SignIn
Kerala Kaumudi Online
Friday, 23 October 2026 10.03 AM IST

വെങ്ങാനൂർ പി.ഭാസ്‌കരൻ അന്തരിച്ചു

kova
വെങ്ങാനൂർ പി.ഭാസ്‌ക്കരൻ

കോവളം: നേമം മുൻ എം.എൽ.എയും,സി.പി.എം മുൻ ജില്ലാ കമ്മിറ്റി അംഗവുമായ നെല്ലിവിള വെണ്ണിയൂർ കുമാർ കോട്ടേജിൽ വെങ്ങാനൂർ പി.ഭാസ്‌ക്കരൻ (81) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വ്യാഴാഴ്‌ച പുലർച്ചെ ഒന്നോടെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നലെ വൈകിട്ട് മൂന്നരയോടെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ നടന്നു.

വിദ്യാർത്ഥിയായിരിക്കെ ആർ.എസ്.പിയിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തിയത്. 1996 മുതൽ അഞ്ച് വർഷക്കാലം നേമം എം.എൽ.എയായിരുന്ന അദ്ദേഹം 2001,2006 വർഷങ്ങളിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ജില്ലാ കൗൺസിൽ അംഗം, വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിലും ശ്രദ്ധേയമായ പ്രവർത്തനമാണ് നടത്തിയത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറി, ലോക്കൽ കമ്മിറ്റി സെക്രട്ടറി, ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, കർഷക സംഘം സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം,ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹത്തെ അനാരോഗ്യവും പ്രായക്കൂടുതലും കാരണം പിന്നീട് ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഭാര്യ:വിജയകുമാരി. മക്കൾ ഡോ.ബി.വി. രണകുമാർ(ജൂബിലി ആശുപത്രി), രഞ്ജിത് കുമാർ(അദ്ധ്യാപകൻ,വെങ്ങാനൂർ ഗേൾസ് എച്ച്.എസ്.എസ്).മരുമക്കൾ: ഡോ.രശ്മി ഡഗ്ലസ് (ഗവ.ജനറൽ ആശുപത്രി), എ.ആർ.രാധിക.(വെങ്ങാനൂർ വി.പി.എച്ച്.എസ്.എസ്.അദ്ധ്യാപിക).

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റണിരാജു, മുൻ മന്ത്രിമാരായ ഡോ.നീലലോഹിതദാസൻ നാടാർ,എൻ.ശക്തൻ, എം.വിജയകുമാർ, ജസ്റ്റിസ് എം. ആർ ഹരിഹരൻ നായർ, എം.എൽ.എമാരായ കടകംപളളി സുരേന്ദ്രൻ, സി.കെ.ഹരീന്ദ്രൻ, ഡി.കെ.മുരളി, ഐ.ബി.സതീഷ്, ഒ.എസ്.അംബിക, വി.ജോയി, കെ.ആൻസലൻ, എം.വിൻസെന്റ്, മുൻ എം.എൽ.എമാരായ . ജമീലാപ്രകാശം, ബി.സത്യൻ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ടി.എൻ.സീമ,ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ആനാവൂർ നാഗപ്പൻ,കോവളം ഏരിയ സെക്രട്ടറി പി. എസ് ഹരികുമാർ, നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി.മൻമോഹൻ,വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.ശ്രീകുമാർ, ജില്ലാപഞ്ചാത്തംഗം ഭഗത് റൂഫസ്, സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം പളളിച്ചൽ വിജയൻ, ജില്ലാസെക്രട്ടറി മാങ്കോട് രാധാകൃഷ്‌ണൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു മൃതദേഹം സി.പി.എം നേമം ഏരിയ കമ്മിറ്റി ഓഫീസ്, വെങ്ങാനൂർ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ പൊതുദർശനത്തിന് വച്ചു. സംസ്കാരത്തിന് ശേഷം നെല്ലിവിള ജംഗ്ഷനിൽ അനുശോചന യോഗം ചേർന്നു.

ഫോട്ടോ ക്യാപ്‌ഷൻ: വെങ്ങാനൂർ പി.ഭാസ്‌ക്കരൻ

Image Filename Caption

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA