SignIn
Kerala Kaumudi Online
Wednesday, 24 June 2026 4.52 AM IST

പൊട്ടിക്കരഞ്ഞും, കാലുപിടിച്ചും രംഗങ്ങൾ : വൈകിയെത്തി, നീറ്റലായി പരീക്ഷ

neet-

ന്യൂഡൽഹി: നീറ്റ് യു.ജി പുനഃപരീക്ഷയ്ക്ക് മിനിറ്റുകൾ വൈകിയതിനെ തുടർന്ന്, പരീക്ഷാഹാളിലേക്ക് പ്രവേശനം നിഷേധിച്ചതോടെ പൊട്ടിക്കരഞ്ഞ് വിദ്യാർത്ഥികൾ. ഞായറാഴ്ച നടന്ന പരീക്ഷയിൽ ഉച്ചയ്ക്ക് ഒന്നര വരെയായിരുന്നു പ്രവേശനസമയം. ശേഷം എത്തിയവരെ കടത്തിവിട്ടില്ല. മദ്ധ്യപ്രദേശിലെ വിദിഷയിൽ രണ്ട് മിനിറ്റ് വൈകിയതിന് പ്രവേശനം നിഷേധിച്ചതോടെ, വിദ്യാർത്ഥിനിയുടെ മാതാപിതാക്കൾ അധികൃതരോട് യാചിച്ചു. തറയിൽ കിടന്നുരുണ്ട് നിലവിളിച്ച പിതാവിനെ മകൾ ആശ്വസിപ്പിക്കുന്നത്, കണ്ടുനിന്നവരുടെ കണ്ണു നിറച്ചു. തെലങ്കാന ജഗ്തീയലിൽ മകളെ പ്രവേശിപ്പിക്കാൻ മാതാവ് സുരക്ഷാ ജീവനക്കാരുടെ കാലു പിടിക്കുന്ന ദൃശ്യം വൈറലായി. മൂന്ന് മിനിറ്റാണ് വൈകിയത്. അതേസമയം, തെലങ്കാനയിലെ ജൻഗാവിൽ പരീക്ഷാ സെന്റർ മാറിപ്പോയ വിദ്യാർത്ഥിനിയെ, യഥാർത്ഥ പരീക്ഷാകേന്ദ്രത്തിൽ പൊലീസ് വാഹനത്തിൽ അതിവേഗമെത്തിച്ച പൊലീസ് നാട്ടുകാരുടെ കൈയടി നേടി. സൈറണും മുഴക്കിയായിരുന്നു വാഹനത്തിന്റെ യാത്ര.

 കോൺഗ്രസിന് വിമർശനം

പരീക്ഷാ ദിവസം ബെംഗളൂരുവിൽ കോൺഗ്രസ് പാർട്ടി പരിപാടി സംഘടിപ്പിച്ചതോടെയുണ്ടായ തിരക്കിൽ, വിദ്യാർത്ഥികൾക്ക് പരീക്ഷയ്‌ക്കെത്താനായില്ലെന്ന് ആരോപിച്ച് ബി.ജെ.പി രംഗത്തെത്തിയതോടെ വിവാദം. കർണാടക പി.സി.സി അദ്ധ്യക്ഷനായി ബി.കെ.ഹരിപ്രസാദ് ചുമതലയേറ്റ ചടങ്ങാണ് ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ നടന്നത്. ഇതുകാരണം ഗതാഗത കുരുക്കുണ്ടായെന്നും, വിദ്യാർത്ഥികളുടെ യാത്ര വൈകിയെന്നും ബി.ജെ.പി കർണാടക അദ്ധ്യക്ഷൻ ബി.വൈ.വിജയേന്ദ്ര യെദ്യൂരപ്പ ആരോപിച്ചു.

വ്യാജപ്രചാരണമാണ് ബി.ജെ.പിയുടേതെന്ന് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ തിരിച്ചടിച്ചു. മൂന്ന് വിദ്യാർത്ഥികൾക്കാണ് പരീക്ഷയെഴുതാനാകാഞ്ഞത്. മേയ് മൂന്നിന് നടന്ന പരീക്ഷയുടെ അഡ്മിറ്റ് കാർഡുമായെത്തിയ ഒരാൾക്കും ബസ് കിട്ടാൻ വൈകിയ ഒരാൾക്കുമാണ് പ്രവേശനം നിഷേധിക്കപ്പെട്ടത്. മൂന്നാമത്തെ വിദ്യാർത്ഥി വൈകിയത് എന്തുകൊണ്ടെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല. കോൺഗ്രസ് പരിപാടി മുൻകൂറായി ജനങ്ങളെ അറിയിച്ചിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA