
കൊച്ചി: നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടി സർക്കാർ നിയോഗിച്ച മുനമ്പം ജുഡിഷ്യൽ കമ്മിഷനെ ഹൈക്കോടതി റദ്ദാക്കി. മുനമ്പത്തെ വഖഫ് ഭൂമി തർക്കം പരിശോധിക്കാനാണ് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മിഷനെ സർക്കാർ നിയമിച്ചത്. ഇക്കാര്യത്തിൽ സർക്കാർ മനസിരുത്തിയില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിരീക്ഷിച്ചു.
കമ്മിഷൻ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വഖഫ് സംരക്ഷണ സമിതിയാണ് ഹർജി നൽകിയത്. വഖഫ് ബോർഡിന്റെ തീരുമാനങ്ങളെ സിവിൽ-റവന്യൂ കോടതികളിൽപ്പോലും ചോദ്യം ചെയ്യാനാകില്ലെന്ന് വഖഫ് നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിനും പുനഃപരിശോധിക്കാനാകില്ല. വഖഫ് ട്രൈബ്യൂണലിന് മാത്രമാണ് അതിന് അധികാരം. മുനമ്പത്തെ 404 ഏക്കർ വഖഫ് സ്വത്താണെന്ന് ബോർഡ് പ്രഖ്യാപിച്ചതാണ്. ഭൂമി കൈവശം വച്ചിരുന്ന ഫറൂഖ് കോളേജ് മാനേജ്മെന്റ് ഇത് കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ ചോദ്യം ചെയ്തിട്ടുണ്ട്. കേസ് തീർപ്പായിട്ടില്ല. ഈ വസ്തുത നിലനിൽക്കെയാണ് സർക്കാർ യാന്ത്രികമായി പ്രവർത്തിച്ചതെന്നും കോടതി പറഞ്ഞു.
ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകും
കമ്മിഷന്റെ നിയമനം റദ്ദാക്കിയതിനെതിരെ ഹൈക്കോടതി ഡിവിഷൻബെഞ്ചിൽ സർക്കാർ അപ്പീൽ നൽകും. ഇതിനുള്ള നടപടിക്രമങ്ങൾ അഡ്വക്കേറ്റ് ജനറൽ ഓഫീസുമായി ബന്ധപ്പെട്ട് തുടങ്ങി.
'കോടതി നടപടികളിൽ ജുഡിഷ്യൽ കമ്മിഷന് യാതൊരു റോളുമില്ല. കമ്മിഷനെ നിയമിച്ചതും കോടതിയിൽ ന്യായീകരിച്ചതും സർക്കാരാണ്. തുടർനടപടികളും സർക്കാർ തീരുമാനിക്കട്ടെ.
- ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ
'മുനമ്പത്തെ തീരദേശ ജനതക്ക് നീതി നടത്തിത്തരേണ്ടത് സർക്കാരാണ്. സർക്കാർ അടിയന്തരമായി ഇടപ്പെട്ട് നടപടി സ്വീകരിക്കണം".
- സെബാസ്റ്റ്യൻ പാലക്കൽ,
മുനമ്പം ഭൂസംരക്ഷണ സമിതി ചെയർമാൻ
അപ്പീൽ ഇല്ലെന്ന് എം.വി. ഗോവിന്ദൻ
മുനമ്പത്ത് എന്ത് വേണമെന്ന് ഹൈക്കോടതി പറയട്ടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ജുഡിഷ്യൽ കമ്മിഷൻ നിയമനം റദ്ദാക്കിയതിൽ അപ്പീലിന് പോകില്ല. നിയമസാധുതയില്ലെന്നു പറഞ്ഞ കോടതി തന്നെ തുടർ കാര്യങ്ങളും തീരുമാനിക്കട്ടെ. ആശാവർക്കർമാരുടെ സമരത്തിന് പിന്നിൽ ജമാത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയുമാണ്. സമരം പരിഹരിക്കേണ്ടത് കേന്ദ്ര സർക്കാരാണ്. ഒരു സമരത്തിനും തങ്ങൾ എതിരല്ല. തെറ്റായ രീതിയിൽ സമരത്തെ ഉപയോഗിക്കുന്നതിലാണ് എതിരഭിപ്രായമെന്നും ഗോവിന്ദൻ പറഞ്ഞു.
അപ്പീൽ നൽകുമെന്ന് മന്ത്രി രാജീവ്
മുനമ്പം കമ്മിഷനെ സംബന്ധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമർപ്പിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കമ്മിഷനെ നിയമിക്കാൻ സർക്കാരിനുള്ള അധികാരം കോടതി ശരിവച്ചെന്നും മന്ത്രി വ്യക്തമാക്കി. ഭൂമി പ്രശ്നം പരിശോധിക്കുന്ന വഖഫ് ട്രൈബ്യൂണലിനെ കമ്മിഷന്റെ നിഗമനങ്ങൾ സ്വാധീനിക്കില്ലേ എന്ന സംശയമാണ് കോടതി പ്രകടിപ്പിച്ചത്. അവിടെ താമസിക്കുന്നവർക്ക് നിയമപരമായ അവകാശങ്ങൾ എങ്ങനെ ഉറപ്പാക്കാമെന്ന് പരിശോധിക്കാനാണ് കമ്മിഷനെ നിയോഗിച്ചത്. ഭൂമി വഖഫല്ലെന്ന് സർക്കാർ തീരുമാനിച്ചാൽ പരിഹരിക്കാവുന്ന വിഷയമല്ലിത്. വഖഫ് ട്രൈബ്യൂണലിനാണ് ഇതു സംബന്ധിച്ചുള്ള അധികാരം. ഫറൂഖ് കോളേജ് വിറ്റ ഭൂമി തങ്ങൾ തിരിച്ചുവാങ്ങി നൽകുമെന്ന് മുസ്ലീം ലീഗ് പറയുകയാണ് വേണ്ടിയിരുന്നത്. വിൽപ്പന നടത്തിയവർ ലീഗും കെ.പി.സി.സിയുമായി ബന്ധമുള്ളവരാണെന്നും മന്ത്രി പറഞ്ഞു.
ബി.ജെ.പി നിലപാട് ശരിയെന്ന് വി. മുരളീധരൻ
കേന്ദ്രനിയമ ഭേദഗതിയിലൂടെയേ മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നം പരിഹരിക്കാനാകൂ എന്ന ബി.ജെ.പി നിലപാട് ശരിയാണെന്ന് തെളിഞ്ഞെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു.
എൽ.ഡി.എഫും യു.ഡി.എഫും മുനമ്പത്തെ ജനങ്ങൾക്കൊപ്പമാണെങ്കിൽ കേന്ദ്ര സർക്കാരിന്റെ വഖഫ് നിയമ ഭേദഗതിയെ പിന്തുണയ്ക്കണം. വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ പ്രമേയം പിൻവലിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |