
കൂടൽ (പത്തനംതിട്ട): ഭാര്യയെയും അയൽവാസിയായ സുഹൃത്തിനെയും വെട്ടിക്കൊന്ന യുവാവ് അറസ്റ്രിൽ. കലഞ്ഞൂർ പാടം പടയണിപ്പാറ ബൈജു വിലാസത്തിൽ ബൈജുവാണ് പിടിയിലായത്. ഇയാളുടെ ഭാര്യ വൈഷ്ണ (28), സുഹൃത്ത് പാടം എരത്വാപ്പുഴ സതിഭവനിൽ വിഷ്ണു (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. വിഷ്ണുവുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന സംശയത്തിലാണ് കൊലപാതകമെന്നാണ് പൊലീസ് നിഗമനം.
കുടുംബശ്രീയിൽ നിന്ന് ലോണെടുത്ത പണം വൈഷ്ണ വിഷ്ണുവിന് നൽകിയതിനെച്ചൊല്ലി വൈഷ്ണയും ബൈജുവും തമ്മിൽ ഞായറാഴ്ച രാത്രി തർക്കമുണ്ടായി. തുടർന്ന് വൈഷ്ണ വിഷ്ണുവിന് ഫോണിൽ മെസേജ് അയച്ചു. ഇതുകണ്ട് ഫോൺ പിടിച്ചുവാങ്ങിയ ബൈജു വാട്സാപ്പിൽ വിഷ്ണുവുമായി ചാറ്റ് ചെയ്തുവെന്ന് ആരോപിച്ച് വീണ്ടും വഴക്കിട്ടു. കൊടുവാളെടുത്ത് വൈഷ്ണയെ വെട്ടാനോങ്ങി.
വിഷ്ണുവിന്റെ വാടക വീട്ടിലേക്ക് ഓടിക്കയറിയ വൈഷ്ണയെ ബൈജു പിന്നാലെയെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ശബ്ദംകേട്ട് കതക് തുറന്ന വിഷ്ണുവിനെയും മാതാവിന്റെ മുന്നിലിട്ട് വെട്ടിവീഴ്ത്തി. ഇതിനുശേഷം ബൈജു സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് വിവരമറിയിച്ചു. അവരെത്തിയപ്പോഴേക്കും വൈഷ്ണ മരിച്ചിരുന്നു. വിഷ്ണുവിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിഷ്ണുവും ബൈജുവും ഉറ്റ സുഹൃത്തുക്കളും തടിപ്പണിക്കാരുമാണ്. ബൈജുവിന്റെ വീടിനടുത്താണ് വിഷ്ണുവും മാതാവ് സതിയും വാടകയ്ക്ക് താമസിക്കുന്നത്. സംഭവസ്ഥലം ജില്ലാ പൊലീസ് മേധാവി വി.ജി. വിനോദ് കുമാർ സന്ദർശിച്ചു. മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപ്രതിയിൽ പോസ്റ്റുമാേർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വിഷ്ണുവിന്റെ സംസ്കാരം നടത്തി. വൈഷ്ണയുടെ സംസ്കാരം ഇന്ന് നടക്കും. വൈഷ്ണ- ബൈജു ദമ്പതികൾക്ക് പത്തും നാലും വയസുള്ള മക്കളുണ്ട്. വിഷ്ണു അവിവാഹിതനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |