
തിരുവനന്തപുരം : സ്‌കൂൾ ഉച്ചഭക്ഷണത്തിന് സർക്കാർ പുതുക്കിയ നിരക്കും സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്ന് അദ്ധ്യാപകർ. പദ്ധതിക്കുള്ള തുക വർദ്ധിപ്പിക്കണമെന്നാണ് ഹെഡ്മാസ്റ്റർമാരുടെ ആവശ്യം.
എൽ.പി വിഭാഗത്തിന് ഒരു കുട്ടിക്ക് 6.19 രൂപയും യു.പി വിഭാഗത്തിന് 9.29 രൂപയുമാണ് പുതുക്കിയ നിരക്ക്. എൽ.പി വിഭാഗത്തിന് ആറ് രൂപയായിരുന്നിടത്ത് ഒരു കുട്ടിക്ക് വർദ്ധിപ്പിച്ചത് 19 പൈസയാണ്. 8.17 രൂപ ആയിരുന്നു യു.പി വിഭാഗത്തിന്റെ പഴയ നിരക്ക്.
3.71 രൂപ കേന്ദ്ര വിഹിതവും 2.48 സംസ്ഥാന വിഹിതവും അടങ്ങുന്നതാണ് എൽ.പി.വിഭാഗത്തിനുള്ള 6.19 രൂപ. യു.പി വിഭാഗത്തിന്റെ 9.29 രൂപയിൽ, 5.57 രൂപ കേന്ദ്രവിഹിതവും 3.72 രൂപ സംസ്ഥാന വിഹിതവുമാണ്. കേന്ദ്രനിരക്ക് ഡിസംബറിൽ പരിഷ്‌കരിച്ചതിനെത്തുടർന്നാണ് സംസ്ഥാനവും നിരക്ക് പുതുക്കിയത്.
പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ, പാചകവാതകം, സാധനങ്ങൾ എത്തിക്കുന്നതിനുള്ള കൂലി തുടങ്ങിയവ ഉൾപ്പെടെയുള്ള തുകയാണ് സർക്കാർ ഉച്ചഭക്ഷണ പദ്ധതിക്കായി നൽകുന്നത്.
ഇപ്പോഴത്തെ സാധനങ്ങളുടെ വിലയനുസരിച്ച് ഒരു കുട്ടിക്ക് 6.19 രൂപയ്ക്ക് ഉച്ചഭക്ഷണം എങ്ങനെ നൽകുമെന്ന് എൽ.പി സ്കൂൾ അദ്ധ്യാപകർ ചോദിക്കുന്നു. യു.പിക്ക് നൽകുന്ന 9.29 രൂപയും തീരെ അപര്യാപ്തമാണ്.
സാധനങ്ങളുടെയും പാചകവാതകത്തിന്റെയും ഇപ്പോഴത്തെ വിലയനുസരിച്ച് ഉച്ചഭക്ഷണ പദ്ധതിക്ക് തുക വർദ്ധിപ്പിക്കണമെന്ന്
കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്‌മാസ്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ ആവശ്യപ്പെട്ടു.
പോഷകാഹാരത്തിനും
തുക അപര്യാപ്തം
സംസ്ഥാനം ആവിഷ്കരിച്ച, മുട്ടയും പാലും അടങ്ങുന്ന പോഷകാഹാര പദ്ധതിക്കും തുക അപര്യാപ്തമാണ്. ഒരു ലിറ്ററിന് പാലിന് 58 രൂപ വിലയുള്ളപ്പോൾ സർക്കാർ നൽകുന്നത് 52 രൂപയാണ് .
മുട്ടയ്ക്ക് ആറ് രൂപയാണ് സർക്കാരിന്റെ വിഹിതം. എന്നാൽ വിപണിയിൽ ഏഴ് രൂപ വരെയാണ് ഒരു മുട്ടയ്ക്ക് വില.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |