
കൊച്ചി: കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസിനെ എൻ.സി.പി സംസ്ഥാന പ്രസിഡന്റായും പി.കെ. രാജൻ, പി.എം. സുരേഷ്ബാബു എന്നിവരെ വർക്കിംഗ് പ്രസിഡന്റുമാരായും ദേശീയ പ്രസിഡന്റ് ശരദ് പവാർ നിയമിച്ചു.എൻ.സി.പി ദേശീയസമിതി അംഗമായ തോമസ് കെ. തോമസ് പാർലമെന്ററി പാർട്ടി നേതാവ്, സംസ്ഥാന നിർവാഹക സമിതിഅംഗം, നിയമസഭാ ലൈബ്രറി ഉപദേശക സമിതി ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
ആലപ്പുഴ ജില്ലയിലെ ചേന്നങ്കരി വി.സി. തോമസിന്റെയും ഏലിയാമ്മ തോമസിന്റെയും മകനാണ് 68 കാരനായ തോമസ് കെ. തോമസ്. സഹോദരനും എം.എൽ.എയുമായിരുന്ന തോമസ് ചാണ്ടിയുടെ മരണത്തെ തുടർന്നാണ് രാഷ്ട്രീയത്തിലെത്തിയതും 2021ലെ തിരഞ്ഞെടുപ്പിൽ കുട്ടനാട്ടിൽ ജയിച്ചതും. കുവൈറ്റ് ആസ്ഥാനമായ ഹൈഡയിൻ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമയുമാണ്.ഭാര്യ: അന്നമ്മ മാത്യു. മക്കൾ: ഡോ. ടിറ്റു കെ. തോമസ്, ഡോ. ടീന കെ. തോമസ്, ടിന്റു എലിസബത്ത് കെ. തോമസ്.ശരദ് പവാർ നിയോഗിച്ച ദേശീയ ജനറൽ സെക്രട്ടറി ജിതേന്ദ്രഅവാദ്, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുഹമ്മദ് ഫൈസൽ എന്നിവർ കഴിഞ്ഞദിവസം 38 സംസ്ഥാന ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ തോമസ് കെ. തോമസിനെ പ്രസിഡന്റാക്കാൻ ഭൂരിപക്ഷവും നിർദ്ദേശിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |