
തലശ്ശേരി: പത്തൊൻപത് വർഷം മുമ്പ് മുഴപ്പിലങ്ങാട്ടെ ബി.ജെ.പി പ്രവർത്തകൻ സൂരജിനെ (32) വെട്ടിക്കൊന്ന കേസിൽ 9 പ്രതികൾ കുറ്റക്കാരാണെന്ന് തലശ്ശേരി പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി കണ്ടെത്തി. സി.പി.എം വിട്ട് ബി.ജെ.പിയിൽ ചേർന്നതാണ് കൊലപാതകത്തിന് കാരണം.
ടി.പി. വധക്കേസ് പ്രതി ടി.കെ. രജീഷ്, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിന്റെ സഹോദരൻ മനോരാജ് നാരായണൻ എന്നിവരടക്കമുള്ളവരാണ് പ്രതികൾ. ശിക്ഷ തിങ്കളാഴ്ച വിധിക്കും.
സി.പി.എം. പ്രവർത്തകരായ പത്തായക്കുന്ന് കാരായിന്റവിട ഹൗസിൽ ടി.കെ. രജീഷ് (45), കാവുംഭാഗം പുതിയേടത്ത് ഹൗസിൽ എൻ.വി. യോഗേഷ് (46), എരഞ്ഞോളി അരങ്ങേറ്റുപറമ്പ് കണ്ട്യൻ ഹൗസിൽ കെ. ഷംജിത്ത് എന്ന ജിത്തു (57), കൂത്തുപറമ്പ് നരവൂരിലെ പി.എം. മനോരാജ് (43), മുഴപ്പിലങ്ങാട് വാണിയന്റെ വളപ്പിൽ നെയ്യോത്ത് സജീവൻ (56), പണിക്കന്റവിട ഹൗസിൽ പ്രഭാകരൻ (65), പുതുശ്ശേരി ഹൗസിൽ കെ.വി. പദ്മനാഭൻ (67), പുതിയപുരയിൽ പ്രദീപൻ (58), മനോമ്പേത്ത് രാധാകൃഷ്ണൻ (60) എന്നിവരാണ് പ്രതികൾ.
പത്താം പ്രതി നാഗത്താൻകോട്ട പ്രകാശനെ വെറുതെ വിട്ടു. ഒന്നാം പ്രതി പി.കെ. ഷംസുദ്ദീനും പന്ത്രണ്ടാം പ്രതി ടി.പി. രവീന്ദ്രനും വിചാരണയ്ക്കിടെ മരിച്ചു.
2005 ഓഗസ്റ്റ് ഏഴിന് രാവിലെ മുഴപ്പിലങ്ങാട് ടെലിഫോൺ എക്സ്‌ചേഞ്ചിന് മുന്നിൽ ഓട്ടോയിലെത്തിയ പ്രതികൾ ബോംബെറിഞ്ഞശേഷം സൂരജിനെ വെട്ടിക്കൊന്നതാണ് കേസ്.
സംഭവത്തിന് ആറുമാസം മുമ്പും കൊല്ലാൻ ശ്രമിച്ചിരുന്നു. അന്ന് കാലിനാണ് വെട്ടേറ്റത്. ആറുമാസം കിടപ്പിലായി. പിന്നീട് പുറത്തിറങ്ങിയപ്പോഴാണ് കൊല നടപ്പാക്കിയത്.
2010ൽ കേസ് വിചാരണയ്ക്ക് പരിഗണിച്ചെങ്കിലും സാക്ഷിവിസ്താരം തുടങ്ങിയില്ല. സൂരജിന്റെ അമ്മ സതി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പി. പ്രേമരാജൻ, പ്രതിഭാഗത്തിനു വേണ്ടി അഡ്വ. സി.കെ. ശ്രീധരൻ, അഡ്വ. എൻ.ആർ. ഷാനവാസ് എന്നിവർ ഹാജരായി.
28 സാക്ഷികൾ, 51 രേഖകൾ
28 സാക്ഷികളെ വിസ്തരിച്ചു, 51 രേഖകൾ ഹാജരാക്കി. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റം ചുമത്തി. തുടക്കത്തിൽ പത്തു പ്രതികളായിരുന്നു. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി.കെ. രജീഷിന്റെ കുറ്റസമ്മത മൊഴി പ്രകാരം രണ്ടുപേരെ കൂടി പ്രതിചേർക്കുകയായിരുന്നു. അതിലൊരാളാണ് അഞ്ചാം പ്രതിയും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിന്റെ സഹോദരനുമായ മനോരാജ് നാരായണൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |