SignIn
Kerala Kaumudi Online
Friday, 23 October 2026 3.19 AM IST

കൊടുംക്രൂരതയ്ക്കു പിന്നിലെ മനോവ്യാപാരങ്ങൾ

muders

വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകത്തിൽ കുറ്റാരോപിതൻ എന്തിന് കൃത്യം ചെയ്‌തെന്നതു സംബന്ധിച്ച് ആശയക്കുഴപ്പം തുടരുകയാണ്. കൂട്ടക്കൊല ചെയ്യുന്നവരുടെ വ്യക്തിത്വത്തിന് ചില തകരാറുണ്ടാകാം. സാമൂഹികവിരുദ്ധ വ്യക്തിത്വവൈകല്യമുള്ളവർ ക്രൂരകൃത്യങ്ങൾ ചെയ്യാനിടയുണ്ട്. ലഹരിക്കടിപ്പെട്ടവരും കൊടുംക്രൂരതകൾ ചെയ്ത ധാരാളം സംഭവങ്ങളുണ്ട്. സാമൂഹ്യവിരുദ്ധ വ്യക്തിത്വ വൈകല്യമുള്ളവർ കുട്ടിക്കാലത്ത് അനുസരണക്കേട്, കളവുപറച്ചിൽ,​ മോഷണം, കുറ്റകൃത്യവാസന തുടങ്ങിയവ പ്രകടിപ്പിക്കാറുണ്ട്. മൃഗങ്ങളോടും മനുഷ്യരോടുമുള്ള ക്രൂരതയാണ് മറ്റൊരു പ്രത്യേകത. കൗമാരത്തിലെത്തുമ്പോൾ ഇവർ സംഘംചേർന്നുള്ള കുറ്റകൃത്യങ്ങളിലേക്ക് നീങ്ങും. നിയമം ലംഘിക്കുന്നത് ആസ്വദിക്കുന്ന ഇവർ കുറ്റകൃത്യങ്ങൾ ആവർത്തിക്കും. തെല്ലും കുറ്റബോധവുമുണ്ടാവില്ല.

ആധുനികകാലത്ത് ചെറുപ്പക്കാരുടെ സ്വഭാവത്തിലുണ്ടാവുന്ന മാറ്റങ്ങളെ ഇപ്പോഴത്തെ സംഭവവുമായി ചേർത്തുവായിക്കേണ്ടതുണ്ട്. ഡിജിറ്റൽ വിപ്ലവത്തിന്റെ വരവോടെ വ്യക്തികൾക്ക് സന്തോഷം ലഭിക്കാൻ സൗഹൃദങ്ങൾ ആവശ്യമില്ല. മറ്റുള്ളവരോട് ആശയവിനിമയം നടത്താതെതന്നെ ഡിജിറ്റൽ ഉപകരണത്തിലേക്ക് ഒതുങ്ങിക്കൂടി സന്തോഷം കണ്ടെത്താനുള്ള സാദ്ധ്യതകൾ ഏറെയാണ്. ആഗ്രഹങ്ങൾ ക്ഷിപ്രനേരംകൊണ്ട് സാദ്ധ്യമാകുന്നു. ഇതുമൂലം മനസിലെ ആഗ്രഹത്തിനും അത് നടപ്പിലാകുന്നതിനുമിടയിൽ ഇടവേള ഇല്ലാതെയാവുന്നു. ആഗ്രഹം നടക്കില്ലെന്ന സാദ്ധ്യതയുമായി പൊരുത്തപ്പെടാനുള്ള സമയം തലച്ചോറിനു ലഭിക്കുന്നില്ല. ഇത് യുവാക്കളിൽ അക്ഷമയും എടുത്തുചാട്ടവും വർദ്ധിപ്പിച്ചിട്ടുണ്ട്.

തലച്ചോറിന്റെ മുൻഭാഗത്തുള്ള prefrontal cortex ആണ് ആത്മനിയന്ത്രണത്തിന്റെ കേന്ദ്രം. ലഹരിവസ്തുക്കളുടെ ഉപയോഗം ഇതിന്റെ പ്രവർത്തനം തകരാറിലാക്കുന്നു. ലഹരിക്കടിപ്പെട്ട വ്യക്തികൾ ആത്മനിയന്ത്രണം നഷ്ടപ്പെട്ട് ചെറിയ വിദ്വേഷം പോലും അങ്ങേയറ്റം ക്രൂരമായി അവതരിപ്പിക്കാൻ സാദ്ധ്യതയേറെയാണ്. ആധുനിക കാലത്ത് ലഹരിവസ്തുക്കളുടെ ലഭ്യത സാർവത്രികമായതും കുറ്റകൃത്യം കൂടാൻ കാരണമാകുന്നുണ്ട്. വീടുകളിൽ കൗമാരപ്രായക്കാരോടൊപ്പം ദിവസേന ഒരു മണിക്കൂറെങ്കിലും ചെലവിടാൻ മാതാപിതാക്കൾ തയ്യാറാവുക എന്നുള്ളതാണ് പ്രഥമ പരിഹാരമാർഗം.

കുട്ടികളെ ഉപദേശിക്കാനും ശാസിക്കാനുമല്ല, അവർക്കു പറയാനുള്ളത് ക്ഷമയോടെ കേൾക്കാൻ ഈ സമയം ഉപയോഗിക്കാം. കുട്ടികളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ആവശ്യം നിറവേറ്റുന്നതിനോടൊപ്പം അവരുടെ വൈകാരിക ആവശ്യങ്ങൾ പരിഗണിക്കുന്നതും മാതാപിതാക്കളുടെ ധർമ്മമാണെന്ന യാഥാർത്ഥ്യം തിരിച്ചറിയണം. ജീവിതത്തിലെ പുതിയ സാഹചര്യങ്ങളും പ്രയാസമുള്ള അനുഭവങ്ങളും തരണം ചെയ്യാൻ കുട്ടികളെ ശാക്തീകരിക്കുന്ന ജീവിതനൈപുണ്യ വിദ്യാഭ്യാസം നിർബന്ധമായും പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. കുട്ടികളിലെ പെരുമാറ്റപ്രശ്നങ്ങൾ തുടക്കത്തിലേ തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സയും കൗൺസലിംഗും നൽകാനുള്ള മാനസികാരോഗ്യ സാക്ഷരത സമൂഹത്തിനുണ്ടാകണം.

ഡിജിറ്റൽ വലയിൽ കുടുങ്ങി, യുവത്വം

ഡിജിറ്റൽ ഉപകരണങ്ങളുടെ തുടർച്ചയായ ഉപയോഗം കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നതായി ഇത്തവണത്തെ ദേശീയ ഇക്കണോമിക് സർവേയിലുണ്ട്. ചടുലമായ ദൃശ്യങ്ങളുൾപ്പെടുന്ന വീഡിയോ ഗെയിമുകളും മറ്റും കാണുന്ന കുട്ടികളുടെ സ്വഭാവത്തിൽ എടുത്തുചാട്ടവും ശ്രദ്ധക്കുറവും ദേഷ്യപ്രകൃതിയും അക്രമവാസനയും കൂടുതലാണെന്നും സർവേ എടുത്തുപറയുന്നു. അതുകൊണ്ടുതന്നെ ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കേണ്ടത് കുട്ടികളുടെയും കൗമാരപ്രായക്കാരുടെയും മാനസികാരോഗ്യത്തിൽ പ്രധാനമാണ്.

ഇന്നത്തെ ചെറുപ്പക്കാർ കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അടർന്ന് ഡിജിറ്റൽ ഉപകരണങ്ങളിലേക്ക് ഒതുങ്ങിക്കൂടുന്നു. ഇതിലൂടെ മറ്റുള്ളവരുടെ മാനസികാവസ്ഥ തിരിച്ചറിഞ്ഞ് പെരുമാറാനുള്ള അനുതാപം എന്ന കഴിവ് കുറയുന്നു. നിർമ്മിതബുദ്ധി അധിഷ്ഠിതമായിട്ടുള്ള ചാറ്റ് ബോക്സുകളിലും മറ്റും അഭയംപ്രാപിക്കുന്നതിലൂടെ മനുഷ്യത്വം നഷ്ടപ്പെടുന്ന സ്ഥിതിയും വലിയൊരളവിലുണ്ട്. സംഘം ചേർന്ന പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് ഗുണകരമായ ഇടപെടലുകൾ നടത്തുന്നതിനു പകരം അവനവനിലേക്ക് ചുരുങ്ങുന്നു. ഈ സാഹചര്യം പലപ്പോഴും മാനസികസമ്മർദ്ദം തുറന്നുപറയാൻ ആരുമില്ലാത്ത അവസ്ഥയിലേക്ക് എത്തിക്കുന്നു.

മാനസികാരോഗ്യ പ്രഥമ ശുശ്രൂഷ

നമ്മുടെ പരിസരത്ത് ഒരു വ്യക്തി മാനസികസമ്മർദ്ദം അനുഭവിക്കുന്നതായി കണ്ടാൽ ഓരോരുത്തരും ചെയ്യേണ്ടതാണ് മാനസികാരോഗ്യ പ്രഥമശുശ്രൂഷ. അഞ്ച് ഘട്ടങ്ങളാണ് ഇതിന്.

ഒന്ന്: മാനസികസമ്മർദ്ദം അനുഭവിക്കുന്ന വ്യക്തിയെ സമീപിച്ച് പ്രശ്നമെന്തെന്ന് ചോദിച്ചറിയുക.

രണ്ട്: പ്രശ്നങ്ങളെ നിസാരവത്കരിക്കാതെയും പരിഹസിക്കാതെയും ക്ഷമയോടെ കേൾക്കുക.

മൂന്ന്: തെറ്റിദ്ധാരണകൾ അകറ്റുകയും നമ്മൾ ഒപ്പമുണ്ടെന്ന ആശ്വാസം നൽകി സമാശ്വസിപ്പിക്കുകയും ചെയ്യുക.

നാല്: മാനസികസമ്മർദ്ദം തുടരുന്നെങ്കിൽ മാനസികാരോഗ്യ വിദഗ്ദ്ധനെക്കണ്ട് ചികിത്സയ്ക്ക് സൗകര്യമൊരുക്കുക

അഞ്ച്: മാനസികസമ്മർദ്ദമുള്ള വ്യക്തി ഒറ്റപ്പെടാതെ നോക്കുക. ഇത് സാമൂഹ്യ ഉത്തരവാദിത്വമാണ്. പലപ്പോഴും,​ ഒറ്റപ്പെടുന്നു എന്ന തോന്നലിൽനിന്നാണ് സ്വയം ഹനിക്കാനോ മറ്റുള്ളവരെ ഹനിക്കാനോ ഉള്ള പ്രവണതയുണ്ടാകുന്നത്. ഇതു സംഭവിക്കാതിരിക്കാൻ അവരുടെ പ്രശ്നങ്ങളിൽ തുണയായി നിന്ന് പരിഹാരം നിർദ്ദേശിക്കുക.

(ലേഖകൻ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം പ്രൊഫസറാണ്. )​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MURDERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA