
തിരുവനന്തപുരം:മൂത്ത് മകൻ കൊന്ന ഇളയ മകനെയും അത്യാസന്ന നിലയിൽ കിടക്കുന്ന ഭാര്യയെയും കൊലക്കത്തിക്ക് ഇരയായ തന്റെ ബന്ധുക്കളെയും ഒരു നോക്ക് കാണാൻ സാധിക്കാതെ നെഞ്ച് നീറുകയാണ് വെഞ്ഞാറമൂട് കൂട്ടക്കൊലയിലെ പ്രതി അഫാന്റെ പിതാവ് അബ്ദുൾ റഹീം..നാട്ടിലേക്ക് പോയി തന്റെ പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്കു കാണാൻ ആഗ്രഹമുണ്ടെങ്കിലും സാമ്പത്തിക ബാധ്യതയും രേഖകൾ ശരിപ്പെടുത്തുന്നതുമടക്കമുള്ള തടസ്സങ്ങളാണ് മുന്നിൽ.
പ്രവാസിയായ അബ്ദുൽ റഹീം കഴിഞ്ഞ 25 വർഷമായി സൗദിയിലാണ്. ഗൾഫിലെ സ്പെയർ പാർട്സ് കച്ചവടവുമായി ബന്ധപ്പെട്ട കടങ്ങളെ തുടർന്ന് കഴിഞ്ഞ 7 വർഷമായി നാട്ടിലേക്ക് പോകാൻ കഴിഞ്ഞിട്ടില്ല. കാലാവധി കഴിഞ്ഞ ഇഖാമ പുതുക്കാനുണ്ട്. തനിക്കുണ്ടായ കടങ്ങളൊന്നും വീട്ടേണ്ടത് മകന്റെ ബാധ്യതയല്ലെന്നും, തന്റെ സാമ്പത്തിക ബുദ്ധിമുട്ടൊന്നും അവനെ ബാധിച്ചിട്ടില്ലെന്നും റഹിം പറയുന്നു.
നാട്ടിലുള്ള വീടും വസ്തുവും വിറ്റ് ഇവിടെയുളള കടങ്ങളും ബാധ്യതകളും തീർക്കാനുള്ള ശ്രമത്തിലായിരുന്നു താൻ. ഈ വിവരം സ്വന്തം കുടുംബത്തിലെ എല്ലാവർക്കും അറിയാമായിരുന്നു. ഇത്തരത്തിൽ ബാധ്യത തീർക്കുന്നതിൽ അഫാനും എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. ഇതിനിടെ എന്താണ് സംഭവിച്ചതെന്നും അറിയില്ല. വസ്തുവും വീടുമൊക്കെ വിറ്റ് കടബാധ്യതകൾ ഒഴിവാക്കണമെന്നാണ് അഫാനും പറഞ്ഞിരുന്നു. അതിനായി ബ്രോക്കർമാരോട് അഫാൻ സംസാരിച്ചുവെന്നും റഹീം പറയുന്നു.
അബ്ദുൽ റഹിമിന് നാട്ടിലേക്ക് പോകാൻ കഴിയാത്ത സാഹചര്യത്തിൽ ഭാര്യയും മക്കളും സന്ദർശക വിസയിൽ സൗദിയിൽ വന്നിരുന്നു. ആറ് മാസത്തെ സന്ദർശക വീസയിലെത്തിയ അഫാൻ തനിക്കൊപ്പം കഴിഞ്ഞ് സന്തോഷത്തോടെയാണ് തിരിച്ചു പോയത്. പെൺ സുഹൃത്തിൽ നിന്ന് അഫാൻ കുറച്ച് പണം വാങ്ങിയിരുന്നു. അതിൽ പകുതിയോളം പണം താൻ തന്നെ അയച്ചു കൊടുത്തിരുന്നു. ഉമ്മയുമായോ സഹോദരനുമായോ യാതൊരു പ്രശ്നങ്ങളുമുണ്ടായിരുന്നില്ല. ഒരാഴ്ചയ്ക്ക് മുൻപും അഫാനെ വിളിച്ചു സംസാരിച്ചു. രണ്ട് ദിവസം മുൻപ് വീട്ടിൽ വിളിച്ചിരുന്നുവെന്നും പ്രത്യേകിച്ച് പ്രശ്നങ്ങളുള്ളതായി പറഞ്ഞിട്ടില്ലെന്നും റഹിം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |