
തിരുവനന്തപുരം: കാർബോറാണ്ടം കമ്പനി വ്യവസായ ആവശ്യത്തിന് വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം ആവശ്യം കഴിഞ്ഞുള്ളത് കെ.എസ്.ഇ.ബിക്ക് നല്‍കുന്ന കാപ്റ്റീവ് ജനറേഷൻ പദ്ധതി തുടരുന്നതിൽ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയെ നിയമസഭയിൽ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി തുടരണമെന്നതാണ് സർക്കാർ നയമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കമ്പനിക്കു വേണ്ട വൈദ്യുതി അവർ ഉത്പാദിപ്പിച്ച് ബാക്കി കെ.എസ്.ഇ.ബിക്കു കൈമാറും. ഇതു വരെ ദോഷം വരുന്ന സമീപനം കാർബോറാണ്ടം യൂണിവേഴ്‌സൽ കമ്പനി സ്വീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ വൈദ്യുതി മന്ത്രിയും വ്യവസായ മന്ത്രിയും തമ്മിൽ ഒരു തർക്കവുമില്ലെന്നു പറഞ്ഞ പിണറായി, വ്യവസായ മന്ത്രി പി.രാജീവിന്റെ നിലപാടിനെ പിന്തുണച്ചു.
1990ൽ 30 വർഷ ബി.ഒ.ടി കാലാവധിയിലാണ് മണിയാർ പദ്ധതി കാർബോറാണ്ടം കമ്പനിക്കു നൽകിയതെന്നും കാലാവധി കഴിഞ്ഞിട്ടും പദ്ധതി കെ.എസ്.ഇ.ബിക്ക് കൈമാറിയില്ലെന്നും സബ്മിഷനിൽ രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. 12 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള അനുമതിയാണ് കാർബോറാണ്ടം കമ്പനിക്ക് നൽകിയിരുന്നതെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. കമ്പനിയുടെ പാലക്കാട്, കൊരട്ടി, കളമശേരി ഫാക്ടറികൾ പ്രവർത്തിപ്പിക്കാനാണിത്. ആവശ്യം കഴിഞ്ഞുള്ള വൈദ്യുതി കെ.എസ്.ഇ.ബിക്ക് നൽകണമെന്നാണ് കരാർ. കാലാവധി കഴിഞ്ഞതോടെ കരാർ 25 വർഷത്തേക്ക് കൂടി നീട്ടണമെന്ന് കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് വ്യവസായത്തിന് സഹായകരമാകുമെന്നാണ് വൈദ്യുതി ബോർഡിനെ അറിയിച്ചത്. കരാർ അവസാനിച്ചപ്പോൾ ബോർഡ് നോട്ടീസ് നൽകിയിരുന്നു. ബോർഡിന് ദോഷകരമാകാത്തതും വ്യവസായ അന്തരീക്ഷത്തിന് ഗുണകരമാകുന്നതുമായ നടപടിയാകും ഇക്കാര്യത്തിൽ കൈക്കൊള്ളുകയെന്നും മന്ത്രി പറഞ്ഞു.അപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടൽ.
ബി.ഒ.ടി കരാറിന്റെ കാലാവധി കഴിഞ്ഞാൽ അത് ഏറ്റെടുക്കുക സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. കാർബോറാണ്ടത്തിന് കരാർ നീട്ടി നൽകിയാൽ 12 മറ്റ് കമ്പനികൾക്കും നീട്ടി നൽകേണ്ടിവരും. വൈദ്യുതി കെ.എസ്.ഇ.ബിക്ക് വിറ്റതിലൂടെ ഇതുവരെ 300 കോടിയോളം രൂപ അവർ ലാഭമുണ്ടാക്കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |