
തിരുവനന്തപുരം: അങ്കണവാടി ക്ഷേമനിധി ബോർഡിന് സഹായമായി 10കോടി അനുവദിച്ചു. ബഡ്ജറ്റ് വിഹിതമായി 9കോടി നൽകിയതിന് പുറമെയാണിതെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.അംശാദായത്തിൽ 20ശതമാനം സർക്കാർ വിഹിതമായാണ് നൽകുന്നത്. പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ മുടങ്ങാതിരിക്കാനാണിത്.
എലപ്പുള്ളി: വെള്ളം
നൽകാൻ അനുമതി
നൽകിയിട്ടില്ലെന്ന് മന്ത്രി
തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളി മദ്യനിർമ്മാണശാലയ്ക്ക് വെള്ളം നൽകാൻ വാട്ടർ അതോറിട്ടി അനുമതി നൽകിയിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു. കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിനുവേണ്ടി നിർമ്മിക്കുന്ന 10 എം.എൽ.ഡി വ്യാവസായിക കുടിവെള്ള പദ്ധതിയിൽ നിന്ന് ജല ലഭ്യത സംബന്ധിച്ച് സാദ്ധ്യത തേടാമെന്നാണ് പാലക്കാട് സൂപ്രണ്ടിംഗ് എൻജിനിയരുടെ കത്തിലുള്ളത്. ഒയാസിസ് കൊമേഴ്സ്യൽ പ്രൈവറ്റ് കമ്പനിക്ക് പൊതുമേഖല എണ്ണക്കമ്പനികളുടെ എഥനോൾ ഉത്പാദനവുമായി ബന്ധപ്പെട്ട ടെണ്ടർ നടപടികളിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് കത്ത് നൽകിയത്. ഇത് മദ്യനിർമ്മാണശാലയ്ക്ക് വെള്ളം നൽകുന്നതിനുള്ള അനുമതിയല്ലെന്നും മന്ത്രി പറഞ്ഞു.
കാർഷിക കടാശ്വാസം: അപേക്ഷിക്കുന്നതിനുള്ള വായ്പാ തീയതി നീട്ടും
തിരുവനന്തപുരം:സംസ്ഥാന കടാശ്വാസ കമ്മിഷൻ വഴി കടാശ്വാസത്തിനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള വായ്പാ തീയതി ദീർഘിപ്പിക്കുന്നത് പരിഗണനയിലാണെന്ന് മന്ത്രി പി.പ്രസാദ് നിയമസഭയിൽ പറഞ്ഞു. ഇടുക്കി,വയനാട് ഒഴികെയുള്ള ജില്ലകളിൽ 2016 മാർച്ച് 31വരെയായിരുന്നു സമയപരിധി.ഇത് ദീർഘിപ്പിക്കാൻ ധനവകുപ്പുമായി ചർച്ച നടത്തുന്നുണ്ട്. മറ്റാരുടെയെങ്കിലും ഭൂമിയിൽ കൃഷി ചെയ്യുന്നവർക്കടക്കം ആനുകൂല്യം പരിഗണിക്കും.244 സിറ്റിംഗുകളിലൂടെ 79212 അപേക്ഷകളിൽ കമ്മിഷൻ തീർപ്പുണ്ടാക്കി.366.88കോടി കടാശ്വാസമനുവദിച്ചു.ഇടുക്കി,വയനാട് ജില്ലകളിൽ പ്രത്യേകമായി സിറ്റിംഗ് നടത്തി. എല്ലാ കർഷകർക്കും ആനുകൂല്യം ലഭ്യമാക്കുമെന്നും സജീവ് ജോസഫിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
ആവി പലഹാര നികുതി
കുറയ്ക്കാൻ ശ്രമിക്കും
തിരുവനന്തപുരം: പുഴുങ്ങിയെടുക്കുന്ന പലഹാരങ്ങൾക്ക് നികുതി കുറയ്ക്കാൻ ജി.എസ്.ടി.കൗൺസിലിൽ അനുമതി തേടുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ ധനാഭ്യർത്ഥന ചർച്ചകൾക്ക് മറുപടിയായി പറഞ്ഞു.
നിലവിൽ ആവിയിലുണ്ടാക്കുന്ന പലഹാരങ്ങൾക്ക് 18 ശതമാനവും മറ്റുള്ളവയ്ക്ക് 5 ശതമാനവും നികുതിയാണുള്ളത്. കേരളത്തിന്റെ പരാതിയിൽ ഈ വിഷയം ബന്ധപ്പെട്ട ഉപസമിതിയുടെ പരിഗണനയിലാണ്.
കോളേജ് മാറ്റത്തിന് അനുമതി നൽകില്ല
തിരുവനന്തപുരം:അലോട്ട്മെന്റ് നടപടികൾ പൂർത്തിയായ ശേഷമുള്ള കോളജ് ട്രാൻസ്ഫർ എൻട്രൻസ് കമ്മിഷണറല്ല നടത്തേണ്ടതെന്ന് കമ്മിഷണറേറ്റ് അറിയിച്ചു. അതതു കോളേജുകൾ/വകുപ്പുകൾ/സർവകലാശാലകൾ അവരവരുടെ നിയമങ്ങൾക്കനുസൃതമായാണ് കോളേജ് മാറ്റം അനുവദിക്കുന്നത്. അലോട്ട്മെന്റിന്റെ ഭാഗമായുള്ള കോളേജ് ട്രാൻസ്ഫർ മാത്രമാണ് പ്രവേശന പരീക്ഷ കമ്മിഷണർ നടത്തുന്നത്. എൽ.എൽ.ബി പ്രവേശനവുമായി ബന്ധപ്പെട്ട കോളേജ് മാറ്റത്തിനുള്ള അപേക്ഷയിലാണ് ഈ വിശദീകരണം. പഞ്ചവൽസര എൽ.എൽ.ബി പ്രവേശനം നവംബർ 20ന് പൂർത്തീകരിച്ചിരുന്നു. പ്രോസ്പെക്ടസിലെ വ്യവസ്ഥകൾ പ്രകാരം ഒരു കോളേജിൽ നിന്നും മറ്റൊരു കോളേജിലേക്ക് മ്യൂച്ചൽ ട്രാൻസ്ഫറിന് കഴിയില്ലെന്നും വ്യവസ്ഥകളിൽ മാറ്രം വരുത്താനാവില്ലെന്നും എൻട്രൻസ് കമ്മിഷണർ വ്യക്തമാക്കി.
പ്രവാസി പെൻഷൻകാർ
ലൈഫ് സർട്ടിഫിക്കറ്റ്
നൽകണം
തിരുവനന്തപുരം: കേരള പ്രവാസി കേരളീയ ക്ഷേമനിധിയിൽ നിന്നും പെൻഷൻ,കുടുംബ,അവശതാ പെൻഷൻ എന്നിവ കൈപ്പറ്റുന്നവർ 2025ലെ ലൈഫ് സർട്ടിഫിക്കറ്റ് 31ന് മുൻപ് സമർപ്പിക്കണം. നാട്ടിലുള്ള പെൻഷൻകാർ ബോർഡ് നിഷ്കർഷിച്ചിട്ടുള്ള മാതൃകയിൽ ലൈഫ് സർട്ടിഫിക്കറ്റ്,ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തി,തപാലിൽ തിരുവനന്തപുരം ഹെഡ് ഓഫീസിലേക്ക് അയക്കണം. വിദേശത്തുള്ളവർക്ക് ഇന്ത്യൻ എംബസി മുഖാന്തരം ലൈഫ് സർട്ടിഫിക്കറ്റ് നൽകാം. ആധാർ നമ്പർ അപ്ഡേറ്റ് ചെയ്തിട്ടില്ലാത്ത പെൻഷൻകാർ കാർഡിന്റെ പകർപ്പിൽ മെമ്പർഷിപ്പ് നമ്പർ രേഖപ്പെടുത്തി ലൈഫ് സർട്ടിഫിക്കറ്റിനോടൊപ്പം അയക്കണം. വിവരങ്ങൾക്ക്:www.pravasikerala.org.
പ്രവേശനത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ ആരോഗ്യ സർവ്വകലാശാല അംഗീകരിച്ച ബി.എസ്.സി. നേഴ്സിംഗ്(ആയുർവേദം), ബി.ഫാം(ആയുർവേദം) എന്നീ കോഴ്സുകളിലേക്ക് ഏപ്രിൽ രണ്ടിനകം അപേക്ഷിക്കണം.വെബ്സൈറ്റ് : www.lbscentre.kerala.gov.in. ഫോൺ: 04712560363, 364.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |