SignIn
Kerala Kaumudi Online
Friday, 23 October 2026 11.18 AM IST

യുവതിയെയും കുഞ്ഞുങ്ങളെയും കൊന്ന മുൻ സൈനികർ അറസ്റ്റിൽ, പിടിയിലായത് 18 വർഷത്തിനു ശേഷം

k

കൊല്ലം: കൊല്ലം അഞ്ചൽ അലയമണിൽ അവിവാഹിതയായ യുവതിയെയും 17 ദിവസം മാത്രം പ്രായമുള്ള ഇരട്ട പെൺകുട്ടികളെയും കൊലപ്പെടുത്തിയ കേസിൽ കാമുകൻ ഉൾപ്പെട്ട രണ്ടു മുൻ സൈനികർ അറസ്റ്റിൽ. 18 വർഷത്തിനുശേഷമാണ് സി.ബി.ഐ ചെന്നൈ യൂണിറ്റ് പോണ്ടിച്ചേരിയിൽ നിന്ന് ഇവരെ പിടികൂടിയത്. അലയമൺ രജനി വിലാസത്തിൽ രഞ്ജി​നിയെയും (23) പിഞ്ചുകു‌ഞ്ഞുങ്ങളെയുമാണ് കൊലപ്പെടുത്തിയത്.

ആർമിയുടെ പഠാൻകോട്ട് റെജിമെന്റിലെ മുൻ സൈനികരായ അഞ്ചൽ സ്വദേശി ദിബിൽ കുമാർ, കണ്ണൂർ സ്വദേശി രാജേഷ് എന്നിവരാണ് പിടിയിലായത്. രഞ്ജി​നിയും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന അഞ്ചൽ ഏറത്തെ വീട്ടിൽ 2006 ഫെബ്രുവരി 10നാണ് കൊല്ലപ്പെട്ടത്. രഞ്ജി​നിയുടെ അമ്മ ശാന്തമ്മ രാവിലെ 10 മണിയോടെ പഞ്ചായത്ത് ഓഫീസിൽ പോയി. ഉച്ചയ്ക്ക് ഒന്നോടെ തിരികെ വന്നപ്പോൾ രഞ്ജി​നിയെ നിലത്തും കുഞ്ഞുകളെ തൊട്ടിലിലും കട്ടിലിലുമായി കഴുത്തറുത്ത് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവരുടെ വാടകവീട്ടിൽ ഒപ്പം താമസിച്ചിരുന്ന മറ്റൊരു കുടുംബം സംഭവദിവസം രാജേഷ് അവിടെ വന്നുപോകുന്നതായി കണ്ടിരുന്നു. അതിൽ നിന്നാണ് കൊലപാതകത്തിന് പിന്നിൽ ദിബിൽകുമാറും രാജേഷുമാണെന്ന് പൊലീസ് നിരീക്ഷിച്ചത്.

ദിബിൽകുമാർ ബലാത്സംഗം ചെയ്താണ് താൻ ഗർഭിണിയായതെന്ന് രഞ്ജി​നി പൊലീസിന് പരാതി നൽകിയിരുന്നു. അതിനു മുമ്പ് ഗർഭം അലസി​പ്പി​ക്കണമെന്ന് ദി​ബി​ൽകുമാർ ആവശ്യപ്പെട്ടു. വിവാഹം കഴിക്കണമെന്നായിരുന്നു രഞ്ജി​നിയുടെ ആവശ്യം.

ഇതോടെയാണ് സഹപ്രവർത്തകനായ രാജേഷുമായി ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. പ്രതികൾക്കായി പൊലീസ് രാജ്യമാകെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെ രഞ്ജി​നിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരം 2008ൽ, കേരളത്തിലെ കേസുകൾ അന്വേച്ചിരുന്ന സി.ബി.ഐ ചെന്നൈ യൂണിറ്റിന് കേസ് കൈമാറി​. അടുത്തിടെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോണ്ടിച്ചേരിയിൽ മറ്റ് പേരുകളിൽ കുടുംബസമേതം താമസിക്കുകയായിരുന്ന പ്രതികളെ സി.ബി.ഐ സംഘം പിടികൂടിയത്. പ്രതികളെ വൈകാതെ അഞ്ചലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.

 കൊലപാതകത്തിന് പിന്നിൽ

സമീപവാസികളായ രഞ്ജി​നിയും ദിബിൽകുമാറും അടുപ്പത്തിലായിരുന്നു. ഇതിനിടെ അമ്മ ശാന്തമ്മ തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയ്ക്ക് പോയി. ചികിത്സയ്ക്കുള്ള പണം എടുക്കാൻ ഒറ്റയ്ക്ക് വീട്ടിലേക്ക് എത്തിയ രഞ്ജി​നിയെ ദിബിൽകുമാർ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ ഈ വിവരം അമ്മയടക്കമുള്ള കുടുംബാംഗങ്ങൾ അറിഞ്ഞിരുന്നില്ല. ആറാം മാസം ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. ഇതോടെ രഞ്ജി​നി പൊലീസിലും മനുഷ്യാവകാശ കമ്മിഷനിലും പരാതി നൽകി. വിവാഹം കഴിക്കണമെന്ന ആവശ്യം ദിബിൽകുമാർ നിരസിച്ചു. രഞ്ജി​നി ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതോടെ ഡി.എൻ.എ പരിശോധന നടത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു. അതിന് പിന്നാലെ സൈന്യത്തിൽ നിന്ന് ദിബിൽകുമാറും രാജേഷും അവധിയെടുത്ത് നാട്ടിലെത്തി കൃത്യം നടപ്പാക്കി സ്ഥലം വിടുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MURDERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA