്ടം ടേബിളിൽ കീറി മുറിക്കപ്പെടുമ്പോൾ അവർക്ക് വിങ്ങലടക്കാനായില്ല. പ്രിയപ്പെട്ടവരുടെ ജീവനെടുത്ത കൊലയാളി അഫാൻ കൂസലേതുമില്ലാതെ നൂറ് മീറ്റർ അകലെയുള്ള അത്യാഹിത വിഭാഗത്തിലുണ്ടായിരുന്നു. പൊലീസിന്റെ ചോദ്യങ്ങളോട് ഭാവഭേദമൊന്നുമില്ലാതെ അയാൾ മറുപടി പറഞ്ഞു. പൊലീസിനെ കുഴച്ച് അന്വേഷണം വഴിതെറ്റിക്കാനുള്ള മറുപടികളായിരുന്നു അത്.
പ്രിയപ്പെട്ടവരുടെ ഓർമ്മകളുമായി രാവിലെ മുതൽ ബന്ധുക്കളും നാട്ടുകാരും മോർച്ചറിക്ക് മുന്നിലേക്ക് ഒഴുകിയെത്തിയിരുന്നു. ആദ്യം മോർച്ചറിയിലെത്തിച്ചത് അഫാന്റെ വല്ല്യുപ്പ വെഞ്ഞാറമൂട് ചുള്ളാളം കൂനൻവേങ്ങ ആലമുക്ക് ജസ്ല മൻസിലിൽ അബ്ദുൽ ലത്തീഫിന്റെ മൃതദേഹമാണ്. പിന്നാലെ ഫർസാന, സാജിദ ബീവി, ഷാഹിദ, അഫ്സാൻ എന്നിവരുടെ മൃതദേഹങ്ങളുമെത്തിച്ചു. അകത്ത് പോസ്റ്റുമോർട്ടം നടക്കുമ്പോൾ ബന്ധുക്കൾ പുറത്ത് സങ്കടം കടിച്ചമർത്തി.
അഹ്സാന്റെയും, ഫർസാനയുടെയും മൃതദേഹങ്ങൾ ഗോകുലം മെഡിക്കൽ കോളേജ് മോർച്ചറിയിലായിരുന്നു. ലത്തീഫ്, ഷാഹിദ എന്നിവരുടെ മൃതദേഹം കൂനൻവേങ്ങയിലെ വീട്ടിലും, സൽമാബീവിയുടേത് പാങ്ങോട്ടെ വീട്ടിലുമായിരുന്നു. ഇന്നലെ പുലർച്ചെയാണ് മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലെത്തിച്ചത്.രാവിലെ 11ന് പോസ്റ്റുമോർട്ടത്തിന് കയറ്റിയ ലത്തീഫിന്റെ മൃതദേഹം 1.20ന് പുറത്തിറക്കി. ഫർസാനയുടേത് 11.20ന് തുടങ്ങി 1.27ന് പൂർത്തിയാക്കി. 11.35നാണ് സാജിദയുടെ പോസ്റ്റുമോർട്ടം തുടങ്ങിയത്. 1.50ന് പൂർത്തിയായി. 11.50ന് തുടങ്ങിയ സൽമാ ബീവിയുടെ പോസ്റ്റുമോർട്ടം ഉച്ചയ്ക്ക് രണ്ടിന് പൂർത്തിയായി.
'ഇന്നലെ ഈ സമയം അഫ്സാൻ കളിക്കുകയായിരുന്നു'
ഉച്ചയ്ക്ക് 12.27നാണ് അഫ്സാന്റെ പോസ്റ്റുമോർട്ടം തുടങ്ങിയത്. 3.38ന് പൂർത്തിയാക്കി. 'ഇന്നലെ ഈ സമയത്ത് അഫ്സാൻ മോൻ സ്കൂളിൽ നിന്ന് വന്ന് കളിച്ചു കൊണ്ട് നിൽക്കുവായിരുന്നു. ഇന്ന് മോന്റെ മയ്യത്ത് കാണാനുള്ള വിധിയായല്ലോ പടച്ചോനേ"- സങ്കടക്കടലായി ചിലർ പറഞ്ഞു നിറുത്തി. ഫർസാന, ഷാഹിദ, സൽമാബീവി എന്നിവരുടെ മൃദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനു ശേഷം കുമാരപുരത്തെ പള്ളിയിലെത്തിച്ച് കുളിപ്പിച്ചു. തുടർന്നാണ് വീടുകളിലെത്തിച്ചത്. എ.എ. റഹീം എം.പി, ഡി.കെ. മുരളി എം.എൽ.എ, ഡി.സി.സി അദ്ധ്യക്ഷൻ പാലോട് രവി എന്നിവർ മോർച്ചറിയിലെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |