
പാലക്കാട്: കോയമ്പത്തൂരിൽ താമസിക്കുന്ന ഭാര്യയെ എയർഗൺകൊണ്ട് വെടിവച്ചു കൊന്ന ഭർത്താവ് കാറിൽ പാലക്കാട്ടെ വീട്ടിലെത്തി അതേ ഗൺകൊണ്ട് സ്വയം വെടിവച്ച് ജീവനൊടുക്കി. വണ്ടാഴി കിഴക്കേത്തറ ഏറാട്ടുകുളമ്പ് കൃഷ്ണകുമാർ (53), ഭാര്യ സംഗീത (47) എന്നിവരാണ് മരിച്ചത്. ഭാര്യയിലുള്ള സംശയത്തിലാണ് കൊലപാതമെന്നാണ് പൊലീസ് നിഗമനം.
കൃഷ്ണകുമാറിന്റെ ഭാര്യയും രണ്ട് പെൺമക്കളും കോയമ്പത്തൂർ പുതൂരിലാണ് താമസിക്കുന്നത്. കൃഷ്ണകുമാർ പാലക്കാട് വണ്ടാഴി ഏറാട്ടുകുളമ്പിലെ കുടുംബവീട്ടിലും കോയമ്പത്തൂരിലുമായി മാറി മാറി താമസിച്ച് വരികയായിരുന്നു. ഇന്നലെ പുലർച്ചെ വണ്ടാഴിയിലെ വീട്ടിൽ നിന്നും കോയമ്പത്തൂരിലെത്തിയ കൃഷ്ണകുമാർ ഭാര്യയുമായി വഴക്കിട്ടു. തുടർന്ന് വെടിവച്ച് കൊലപ്പെടുത്തി. ശേഷം കാറിൽ ഒൻപത് മണിയോടെ പാലക്കാട്ട് തിരിച്ചെത്തിയ ക്യഷ്ണകുമാർ വീടിന്റെ ഗേറ്റിന് സമീപത്തുവച്ച് അതേ തോക്കുകൊണ്ട് നെഞ്ചിൽ സ്വയം വെടിയുതിർക്കുകയായിരുന്നു.
ആ സമയം കൃഷ്ണകുമാറിന്റെ അച്ഛൻ സുന്ദരനും അമ്മ സരോജിനിയും വീട്ടിലുണ്ടായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് സംഭവമറിയുന്നത്. ഉടൻ മംഗലംഡാം പൊലീസിൽ അറിയിച്ചു. മരിക്കുന്നതിന് മുമ്പ് സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ച് താൻ ഭാര്യയെ കൊന്നെന്നും മരിക്കാൻ പോവുകയാണെന്നും കൃഷ്ണകുമാർ പറഞ്ഞിരുന്നു. കൃഷ്ണകുമാറിന്റെ പിതാവിന്റെ പേരിലാണ് തോക്കിന്റെ ലൈസൻസ്.
കോയമ്പത്തൂർ കോവിൽ പാളയം ഇന്ത്യൻ പബ്ലിക് സ്കൂളിലെ ജീവനക്കാരിയായിരുന്നു സംഗീത. ദീർഘനാൾ വിദേശത്തായിരുന്ന കൃഷ്ണകുമാർ കൊവിഡ് കാലത്ത് നാട്ടിൽ തിരിച്ചെത്തി വീട്ടിലെ കൃഷി നോക്കി നടത്തുകയായിരുന്നു. അച്ഛന് സുഖമില്ലാത്തതിനാലാണ് കൃഷ്ണകുമാർ പാലക്കാട്ടെ വീട്ടിൽ താമസിച്ചിരുന്നത്. സംഗീതയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ച് കൃഷ്ണകുമാർ അവരുമായി നിരന്തരം വഴക്കിട്ടിരുന്നു. ഇന്നലെയും ഇതുസംബന്ധിച്ച് വഴക്കുണ്ടായി എന്നാണ് സൂചന.
കൃഷ്ണകുമാറിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. സംഗീതയുടെ മൃതദേഹം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |