SignIn
Kerala Kaumudi Online
Friday, 23 October 2026 3.18 AM IST

മൂന്നുപേരെ കൊന്നശേഷം ബാറിലെത്തി മദ്യസേവ

syam

തിരുവനന്തപുരം: മൂന്ന് കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും പെറ്റമ്മയെ മാരകമായി ആക്രമിക്കുകയും ചെയ്തശേഷം അഫാൻ വെഞ്ഞാറമൂട്ടിലെ ബാറിലെത്തി മദ്യസേവ നടത്തി. ഒരു കുപ്പിമദ്യവും വാങ്ങി മടങ്ങുംവഴിയാണ് കാമുകിയെ കൂട്ടിക്കൊണ്ടുപോയത്. വീട്ടിലെത്തി വീണ്ടും മദ്യപിച്ചശേഷമാണ് കാമുകിയെയും പിന്നീട് അനുജനെയും കൊലപ്പെടുത്തിയത്. ബാറിലെയടക്കം സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് സൂചനകൾ ലഭിച്ചത്.

ഉമ്മ ഷെമിയെയാണ് ആദ്യം ആക്രമിച്ചത്. കഴുത്തിൽ ഷാൾ മുറുക്കുകയായിരുന്നു. മരിച്ചെന്നു കരുതി

പൂട്ടിയിട്ടശേഷം അടുത്ത ഇരയായ

പിതാവിന്റെ ഉമ്മ സൽമാബീവിയെ വീട്ടിലെത്തി ഷാൾ മുറുക്കി കൊലപ്പെടുത്തി സ്വർണമാല കവർന്നു. അതു പണയംവച്ച് ചുറ്റികവാങ്ങിയശേഷം പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ വീട്ടിലെത്തി കൊന്നു.

തിരിച്ചെത്തിയശേഷമാണ് ഉമ്മ മരിച്ചില്ലെന്ന് മനസിലാക്കി ചുറ്റികകൊണ്ട് ആക്രമിച്ചത്.

അമ്മൂമ്മയുടെ മാല വെഞ്ഞാറമൂട്ടിലെ സ്വകാര്യബാങ്കിൽ 74000രൂപയ്ക്ക് പണയംവച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ പണമുപയോഗിച്ചാണ് മദ്യപിച്ചതും ചുറ്റിക വാങ്ങിയതും. ചുറ്റികവാങ്ങിയ വെഞ്ഞാറമൂട്ടിലെ കടയും കണ്ടെത്തി. ബാക്കി പണം ഫർസാനയുടെ മൃതദേഹത്തിന് ചുറ്റും വിതറിയിരുന്നു. ഫർസാനയുടെ മാല പണയംവച്ചും മുൻപ് പണമെടുത്തിട്ടുണ്ട്.

പ്രതിയുടെ രീതികൾ സൈക്കോയെപ്പോലെ (മനോരോഗി) ആണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. മാനസികരോഗമില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. രഹസ്യമായി ചികിത്സ തേടിയിട്ടുണ്ടോ എന്നടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.

ലഹരിഉപയോഗിച്ചതിന്റെ ലക്ഷണമില്ല. രക്തം, മുടി, നഖം, ത്വക്ക് എന്നിവയെല്ലാം ശാസ്ത്രീയമായി പരിശോധിച്ച് ഉറപ്പാക്കണം. രക്തസാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്കയച്ചു.

തലയ്ക്കു പിന്നിൽ

ചുറ്റിക പ്രഹരം

വീടുകളിൽ ആണിയടിക്കാനുപയോഗിക്കുന്ന ചെറിയ ചുറ്റികയുപയോഗിച്ചാണ് കൊലകൾ നടത്തിയത്. കത്തിയുപയോഗിച്ച് മുറിവേൽപ്പിച്ചിട്ടില്ല. തലയുടെ പിൻഭാഗത്ത് എട്ടുമുതൽ 21തവണവരെ പ്രഹരിച്ചു.

രണ്ടുവട്ടം ഷർട്ട്മാറി

മൂന്നു ബന്ധുക്കളെ കൊന്നശേഷം വേഷംമാറി കറുത്ത ഷർട്ടുമിട്ടാണ് ബാറിലെത്തിയത്. കാമുകിയെയും അനുജനെയും കൊലപ്പെടുത്തിയശേഷം കുളിച്ച് മറ്റൊരു ഷർട്ടുമിട്ടാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. തലയ്ക്കടിച്ചപ്പോൾ രക്തംചീറ്റി ദേഹത്തായതിനാലാണ് ഷർട്ട് മാറിയത്.

കൊലകൾക്ക് കാരണം

സാമ്പത്തികം മാത്രമോ?

പിതാവിന്റെ ഗൾഫിലെ ബിസിനസ് പൊളിഞ്ഞ് കടംകയറിയതും നാട്ടിലേക്ക് വരാനാവാതെ യാത്രാവിലക്ക് നേരിടുകയും ചെയ്തതാണ് അഫാന്റെ മനോനില തെറ്റിച്ചതെന്ന് പൊലീസ് കരുതുന്നു. സി.ആർ.പി.എഫിലെ റിട്ട.കോൺസ്റ്റബിളായ പിതൃസഹോദരൻ പണം നൽകാതിരുന്നതും അമ്മൂമ്മ ആഭരണങ്ങൾ പണയംവയ്ക്കാൻ നൽകാതിരുന്നതും പ്രകോപനമുണ്ടാക്കി. അഫാന്റെ 3000സ്ക്വയർഫീറ്റുള്ള വീട് വിൽക്കേണ്ട സ്ഥിതിയും ഉടലെടുത്തിരുന്നു.

വ്യാഴാഴ്ച 90,000രൂപയ്ക്ക് പണയം വച്ചത് ഒരാളിൽ നിന്നുവാങ്ങിയ കടം തിരികെകൊടുക്കാനാണ്. പലരിൽ നിന്നും കടംവാങ്ങി പണം പിതാവിന് അയച്ചുകൊടുത്തിരുന്നു. കാമുകി ഫർസാനയുടെ വീട്ടുകാർക്ക് അഫാനെ നല്ല മതിപ്പാണ്. വിവാഹത്തിന് എതിരായിരുന്നില്ല. എലിവിഷം കഴിച്ച് മെഡിക്കൽകോളേജാശുപത്രിയിൽ ഐ.സി.യുവിലുള്ള അഫാനെ നാലു ദിവസത്തിനുശേഷം ചോദ്യംചെയ്താലേ കാരണം വ്യക്തമാവൂ.

ഉത്തരം കിട്ടേണ്ട ചോദ്യങ്ങൾ

1. എല്ലാവരെയും കൊലപ്പെടുത്താനായിരുന്നു പദ്ധതിയെങ്കിൽ ഇടവേളയെടുത്ത് മദ്യപിക്കാൻ പോയതെന്തിന്?

2. കൂട്ട ആത്മഹത്യ ചെയ്യാനിരുന്നതാണെങ്കിൽ കീഴടങ്ങിയതെന്തിന്?

3. കടം പിതൃസഹോദരന് തനിച്ച് വീട്ടാൻ കഴിയില്ലെന്ന് അറിഞ്ഞിട്ടും പണംകിട്ടാതിരുന്നതാണോ കാരണം?

4.കുടുംബപരമായ മറ്റുപ്രശ്നങ്ങളും കൂട്ടക്കൊലയ്ക്ക് കാരണമായിട്ടുണ്ടോ?

` കസ്റ്റഡിയിൽ ചോദ്യംചെയ്താലേ കാര്യങ്ങൾ വ്യക്തമാവൂ. പിതാവിന്റെ കടം തന്റെ ബാദ്ധ്യതയായി മാറിയെന്ന് അഫാൻ പറയുന്നുണ്ടെങ്കിലും പരിശോധിക്കണം. അഫാൻ പറയുന്നതിൽ വൈരുദ്ധ്യങ്ങളുണ്ട്.'

-എസ്.ശ്യാംസുന്ദർ

ഐ.ജി, ദക്ഷിണമേഖല

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MURDERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA