
കൊച്ചി: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണാവശ്യം തള്ളിയ സിംഗിൾബെഞ്ച് വിധിക്കെതിരെ ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ അപ്പീൽ നൽകി. കൊന്നു കെട്ടിത്തൂക്കിയതാകാമെന്ന സംശയമടക്കം ഉന്നയിച്ചാണ് ഹർജി. അപ്പീൽ ഡിവിഷൻബെഞ്ച് അടുത്തദിവസം പരിഗണിക്കും. പ്രതിയായ പി.പി.ദിവ്യയ്ക്ക് ഭരണപക്ഷത്തുള്ള സ്വാധീനമടക്കം കണക്കിലെടുത്ത് കേസ് സി.ബി.ഐക്ക് കൈമാറണമെന്നാണ് ആവശ്യം.
സിംഗിൾബെഞ്ച് ഉത്തരവ് വസ്തുതകൾ വിശകലനം ചെയ്യാതെയാണ്. ഇൻക്വസ്റ്റ്, പോസ്റ്റുമോർട്ടം റിപ്പോർട്ടുകളിൽ പോരായ്മകളുണ്ട്. ശരീരം തൂങ്ങിനിന്നതിലുമേറെ സമയം തറയിൽ കിടന്നിട്ടുണ്ടാകാമെന്നാണ് ഹൃദയം നിലച്ചശേഷമുള്ള രക്തമൊഴുക്കിന്റെ ഗതി സൂചിപ്പിക്കുന്നത്. കൊലപ്പെടുത്തിയശേഷം തൂക്കിയതാകാമെന്ന സംശയം ബലപ്പെടുത്തുന്നതാണിത്.
വായിൽ നിന്ന് ഉമിനീർ ഒഴുകിയിട്ടില്ല. മരണം നേരത്തേ നടന്നുവെന്ന സൂചനയാണിത്. നാക്കുകടിച്ച നിലയിലായിരുന്നു. ശ്വാസം മുട്ടിച്ചിട്ടുണ്ടെന്നു സംശയിക്കാവുന്ന തെളിവാണിത്.
അടിവസ്ത്രത്തിലെ രക്തക്കറയ്‌ക്ക് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉത്തരമില്ല. മൂത്രാശയക്കല്ലാകാം കാരണമെന്ന് ഡോക്ടർ പിന്നീട് നൽകിയ മൊഴിയാണ് കോടതി കണക്കിലെടുത്തത്. ദിവ്യയും കണ്ണൂർ കളക്ടറും സാക്ഷി പ്രശാന്തനും ഗൂഢാലോചന നടത്തിയെന്ന പരാതി അന്വേഷിക്കാൻ പൊലീസ് തയ്യാറായില്ലെന്നും ഹർജിയിലുണ്ട്.
രാസപരിശോധന നടത്തിയില്ല
യാത്രഅയപ്പ് യോഗത്തിൽ അധിക്ഷേപിക്കപ്പെട്ട നവീൻബാബുവിനെ പിന്നീട് ആരെല്ലാം കണ്ടുവെന്ന് പൊലീസ് അന്വേഷിച്ചിട്ടില്ലെന്നും ഹർജിയിൽ
ആന്തരികാവയവ/രക്തസാമ്പിളുകൾ ശേഖരിച്ചു സൂക്ഷിച്ചില്ല. രാസപരിശോധനയും നടത്തിയില്ല. വിഷമോ മയക്കുമരുന്നോ ഉള്ളിൽച്ചെന്നിരുന്നോ എന്നറിയാനുള്ള സാദ്ധ്യത ഇല്ലാതായി
മരണം നടന്ന മുറിയുടെയും തൂങ്ങിയ കൊളുത്തിന്റെയും കൃത്യമായ ഉയരം രേഖപ്പെടുത്തിയില്ല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |