SignIn
Kerala Kaumudi Online
Friday, 23 October 2026 9.04 AM IST

മകൻ പെട്രോളൊഴിച്ച് വീട് കത്തിച്ചു; വൃദ്ധമാതാപിതാക്കൾ വെന്തുമരിച്ചു

case-diary-
രാഘവൻ, ഭാരതി, പ്രതി വിജയൻ

ചെന്നിത്തല : മകൻ പെട്രോളൊഴിച്ച് തീകൊളുത്തിയ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന വൃദ്ധമാതാപിതാക്കൾ വെന്തുമരിച്ചു. ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപ്പഞ്ചായത്ത് പതിനാറാം വാർഡ് കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ (96), ഭാര്യ ഭാരതി (86) എന്നിവരാണ് മരിച്ചത്. വീടിന് തീയിട്ട മകൻ വിജയനെ (65) മാന്നാർ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വത്ത് തർക്കമാണെന്ന് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. തീ ആളിക്കത്തുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികൾ വാർഡ് മെമ്പറെ വിവരമറിയിക്കുകയും തുടർന്ന് മാന്നാർ പൊലീസും മാവേലിക്കരയിൽ നിന്നുള്ള അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തീ അണക്കുകയുമായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് രാഘവന്റെയും ഭാരതിയുടെയും മൃതദേഹം കട്ടിലിൽ കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ടത്. തകര ഷീറ്റും തടികളും കൊണ്ട് നിർമ്മിച്ച വീടും വീട്ടുപകരണങ്ങളും കത്തിനശിച്ചു.

ഉടൻതന്നെ സ്ഥലത്തെത്തിയ ആലപ്പുഴ ഡിവൈ.എസ്.പി മധുബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മേൽനടപടി സ്വീകരിച്ചു. വീടിനുള്ളിലും പുറത്തും പെട്രോൾ ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. വൃദ്ധദമ്പതികൾ മാത്രമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. കൃത്യം നടത്തിയശേഷം കടന്നുകളഞ്ഞ വിജയനെ 300 മീറ്റർ അകലെനിന്ന് നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി. ജില്ലാ പൊലീസ് മേധാവി എം.പി .മോഹനചന്ദ്രൻ, ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ.ബിനു കുമാർ, മാന്നാർ എസ്.എച്ച്.ഒയുടെ ചുമതല വഹിക്കുന്ന അനീഷ്, എസ്.ഐ അഭിരാം എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയെ ഇന്നലെ വൈകിട്ട് നാലു മണിയോടെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഫോറൻസിക് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.

രാഘവന്റെയും ഭാരതിയുടെയും മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് പകൽ 10ന് വീട്ടുവളപ്പിൽ. ശ്യാമള, പരേതരായ വിശ്വനാഥൻ, സുഭദ്ര, സിന്ധു എന്നിവരാണ് ദമ്പതികളുടെ മറ്റു മക്കൾ. മരുമക്കൾ : തങ്കച്ചി, സുഷമ, വിനോദ്, പരേതരായ മോഹനൻ, ശശി.

കുറ്റകൃത്യം നടത്തിയത് പൊലീസ് സ്റ്റേഷനിൽ

ഹാജരാകാൻ പറഞ്ഞ ദിവസം

വൃദ്ധമാതാപിതാക്കളെ വിജയൻ മർദ്ദിക്കുന്നതായി കാട്ടി രാഘവന്റെ ചെറുമകൾ നൽകിയ പരാതിയിൽ ഇന്നലെ രാവിലെ മാന്നാർ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇതിനിടയിലാണ് ഇന്നലെ പുലർച്ചെ ഈ ക്രൂരകൃത്യം നടത്തിയത്. ഭാര്യയും മക്കളുമായി വർഷങ്ങൾക്ക് മുമ്പേ അകന്ന വിജയൻ വാടകവീടുകളിലും കടത്തിണ്ണയിലും മറ്റുമാണ് കഴിഞ്ഞിരുന്നത്. ആറുമാസം മുമ്പാണ് മാതാപിതാക്കൾ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നത്. താമസിക്കുന്ന സ്ഥലം തന്റെ പേരിൽ എഴുതിത്തരണമെന്ന് ആവശ്യപ്പെട്ട് ഇയാൾ മാതാപിതാക്കളോട് വഴക്കിടുന്നത് പതിവായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MURDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA